എൽഡിഎഫും യുഡിഎഫും കേരളത്തിൽ തീവ്രവാദം വളരുന്നതിന് സഹായിക്കുന്നു; വിമർശനവുമായി അൽഫോൺസ് കണ്ണന്താനം

തിരുവനന്തപുരം: ഇടതു വലതു മുന്നണികൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. എൽഡിഎഫും യുഡിഎഫും കേരളത്തിൽ തീവ്രവാദം വളരുന്നതിന് സഹായിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത 5-10 വർഷത്തിനുള്ളിൽ കേരളം മറ്റൊരു അഫ്ഗാനിസ്താനായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് വലിയ തോതിലാണ് താലിബാനിസം വളരുന്നത്. കഴിഞ്ഞ 25 വർഷത്തോളമായി കേരളത്തിലെ പല ഭാഗങ്ങളിലും ഇത് ഉയർന്നു വരുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീകരസംഘടനകളുടെ പ്രധാന റിക്രൂട്ടിങ് കേന്ദ്രമായി കേരളം മാറിയെന്ന മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ പരാമർശവും അദ്ദേഹം ഓർമ്മിപ്പിച്ചു.

നാർക്കോട്ടിക്സ് ജിഹാദ് പരമാർശത്തിന് ശേഷം ക്രിസ്ത്യൻ വിഭാഗക്കാർക്കും പാലാ ബിഷപ്പിനും സുരക്ഷ നൽകണമെന്നും വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നും ബിജെപി ജനറൽ സെക്രട്ടറി ജോർജ് കുര്യനും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അൽഫോൺസ് കണ്ണന്താനം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.