ഭവന രഹിതരായ മുഴുവൻ പേർക്കും വീട് ലഭ്യമാക്കുന്നതിനായി പുതിയ ഭവന നയം രൂപീകരിക്കും; കെ രാജൻ

k rajan

കോഴിക്കോട്: കേരളത്തിലെ ഭവന രഹിതരായ മുഴുവൻ പേർക്കും വീട് ലഭ്യമാക്കുന്നതിനായി പുതിയ ഭവന നയം രൂപീകരിക്കും. റവന്യു- ഭവന നിർമ്മാണ മന്ത്രി കെ.രാജനാണ് ഇക്കാര്യം അറിയിച്ചത്. സർക്കാർ ജീവനക്കാർക്കും മുതിർന്ന ഓഫീസർമാർക്കും താമസ സൗകര്യമൊരുക്കുന്ന പദ്ധതിയുടെ ശിലാഫലകം അനാഛാദനവും പ്രവൃത്തി ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാനത്ത് നിരവധി പേർക്കാണ് ഇന്നും സ്വന്തമായി ഭൂമിയും വീടുമില്ലാത്തത്. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഹൗസിംഗ് ബോർഡിന്റെ ഭൂമി ഏറ്റവും പ്രയോജനനകരമായ രീതിയിൽ പാവപ്പെട്ടവർക്കും ഉപയോഗപ്പെടുത്താനാവശ്യമായ നടപടിയെടുക്കുമെന്നും കേരളത്തിൽ ഡിജിറ്റൽ സർവ്വേ വേഗത്തിൽ നടപ്പാക്കുന്നതോടെ നിലവിലെ കയ്യേറ്റഭൂമികളും അനധികൃത കൈവശഭൂമികളും കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ സർവേക്കായി 807 കോടി രൂപയാണ് ചെലവഴിക്കുന്നത്. 87 വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടത്തിയിട്ടുണ്ട്. യുണീക്ക് തണ്ടപ്പേർ സമ്പ്രദായം നടപ്പാകുന്നതോടെ ഒരു വ്യക്തിക്ക് എവിടെയൊക്കെ ഭൂമിയുണ്ട് എന്നത് കണ്ടെത്താൻ എളുപ്പമാകും. ഇത് വിപ്ലവകരമായ മാറ്റമാണ് ഉണ്ടാക്കുക. കുടിയേറ്റക്കാരും കയ്യേറ്റക്കാരും രണ്ടും വ്യത്യസ്തമാണെന്നും ഇത് രണ്ടും രണ്ടായി തന്നെയാണ് കാണുന്നതെന്നും അദ്ദേഹം വിശദമാക്കി.

അന്യാധീനപ്പെട്ട മുഴുവൻ ഭൂമിയും തിരിച്ചെടുക്കും. പട്ടയമേളയിലൂടെ 13,530 പേരാണ് ഭൂവുടമകളായി മാറിയത്. ഇത് ചരിത്രനേട്ടമാണ്. കഴിഞ്ഞ 5 വർഷത്തെ പ്രവർത്തനങ്ങളും മാതൃകാപരമായിരുന്നു. ഫയൽ അദാലത്ത് ഒക്ടോബർ മാസത്തിൽ നടക്കുന്നതോടെ വർഷങ്ങളായി തീർപ്പാകാതെ കെട്ടിക്കിടന്ന ഫയലുകളിൽ തീരുമാനമാകും. കേരളത്തിലെ വില്ലേജ് ഓഫീസുകൾ മുഴുവനായും ഡിജിറ്റലിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വടകരയിൽ 28 കോടി രൂപ ചെലവിൽ റവന്യു ടവർ നിർമിക്കുക വഴി സർക്കാരിന്റെ നിരവധി സേവനങ്ങൾ ഒറ്റ ക്കുടക്കീഴിലായി മാറും. പുതിയ കെട്ടിടങ്ങൾക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാറിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാന ഭവന നിർമ്മാണ ബോർഡ് മെഡിക്കൽ കോളജിനടുത്ത് ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കോവൂർ – ഇരിങ്ങാടൻ പളളി റോഡിന് സമീപം സർക്കാർ ഉദ്യോഗസ്ഥർക്കായി ഒരുക്കുന്ന പാർപ്പിട പദ്ധതിക്കാണ് മന്ത്രി തറക്കല്ലിട്ടത്. നാല് കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്.ഒരു വർഷം കൊണ്ട് ക്വാർട്ടേഴ്സ് പണി പൂർത്തിയാകും. ഫ്ളാറ്റുകൾ മിതമായ വാടകയിൽ നിശ്ചിത കാലത്തേക്ക് ഉദ്യോഗസ്ഥർക്ക് അനുവദിക്കുകയാണ് ലക്ഷ്യം. ഉദ്യോഗസ്ഥരായ 151 വനിതകൾക്ക് കുറഞ്ഞ ചെലവിൽ വാടകക്ക് താമസ സൗകര്യമുള്ള കെ.എസ്.എച്ച്.ബി വർക്കിംഗ് വിമെൻസ് ഹോസ്റ്റലിന് സമീപത്താണ് ഈ പദ്ധതിയും നടപ്പാക്കുന്നത്.