തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷിത സ്‌കൂൾ യാത്രയ്ക്ക് മാർഗ രേഖ പുറത്തിറക്കി സർക്കാർ. മാർഗരേഖയുടെ പകർപ്പ് എല്ലാ സ്‌കൂളുകൾക്കും നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. സ്‌കൂൾ ബസുകളിൽ നിന്ന് യാത്ര അനുവദിക്കില്ലെന്നാണ് മാർഗ നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിരിക്കുന്നത്. സ്‌കൂളുകൾ ആവശ്യപ്പെട്ടാൽ കെഎസ്ആർടിസി ബോണ്ട് സർവീസ് നടത്തുമെന്നും മാർഗ രേഖയിൽ പറയുന്നു.
അതേസമയം സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പട്ടികയിൽ അപേക്ഷകരിൽ പകുതി പേർക്കും ഇടം ലഭിച്ചിട്ടില്ല. 4,65,219 അപേക്ഷകരിൽ 2,18,418 പേർ മാത്രമാണ് ആദ്യ അലോട്ട്‌മെന്റ് പട്ടികയിലുള്ളത്. 52,718 സീറ്റുകളാണ് മെറിറ്റ് സീറ്റിൽ അവശേഷിക്കുന്നത്. നാളെ മുതൽ പ്രവേശന നടപടികൾ ആരംഭിക്കും. നാളെ രാവിലെ ഒൻപത് മുതൽ ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം.
കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വേണം പ്രവേശന നടപടികൾ നടത്തേണ്ടതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവർക്ക് ട്രയൽ അലോട്ട്‌മെന്റിൽ തന്നെ ഇഷ്ടമുള്ള വിഷയത്തിൽ പ്രവേശനം കിട്ടാത്തതിന്റെ ആശങ്കയ്ക്കിടെയാണ് അഡ്മിഷൻ നടപടികൾ ആരംഭിക്കുന്നത്.