കശ്മീരിലെ സാഹോദര്യം തകർക്കാനാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമം; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ശ്രീനഗർ: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കശ്മീരിലെ സാഹോദര്യം തകർക്കാനാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി നേതൃത്വം ജമ്മു കശ്മീരിനെ ദുർബലപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിലെ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്യവെയാണ് രാഹുലിന്റെ പരാമർശങ്ങൾ. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി കശ്മീരിലെത്തിയത്.

കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞ സംസ്ഥാന പദവി ജമ്മു കശ്മീർ തിരിച്ചുപിടിക്കണമെന്ന് രാഹുൽ ഗാന്ധി പരിപാടിയിൽ ആവശ്യപ്പെട്ടു. താനൊരു കശ്മീരി പണ്ഡിറ്റാണെന്നും തന്റെ കുടുംബവും കശ്മീരി പണ്ഡിറ്റാണെന്നും അദ്ദേഹം വിശദമാക്കി. തന്റെ മാതാപിതാക്കൾക്ക് ജമ്മു കശ്മീരുമായി ദീർഘകാലത്തെ ബന്ധമുണ്ട്. മാതാ വൈഷ്ണോദേവി ക്ഷേത്രം സന്ദർശിച്ചതിന് പിന്നാലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയതു പോലെയാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം വിശദമാക്കി.

വെള്ളിയാഴ്ച്ച രാവിലെ കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘം തന്നെ വന്നുകണ്ടിരുന്നു. മുൻപ് കോൺഗ്രസ് അവർക്കായി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കിയതായും എന്നാൽ അധികാരത്തിലെത്തിയ ശേഷം ബിജെപി യാതൊന്നും ചെയ്തിട്ടില്ലെന്നും കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി അറിയിച്ചു. കശ്മീർ സഹോദരങ്ങൾക്കായി ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പുനൽകുന്നതായും രാഹുൽ ഗാന്ധി വിശദീകരിച്ചു.

കശ്മീരിന് തന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ട്. എന്നാൽ ഹൃദയം ഇപ്പോൾ വേദനിക്കുന്നു. ജമ്മുകശ്മീരിൽ ഒരു സഹോദര്യമുണ്ടായിരുന്നു. ബിജെപിയും ആർഎസ്എസും ഈ സഹോദര്യ ബന്ധം തകർക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.