General (Page 1,417)

തിരുവനന്തപുരം: കേരളത്തിൽ നാർക്കോട്ടിക്‌സ് ജിഹാദ് പ്രവർത്തിക്കുന്നുണ്ടെന്ന പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ സമാധാന അന്തരീക്ഷവും മനുഷ്യർ തമ്മിലുള്ള പരസ്പര വിശ്വാസവും തകർക്കുന്ന ഒരു നീക്കവും പ്രസ്താവനകളും ഉണ്ടാകരുതെന്ന് സമുദായ, ആത്മീയ നേതാക്കളോട് വിനീതമായി അഭ്യർഥിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച തുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറ്റകൃത്യങ്ങൾക്ക് ജാതിയോ മതമോ ജെൻഡറോ ഇല്ല. കൊലപാതകങ്ങൾ, തീവ്ര നിലപാടുകൾ, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങി സാമൂഹിക മാദ്ധ്യമങ്ങളുടെ ദുരുപയോഗവും സത്രീകളെയും കുഞ്ഞുങ്ങളെയും ആക്രമിക്കുന്നതും വരെ എന്തെല്ലാം നീചവും ഭീകരവുമായ സംഭവ പരമ്പരകളാണ് ദിവസേന അരങ്ങേറുന്നത്. ജാതി തിരിച്ചും മതം നോക്കിയും ഇവയുടെ കണക്കെടുക്കുന്നതും ഏതെങ്കിലും സമുദായത്തിനു മേൽ കുറ്റം ചാർത്തുന്നതും ശരിയല്ല. അത് അക്ഷന്തവ്യമായ തെറ്റാണ് താനും. കടുത്ത മാനസിക വൈകല്യങ്ങൾക്ക് ജാതിയും മതവും നിശ്ചയിക്കുന്നത് വർണവിവേചനത്തിന് തുല്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവന അതിരുകടന്നതായിപ്പോയി. മതമേലദ്ധ്യക്ഷൻമാർ സംയമനവും ആത്മനിയന്ത്രണവും പാലിക്കണം. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങൾ സമൂഹത്തിൽ സ്പർദ്ധ വളർത്തും. വെല്ലുവിളികളെ നമുക്ക് ഒരുമിച്ച് നേരിടാം. അതിന് ആത്മീയ നേതൃത്വം വെളിച്ചം പകരണം, അല്ലാതെ കൂരിരുട്ട് പടർത്തുകയല്ല ചെയ്യേണ്ടത്. ഈ വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കുന്നതാണ് ഉചിതം. താഴേത്തട്ടിലേക്ക് കൊണ്ടുപോയി, പരസ്പരം ചെളിവാരിയെറിഞ്ഞ് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ബെയ്ജിംഗ്: അഫ്ഗാനിസ്താനിൽ രൂപീകരിച്ച താലിബാൻ സർക്കാരിന് പിന്തുണയുമായി ചൈന. താലിബാൻ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചടക്കിയതിന് ശേഷം ആദ്യമായാണ് ചൈന താലിബാന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. അഫ്ഗാനിൽ ക്രമസമാധാനം പുനസ്ഥാപിക്കാനും അരാജകത്വം അവസാനിപ്പിക്കാനും സർക്കാർ രൂപീകരണം അത്യാവശ്യമാണെന്നാണ് ചൈന പറയുന്നത്. അഫ്ഗാന്റെ അയൽ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ പങ്കെടുത്ത യോഗത്തിലായിരുന്നു ചൈനയുടെ പ്രതികരണം.

