നാർക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേൾക്കുകയാണ്; പ്രസ്താവനകൾ നടത്തുമ്പോൾ മതപരമായ ചേരിതിരിവുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാർക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേൾക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബഹുമാന്യനായ ഒരു പണ്ഡിതനും സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തി എന്ന നിലയിലും ചേരിതിരിവുണ്ടാകാതിരിക്കുകയാണ് പ്രസ്താവനകൾ നടത്തുമ്പോൾ പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഷപ്പ് ഇത്തരമൊരു പ്രസ്താവന നടത്തിയത് ഏത് സാഹചര്യത്തിലാണെന്നും ഉദ്ദേശിച്ചത് എന്താണെന്നും വ്യക്തമല്ല. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവർ ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ മതപരമായ ചേരിതിരിവുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. നാർക്കോട്ടിക് എന്ന വാക്കിന് ഏതെങ്കിലുമൊരു മതത്തിന്റെ നിറം ചാർത്തിക്കൊടുക്കേണ്ട കാര്യമില്ലെന്നും അതിന്റെ നിറം സാമൂഹിക വിരുദ്ധതയാണെന്നും മുഖ്യമന്ത്രി വിശദമാക്കി.

നാർക്കോട്ടിക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരു പ്രത്യേക സമുദായത്തെ മാത്രം ബാധിക്കുന്നതല്ല. സമൂഹത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നം എന്ന നിലയിൽ നിയമനടപടികൾ ശക്തമാക്കുകയാണ് ചെയ്തു വരുന്നത്. ഒരു മതവും മയക്കുമരുന്നിനെയോ അതിന്റെ ഉപയോഗത്തേയോ പ്രോത്സാഹിപ്പിക്കുന്നില്ല. നാർക്കോട്ടികുമായി ബന്ധപ്പെട്ട് എല്ലാ ജനവിഭാഗത്തിനും ആശങ്കയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും സജീവമാണെന്നായിരുന്നു പാലാ ബിഷപ്പ് മാർ ജേസഫ് കല്ലറങ്ങാട്ടിന്റെ പരാമർശം. ഇതിന് വേണ്ടി പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ മുസ്ലീം സംഘടനകൾ ഉയർത്തുന്നത്.