തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഇനി മുതൽ അടിയന്തര ഘട്ടങ്ങളിൽ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമായിരിക്കും ആന്റിജൻ പരിശോധന നടത്തുക. ആദ്യ ഡോസ് വാക്സിനേഷൻ നിരക്ക് 90 ശതമാനത്തിൽ എത്തുന്നതിനാലാണ് ആന്റിജൻ പരിശോധന നിർത്തലാക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് 65 വയസിനു മുകളിലുള്ള വാക്സിൻ സ്വീകരിക്കാത്തവരെ കണ്ടെത്തി വാക്സിൻ നൽകാൻ പ്രത്യേക ഡ്രൈവ് നടത്താനും കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു.
കോവിഡ് വാക്സിൻ സ്വീകരിക്കാത്തവരിലാണ് മരണ നിരക്ക് കൂടുതലെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ പൊതു ബോധവത്കരണ നടപടികൾ ശക്തമാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സെപ്റ്റംബർ 18 വരെ വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 88.94 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും (2,37,55,055), 36.67 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (97,94,792) നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (9,38,371). 45 വയസിൽ കൂടുതൽ പ്രായമുള്ള 95 ശതമാനത്തിലധികം ആളുകൾക്ക് ഒറ്റ ഡോസും 55 ശതമാനം പേർക്ക് രണ്ട് ഡോസും വാക്സിനേഷൻ സംസ്ഥാനം നൽകിയിട്ടുണ്ട്.