താലിബാൻ സർക്കാരിന് 3.1 കോടി ഡോളർ വിലവരുന്ന ധാന്യങ്ങളും വാക്സിനുകളും മരുന്നുകളും നൽകുമെന്നും ചൈന യോഗത്തിൽ ഉറപ്പു നൽകി. ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയാണ് ഇതുസംബന്ധിച്ച വാഗ്ദാനം നൽകിയത്. ചൈന കൂടുതൽ അടിയന്തര സാധന സാമഗ്രികൾ അഫ്ഗാനിസ്താന് നൽകുമെന്നും ചൈനയുടെ വിദേശകാര്യമന്ത്രി ഉറപ്പ് നൽകി. അതേസമയം ചൈന അനധികൃത മയക്കമരുന്ന് വ്യാപാരത്തെയും തീവ്രവാദി ഗ്രൂപ്പുകളെയും എതിർക്കുമെന്നും വാങ് യി പ്രതികരിച്ചു.

പാകിസ്താനാണ് യോഗം വിളിച്ചു ചേർത്തത്. ഇറാൻ, താജിക്കിസ്താൻ, തുർക്മെനിസ്താൻ, ഉസ്ബെക്കിസ്താൻ, ചൈന എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു. അതേസമയം ഇന്ത്യയ്ക്ക് യോഗത്തിലേക്ക് ക്ഷണം ലഭിച്ചില്ല. റഷ്യയും യോഗത്തിൽ നിന്നും വിട്ടു നിന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാനാണ് ആലോചിക്കുന്നതെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി കോവിഡ് വാക്സിനേഷൻ ക്യാമ്പുകൾ നടത്തുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും അവസാന വർഷ ബിരുദ പിജി ക്ലാസുകളാണ് ഒക്ടോബർ നാലു മുതൽ ആരംഭിക്കുക. ഒരു ക്ലാസിൽ ആകെയുള്ള വിദ്യാർത്ഥികളുടെ പകുതി വീതം വിദ്യാർത്ഥികൾക്കാവും ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ക്ലാസുകൾ നടത്തുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനായി പ്രത്യേക കർമ പരിപാടികൾ തയാറാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കോളജുകളിലെ പ്രാക്ടിക്കൽ ക്ലാസുകൾ ഉൾപ്പെടെയുള്ളവ നടത്താനും ലൈബ്രറി ഉപയോഗിക്കാനും ക്രമീകരണം ഒരുക്കും. ക്ലാസുകൾ ആരംഭിക്കുന്നതിന്റെ കൂടുതൽ ഒരുക്കങ്ങളുടെ ഭാഗമായി കോളജ് പ്രിൻസിപ്പൽമാരുടെ യോഗം ഇന്ന് രാവിലെ ചേരും. അവരുടെ കൂടി അഭിപ്രായം സ്വരൂപിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കും. എല്ലാവർക്കും ഒരു ഡോസ് വാക്സിൻ ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പുമായി ചേർന്ന് നടപ്പാക്കുമെന്നും ആർ ബിന്ദു വിശദമാക്കി.

കാബൂൾ: അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമാക്കി താലിബാൻ. അഫ്ഗാനിൽ സംഗീതോപകരണങ്ങൾ ഉൾപ്പെടെ താലിബാൻ തകർക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. അഫ്ഗാൻ പിടിച്ചടക്കിയതിന് പിന്നാലെ താലിബാൻ സംഗീതത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. ചില ചാനലുകൾ അവരുടെ വനിതാ ആങ്കർമാരെയും പിരിച്ചുവിടുകയും ചെയ്തിരുന്നു. ഫവദ് അന്ദരാബി എന്ന പ്രാദേശിക ഗായകനെ താലിബാൻ വധിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

താലിബാൻ ഭീകരർ സംഗീതോപകരണങ്ങൾ തകർത്തതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അതേസമയം കാബൂളിലെ നോർവീജിയൻ എംബസിയും താലിബാൻ പിടിച്ചടക്കി. താലിബാൻ ഭീകരർ എംബസി പിടിച്ചെടുത്തതിന് പിന്നാലെ മദ്യക്കുപ്പികൾ തകർത്തെറിഞ്ഞുവെന്നും എംബസിയിലുണ്ടായിരുന്നു കുട്ടികളുടെ പുസ്തകങ്ങളും താലിബാൻ ഭീകരവാദികൾ നശിപ്പിച്ചുവെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ന്യൂഡൽഹി: പോസ്റ്റ് ഡെവലൂഷൻ റവന്യൂ ഡെഫിസിറ്റ് (പിഡിആർഡി) ഗ്രാന്റിന്റെ ആറാമത് പ്രതിമാസ ഗഡു സംസ്ഥാനങ്ങൾക്കനുവദിച്ച് കേന്ദ്ര സർക്കാർ. 9,871.00 കോടി രൂപ ധനമന്ത്രാലയത്തിന്റെ ധനവിനിയോഗ വകുപ്പ് സംസ്ഥാനങ്ങൾക്കനുവദിച്ചത്.

