ചടങ്ങ് അവസാനിച്ചു; രാജ്യത്തെ വാക്‌സിനേഷൻ കുത്തനെ കുറഞ്ഞതിൽ കേന്ദ്ര സർക്കാരിനെതിരെ പരിഹാസവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് വാക്‌സിനേഷനിൽ റെക്കോർഡ് നേട്ടം കൈവരിച്ചതിന് തൊട്ടുപിന്നാലെ രാജ്യത്തെ വാക്‌സിനേഷൻ കുത്തനെ കുറഞ്ഞതിലാണ് കേന്ദ്ര സർക്കാരിനെതിരെ പരിഹാസവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനമായിരുന്ന വെള്ളിയാഴ്ച രാജ്യത്ത് 2.5 കോടി ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. രാജ്യം റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു. ഇതിന് പിന്നാലെ രാജ്യത്തെ വാക്‌സിനേഷൻ നിരക്ക് കുറഞ്ഞതിനെയാണ് രാഹുൽ ഗാന്ധി വിമർശിച്ചത്.

ചടങ്ങ് അവസാനിച്ചു എന്ന അടിക്കുറിപ്പോടെ രാജ്യത്ത് കഴിഞ്ഞ പത്ത് ദിവസം വിതരണം ചെയ്ത വാക്‌സിനേഷൻ നിരക്കിന്റെ ഗ്രാഫ് ഉൾപ്പെടെ പങ്കുവെച്ചു കൊണ്ടാണ് രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ.

നരേന്ദ്ര മോദിയുടെ പിറന്നാൽ ദിനത്തിൽ മാത്രം വാക്‌സിനേഷൻ കുത്തനെ വർധിക്കുകയും അതിന് മുൻപും ശേഷവുമുള്ള ദിവസങ്ങളിൽ വാക്‌സിനേഷൻ കുറഞ്ഞുവെന്നും രാഹുൽ ഗാന്ധി ആരോപിക്കുന്നു. മോദിയുടെ പിറന്നാൾ ദിനത്തിലേതിന് സമാനമായി ഉയർന്ന തോതിലുള്ള വാക്‌സിനേഷൻ തുടർദിവസങ്ങളിലും വേണമെന്നും ഇത്തരത്തിൽ ഉയർന്ന വാക്‌സിനേഷനാണ് രാജ്യത്ത് വേണ്ടതെന്നും നേരത്തെ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.