ശോഭനാ ജോർജ് ഖാദി ബോർഡ് വൈസ് ചെയർപഴ്‌സൺ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: ശോഭനാ ജോർജ് ഖാദി ബോർഡ് വൈസ് ചെയർപഴ്‌സൺ സ്ഥാനം രാജിവച്ചു. പാർട്ടി നിർദ്ദേശ പ്രകാരമാണ് രാജിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ശോഭനാ ജോർജ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി. മൂന്നര വർഷമായി ചെയ്യാനുള്ള കാര്യങ്ങൾ ചെയ്തതിനാലാണ് രാജിയെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്നും ശോഭനാ ജോർജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

കോൺഗ്രസ് നേതാവും എംഎൽഎയുമായിരുന്ന ശോഭനാ ജോർജ് 2018 ലാണ് എൽഡിഎഫിന്റെ ഭാഗമാകുന്നത്. പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളെ തുടർന്നാണ് ശോഭന സിപിഎമ്മിലെത്തിയത്. 1991, 1996, 2001 വർഷങ്ങളിൽ ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ച് ശോഭനാ ജോർജ് നിയമസഭയിലെത്തിയിട്ടുണ്ട്. കെ. കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോൾ കോൺഗ്രസ് വിട്ട ശോഭനാ ജോർജ് പിന്നീട് തിരിച്ചെത്തി. ചെങ്ങന്നൂരിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി പി. സി. വിഷ്ണുനാഥിനെതിരെ മത്സരിച്ചിട്ടുണ്ട്.