നടപ്പ് സാമ്പത്തിക വർഷത്തിൽ ആകെ 59,226.00 കോടി രൂപയാണ് പിഡിആർഡി ഗ്രാന്റ് ഇനത്തിൽ അർഹതപ്പെട്ട സംസ്ഥാനങ്ങൾക്ക് ലഭിച്ചത്. 1657.58 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്.

2021-22 സാമ്പത്തിക വർഷത്തിൽ 17 സംസ്ഥാനങ്ങൾക്കായി ആകെ 1,18,452 കോടി രൂപയുടെ പിഡിആർഡി ഗ്രാന്റാണ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇതിൽ 50 ശതമാനം ഇതുവരെ കൈമാറി. 59,226.00 കോടി രൂപയാണ് ഇതുവരെ കൈമാറിയത്.

ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ സ്വത്തു വകകൾ വീണ്ടെടുക്കാനുള്ള നടപടികൾ ആരംഭിച്ച് ജമ്മു കശ്മീർ ഭരണകൂടം. കശ്മീരി പണ്ഡിറ്റുകൾക്ക് നഷ്ടപ്പെട്ട ഭൂമിയും വീടുകളും വീണ്ടെടുക്കുന്നതിനായുളള നടപടികൾ ത്വരിതപ്പെടുത്താനുളള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഇതിനായി ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ ഒരു പോർട്ടൽ ആരംഭിച്ചു.

കശ്മീരി പണ്ഡിറ്റുകൾ തങ്ങളുടെ പൂർവ്വികരുടെ ഭൂമിയെക്കുറിച്ചോ വീടിനെക്കുറിച്ചോ ഈ പോർട്ടലിലൂടെ വിവരം നൽകിയാൽ അടുത്ത 15 ദിവസത്തിനുള്ളിൽ നടപടികൾ ആരംഭിക്കുന്നതായിരിക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാശ്മീരി പണ്ഡിറ്റുകൾക്കായി ജമ്മു കശ്മീർ മൈഗ്രന്റ് ഇമ്മുവബിൾ പ്രോപ്പർട്ടി ആക്ട് പൂർണ്ണമായി നടപ്പാക്കാൻ ജമ്മു കാശ്മീർ ഭരണകൂടം ഉത്തരവിട്ട് ഏകദേശം ഒരു മാസം പിന്നിടാനൊരുങ്ങുന്നവെയാണ് പുതിയ നടപടി.

1990 കളിൽ ഭീകരരെ ഭയന്ന് നിരവധി കശ്മീരി പണ്ഡിറ്റുകൾ സ്വന്തം വീടും സ്വത്തുവകകളും ഉപേക്ഷിച്ച് പലായനം ചെയ്തിരുന്നു. ഏകദേശം അറുപതിനായിരത്തിലധികം പേര ഇത്തരത്തിൽ കശ്മീരിൽ നിന്നും പലായനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ചിലർ തങ്ങളുടെ ഭൂമിയും വീടും തുച്ഛമായ വിലയ്ക്ക് വിറ്റ ശേഷമാണ് കശ്മീരിൽ നിന്നും പലായനം ചെയ്തത്. പുതുതായി തുറന്ന പോർട്ടലിൽ ഇതുവരെ 745 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുളളതായാണ് ദേശീയ മാദ്ധ്യമങ്ങൾ പറയുന്നത്.

