തിരുവനന്തപുരം: സംസ്ഥാനത്തെ നാല് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. സംശയകരമായ സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണം. ഇൻസ്പെക്ടർ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെയാണ് അന്വേഷണം നടത്തുന്നത്.
എറണാകുളം ജില്ലയിലെ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്എച്ച്ഒ. സുരേഷ്കുമാർ, എഎസ്ഐ ജേക്കബ്, സിപിഒ ജ്യോതി ജോർജ്ജ്, കൊടകര എസ്എച്ച്ഒ അരുൺ ഗോപാലകൃഷ്ണൻ എന്നിവരുടെ ഇടപാടുകൾ സംശയകരമെന്നാണ് ഇഡിയുടെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. സംസ്ഥാന പോലീസിലെ പല ഉദ്യോഗസ്ഥരും നിയമ വിരുദ്ധമായി സ്വത്തുക്കൾ വാങ്ങിക്കൂട്ടുന്നതായുള്ള പരാതികൾ ഉയർന്നിരിക്കുന്നത്.
ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിശദ വിവരങ്ങൾ ആവശ്യപ്പെട്ട് ഡെപ്യൂട്ടി ഡയറക്ടർ പോലീസ് മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും എൻഫോഴ്സ്മെന്റ് കത്തുനൽകിയിട്ടുണ്ട്. കത്തിൽ സൂചിപ്പിച്ചിരിക്കുന്ന പേരുകാർക്കെതിരെ എന്തെങ്കിലും കേസുകളുണ്ടെങ്കിലോ, കള്ളപ്പണവുമായി ബന്ധപ്പെട്ട ഇടപാടുകളുണ്ടെങ്കിലോ ഉടൻ അറിയിക്കാണമെന്നാണ് എൻഫോഴ്സ്മെന്റ് നൽകിയിരിക്കുന്ന നിർദ്ദേശം. സംസ്ഥാന വിജിലൻസും പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം തുടങ്ങി. ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരിൽ തുടങ്ങി താഴേത്തലത്തിൽ വരെയുള്ള ഉദ്യോഗസ്ഥർമാർ വരെ അഴിമതി നടത്തുന്നതായുള്ള പരാതികളാണ് ലഭിച്ചിരിക്കുന്നത്.

