അഭിമാന നേട്ടം; ലോക നേതാക്കളുടെ അപ്രൂവൽ റേറ്റിംഗിൽ ഒന്നാം സ്ഥാനം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ലോക നേതാക്കളുടെ അപ്രൂവൽ റേറ്റിംഗിൽ ഒന്നാം സ്ഥാനം നേടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. മോണിങ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസ് പ്രസിദ്ധീകരിക്കുന്ന പട്ടികയിലാണ് പ്രധാനമന്ത്രി ഒന്നാം സ്ഥാനത്തെത്തിയത്. 13 നേതാക്കൾ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 70 ശതമാനം അപ്രൂവൽ റേറ്റിങ് നേടിയാണ് മോദി പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാൻ, മെക്സിക്കോ, ദക്ഷിണ കൊറിയ, സ്പെയിൻ, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് നേതാക്കൾ.

സെപ്റ്റംബർ 2 ന് പ്രസിദ്ധീകരിച്ച അപ്ഡേറ്റ് അനുസരിച്ച് നരേന്ദ്ര മോദിയുടെ അപ്രൂവൽ റേറ്റിങ് 70 ശതമാനമാണ്. മെക്സിക്കൻ പ്രസിഡന്റ് ലോപ്പസ് ഓബ്റഡാറോയാണ് രണ്ടാം സ്ഥാനത്തുള്ളത്. അദ്ദേഹത്തിന്റെ റേറ്റിങ് 64 ശതമാനമാണ്. ജൂൺ മാസം പ്രധാനമന്ത്രി മോദിയുടെ അപ്രൂവൽ റേറ്റിങ് 66% ആയിരുന്നു. ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗിയാണ് മൂന്നാം സ്ഥാനത്തുള്ളത്. ജർമ്മൻ ചാൻസലർ ആംഗല മെർക്കലാണ് നാലാം സ്ഥാനം നേടിയത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് അഞ്ചാം സ്ഥാനത്തുള്ളത്. 48 ശതമാനമാണ് ഇദ്ദേഹത്തിന്റെ റേറ്റിങ്.

ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, കാനഡ പ്രധാനമന്ത്രി ട്രൂഡോ, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ എന്നിവരും പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗായാണ് ഈ റേറ്റിങിൽ ഏറ്റവും അവസാനമുള്ളത്. 25 ശതമാനമാണ് അദ്ദേഹത്തിന്റെ റേറ്റിങ്.