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്ന് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ. ശമ്പളം നൽകാൻ ഉൾപ്പടെ മാസം 100 കോടിയോളം രൂപയാണ് സർക്കാരിനോട് അഭ്യർത്ഥിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയിൽ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്നും അധികമുള്ള ജീവനക്കാർക്ക് പകുതി ശമ്പളം നൽകി ദീർഘകാല അവധി നൽകുന്ന കാര്യം പരിഗണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

നയപരമായ ഈ വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കണം. സാമ്പത്തിക അച്ചടക്കം കെഎസ്ആർടിസിക്ക് അനിവാര്യമാണ്. 4800 ബസുകൾ പ്രതിദിനം സർവ്വീസ് നടത്തിയിരുന്ന സ്ഥാനത്ത് നിലവിൽ 3300 ത്തിൽ താഴെ ബസുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. ചെലവിന് ആനുപാതികമായുള്ള വരുമാനം കണ്ടെത്താൻ കഴിയുന്നില്ല. വരുമാനത്തിന്റെ ഭൂരിഭാഗവും ഇന്ധനച്ചലവിന് നീക്കിവെക്കേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം വിശദമാക്കി.

51.04 കോടി രൂപയാണ് ജൂലൈ മാസത്തെ കെഎസ്ആർടിസിയുടെ വരുമാനം. 43.70 കോടി രൂപയാണ് ഡീസൽ ചെലവ്. ഓഗസ്റ്റിൽ 75.71 കോടി രൂപയാണ് വരുമാനം. ഓഗസ്റ്റ് മാസത്തെ ഡീസൽ ചിലവ് 53.33 കോടി രൂപയാണ്. വളരെയധികം ജീവനക്കാർ അധികമായി നിൽക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ അധികമുള്ള സ്റ്റാഫിനെ പിരിച്ചു വിടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അല്ലെങ്കിൽ 50 ശതമാനം ശമ്പളം കൊടുത്ത് ഒരു വർഷം മുതൽ അഞ്ച് വർഷം വരെ ദീർഘകാല അവധി നൽകാമെന്ന നിർദ്ദേശം സർക്കാരിന് മുന്നിൽ വെയ്ക്കും. നയപരമായ ഈ വിഷയം സർക്കാർ തലത്തിൽ തീരുമാനിക്കുന്ന പക്ഷം അത് അനുസരിച്ച് മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.

ചെലവ് കുറയ്ക്കാതെ മുന്നോട്ട് പോകാനാകാത്ത സാഹചര്യമാണ്. അംഗീകൃത ട്രേഡ് യൂണിയിനുകളുമായി നടത്തിയ ചർച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെഎസ്ആർടിസി നിലവിൽ നേരിട്ടിരിക്കുന്ന പ്രതിസന്ധി മറികടക്കാൻ സാമ്പത്തിക അച്ചടക്കം അനിവാര്യമാണ്. വിവിധ സ്ഥലങ്ങളിൽ നിന്നും പുതിയതായി സർവ്വീസ് ആരംഭിക്കണമെന്നുള്ള ആവശ്യം നിരന്തരം ഉണ്ടാകുന്നു. ഉച്ച സമയത്ത് യാത്രക്കാർ ഇല്ലാതെയാണ് പല സർവ്വീസുകളും നടത്തുന്നത്. വരുമാനമില്ലാത്ത സർവ്വീസുകൾ ഒഴിവാക്കിയാലേ ഇനി പിടിച്ച് നിൽക്കാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ അക്രമം അവസാനിപ്പിക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടി. അഫ്ഗാനിസ്താനിൽ ചർച്ചകളിലൂടെ സമാധാനാന്തരീക്ഷവും സ്ഥിരതയും ഉറപ്പാക്കണമെന്ന് ബ്രിക്സ് ഉച്ചകോടി ആവശ്യപ്പെട്ടു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലാണ് ബ്രിക്‌സ് ഉച്ചകോടി നടന്നത്.

