തിരുവനന്തപുരം: പാർട്ടിയുടെ കീഴിലുള്ള സഹകരണ സംഘങ്ങളെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ജില്ലാ കമ്മിറ്റികൾക്ക് നിർദ്ദേശം നൽകി സിപിഎം. ഈ മാസം 30 നകം സംസ്ഥാന സമിതിക്ക് റിപ്പോർട്ട് കൈമാറണമെന്നാണ് സിപിഎമ്മിന്റെ നിർദ്ദേശം. നിക്ഷിപ്ത താത്പര്യക്കാർ അഴിമതി കാട്ടുന്നുവെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജൂലൈ മാസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പാർട്ടിയുടെ കീഴിലുള്ള എല്ലാ സഹകരണ ബാങ്കുകളുടെയും പ്രവർത്തനങ്ങൾ പരിശോധിക്കണമെന്നാണ് പാർട്ടി കീഴ്ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഈ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.
കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതിയുടെ വിവരങ്ങൾ പുറത്തുവന്നതോടെയാണ് പാർട്ടി ഇത്തരമൊരു തീരുമാനമെടുത്തത്. കരുുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് അഞ്ചുവർഷത്തിനുള്ളിൽ നിക്ഷേപകർ 200 കോടി പിൻവലിച്ചതിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇത്ര ചെറിയ കാലയളവിൽ ഇത്രയേറെ നിക്ഷേപം പിൻവലിച്ചതിനു പിന്നിൽ ഭരണസമിതിക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നുണ്ട്.

