ഹൈദരാബാദ്: തെലങ്കാനയിൽ 2400 കോടിയുടെ നിക്ഷേപ പദ്ധതികളിൽ കിറ്റെക്സ് ഒപ്പുവെച്ചു. രണ്ട് പദ്ധതികളിലാണ് കിറ്റെക്സ് ഗ്രൂപ്പും തെലങ്കാന സർക്കാരും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. വാറങ്കലിൽ മെഗാ ടെക്സ്‌റ്റൈൽസ് പാർക്ക്, ഹൈദരാബാദിലെ ഇൻഡസ്ട്രിയൽ പാർക്ക് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിലെ വ്യവസായം ആരംഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. തെലങ്കാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജനും കിറ്റെക്സ് എംഡിയുമാണ് കരാറിൽ ഒപ്പുവെച്ചത്.
തെലങ്കാനയിലെ വ്യവസായത്തിന് സംസ്ഥാന സർക്കാർ പൂർണ പിന്തുണ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഒരു വർഷത്തിനുള്ളിൽ പദ്ധതി ആരംഭിക്കുമെന്നും കിറ്റെക്സ് എംഡി സാബു ജേക്കബ് അറിയിച്ചു. 22,000 പേർക്ക് നേരിട്ടും 18,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുന്നതാണ് പദ്ധതി. 40,000 തൊഴിലവസരങ്ങളിൽ 85 ശതമാനവും വനിതകൾക്കായിരിക്കും ലഭിക്കുക.
കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറിയതിന് പിന്നാലെയാണ് കിറ്റെക്സ് ഗ്രൂപ്പിന് തെലങ്കാനയിലേക്ക് ക്ഷണം ലഭിച്ചത്. കേരളത്തിൽ വിവിധ സർക്കാർ വകുപ്പുകൾ കിറ്റെക്സിൽ തുടർച്ചയായി നടത്തിയ പരിശോധനകളിൽ പ്രതിഷേധിച്ചാണ് കിറ്റെക്സ് ഗ്രൂപ്പ് കേരളത്തിലെ 3500 കോടിയുടെ നിക്ഷേപം പിൻവലിച്ചത്. കേരളത്തിൽ വ്യവസായ അനുകൂലമന്തരീക്ഷമില്ലെന്ന് വ്യക്തമാക്കിയാണ് സാബു ജേക്കബ് നിക്ഷേ പദ്ധതികൾ പിൻവലിച്ചത്.
അപ്പാരൽ പാർക്കും മൂന്ന് വ്യവസായ പാർക്കും തുടങ്ങാനായിരുന്നു സർക്കാരും കിറ്റെക്സുമായി ധാരണാ പത്രത്തിൽ ഏർപ്പെട്ടിരുന്നത്. അനാവശ്യമായി പരിശോധനകൾ നടത്തി വ്യവസായത്തെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് കേരളാ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് കിറ്റെക്സ് ആരോപിച്ചിരുന്നത്.