ന്യൂഡൽഹി പ്രഖ്യാപനത്തിന് ഉച്ചകോടി പിന്തുണ അറിയിച്ചു. അഫ്ഗാനിസ്താൻ താവളമാക്കാനുള്ള ഭീകരരുടെ ശ്രമങ്ങൾ തടയണമെന്നാണ് നേതാക്കളുടെ ആവശ്യം. കാബൂൾ വിമാനത്താവളത്തിൽ നടന്ന ഭീകരാക്രമണത്തെ ഉച്ചകോടി അപലപിക്കുകയും ചെയ്തു.

അഫ്ഗാൻ മണ്ണിൽ നിന്ന് മറ്റ് രാജ്യങ്ങൾക്ക് നേരേ ആക്രമണങ്ങൾ ഉണ്ടാകരുതെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു. അഫ്ഗാൻ മണ്ണിൽ തീവ്രവാദം ശക്തിപ്പെടുന്നത് അയൽരാജ്യങ്ങൾക്ക് ഭീഷണിയാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ വ്യക്തമാക്കി. ഭീകരർക്ക് പണവും മറ്റ് സംവിധാനങ്ങളും ഒരുക്കുന്നതിനെതിരെ പോരാടാൻ അഫ്ഗാൻ സജ്ജമാകണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.

അഫ്ഗാനിസ്താനിൽ ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം അമേരിക്കയും സഖ്യസേനയും പിൻവാങ്ങിയതാണെന്നും പുടിൻ പറഞ്ഞു. ഇത് ഏത് തരത്തിലാകും ലോകത്തെ ബാധിക്കുകയെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം വിശദമാക്കി. അഫ്ഗാനിൽ സമാധാനം നിലനിർത്താൻ രാജ്യത്തിനുള്ളിൽ തന്നെ ചർച്ചകളും സംവാദങ്ങളുമുണ്ടാകണമെന്നും ബ്രിക്സ് ഉച്ചകോടിയിൽ ആവശ്യം ഉയർന്നു. ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ രാഷ്ട്രതലവൻമാരാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.

covid

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്ന സംസ്ഥാനം കേരളം. കഴിഞ്ഞ ദിവസം 43,401 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയതത്. ഇതിൽ 30196 പേരും കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യയിലും കേരളം മുൻനിരയിൽ തന്നെയാണ്.

22,001 പേർക്കാണ് കോവിഡ് ബാധയെ തുടർന്ന് കേരളത്തിൽ ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. കേരളത്തിൽ കഴിഞ്ഞ രണ്ടര മാസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചവരിൽ 90% പേർ ഒരു ഡോസ് വാക്സിൻ പോലും എടുക്കാത്തവരാണെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ജില്ലാതലത്തിൽ റിപ്പോർട്ട് ചെയ്തു തുടങ്ങിയശേഷം, ജൂൺ 18 മുതൽ സെപ്റ്റംബർ 3 വരെ കോവിഡ് ബാധിച്ചു മരിച്ച 9195 പേരിൽ വാക്സിൻ എടുത്തിരുന്നത് 905 പേർ (9.84%) മാത്രമാണെന്നാണ് റിപ്പോർട്ടുകൾ. വാക്സിൻ എടുത്തവരിലെ മരണനിരക്ക് ആരോഗ്യവകുപ്പ് കണക്കാക്കുന്നത് ആദ്യമായാണ്. 45 വയസ്സിനു മുകളിലുള്ള 92% പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയെന്നാണ് സർക്കാരിന്റെ കണക്ക്. എന്നാൽ പ്രായാധിക്യവും ഗുരുതര രോഗങ്ങളുമുള്ള ഒട്ടേറെപ്പേർ ഇപ്പോഴും കുത്തിവയ്പ് എടുത്തിട്ടില്ലെന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്.

വാക്സിൻ എടുക്കാത്ത മറ്റ് രോഗങ്ങളുള്ളവർ ജാഗ്രത പാലിക്കണമെന്നുമുള്ള സൂചന കൂടിയാണ് ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. വാക്സിൻ എടുത്തശേഷം കോവിഡ് വന്നു മരിച്ചവരിൽ ഏതാണ്ട് 700 പേർ ഒരു ഡോസ് മാത്രം എടുത്തവരാണ്. മരിച്ചവരിൽ ഏതാണ്ട് 200 പേരാണ് 2 ഡോസും എടുത്തിരുന്നത്. ഇവരിൽ ഭൂരിഭാഗവും മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവരായിരുന്നു.

ന്യൂഡൽഹി: വ്യോമസേനയുടെ എസി 130 ജെ സൂപ്പർ ഹെർക്കുലീസ് യാത്രാ വിമാനം അടിയന്തരമായി ഇറക്കി. രാജസ്ഥാനിലെ ബാർമറിലെ ദേശീയ പാതയിലാണ് വ്യോമസേനാ വിമാനം അടിയന്തരമായി ഇറങ്ങിക്കിയത്. രണ്ട് കേന്ദ്ര മന്ത്രിമാർ, എയർ ചീഫ് മാർഷൽ എന്നിവരുമായാണ് വ്യോമസേനാ വിമാനം ഇറങ്ങിയത്. സേനയുടെ മോക്ക് ഡ്രില്ലിന്റെ ഭാഗമായിരുന്നു അടിയന്തര ‘ഫീൽസ് ലാൻഡിങ് നടത്തിയത്. സി 130 ജെ സൂപ്പർ ഹെർക്കുലീസിനു പിന്നാലെ ജോഗർ, സുഖോയ് എസ്യു30 എംകെഐ എന്നീ വിമാനങ്ങളും നിലത്തിറങ്ങുകയും പിന്നീട് പറന്നുയരുകയും ചെയ്തു. അടിയന്തര സാഹചര്യങ്ങളിൽ റോഡുകൾ എയർ സ്ട്രിപ്പുകളാക്കി മാറ്റുന്നതിനുള്ള പരീക്ഷണമാണ് രാജസ്ഥാനിൽ നടന്നത്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി, എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. സാധാരണ കാറുകളും ട്രക്കുകളുമൊക്കെ കാണുന്ന വഴിയിൽ ഇപ്പോൾ വിമാനങ്ങൾ കാണാമെന്നും വളരെ പ്രധാനപ്പെട്ട മുന്നേറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു. 1971 ൽ യുദ്ധം നടന്ന സ്ഥലമാണിത്. തൊട്ടടുത്താണ് അതിർത്തി. ഇന്ത്യയുടെ അഖണ്ഡതയെയും സമഗ്രതയെയും സംരക്ഷിക്കാൻ എപ്പോഴും സജ്ജമായിരിക്കും. യുദ്ധത്തിനു മാത്രമല്ല, ക്ഷേമ പ്രവർത്തനങ്ങൾക്കും സുരക്ഷാ ദൗത്യങ്ങൾക്കും കൂടി വേണ്ടിയാണ് ഹെലിപാഡുകൾ നിർമ്മിച്ചിരിക്കുന്നത്. കോവിഡ് പോലെയുള്ള പ്രകൃതി ദുരന്തങ്ങളും യുദ്ധ സമാനം തന്നെയാണ്. യുദ്ധമായാലും പ്രകൃതി ദുരന്തമായാലും വ്യോമസേന എപ്പോഴും ഒപ്പമുണ്ടാകുമെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചർത്തു.

വിമാനങ്ങൾ റോഡിൽ സുരക്ഷിതമായി ഇറങ്ങുന്നതും പറന്നുയരുന്നതും ദൃശ്യങ്ങൾ വ്യോമസേന പങ്കുവെച്ചിട്ടുണ്ട്. ആഗ്ര ലഖ്നൗ എക്‌സ്പ്രസ് പാത അടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള 12 ഹൈവേകൾ അടിയന്തര എയർ സ്ട്രിപ്പുകളാക്കി മാറ്റാൻ സാധിക്കുമെന്നു സ്ഥിരീകരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.