കോഴിക്കോട്: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി കോഴിക്കോട് ചേർന്ന മുസ്ലീം മത സംഘടനകളുടെ യോഗം. നാർക്കോട്ടിക്‌സ് പരാമർശം പിൻവലിക്കണമെന്നാണ് യോഗം ആവശ്യപ്പെടുന്നത്. കേരളത്തിന്റെ മതസൗഹാർദം നഷ്ടപ്പെടുത്തുന്ന ഒരു പ്രസ്താവനയും ശരിയല്ലെന്നും ഇത്തരം സംഭവങ്ങളുണ്ടാവുമ്പോൾ സർക്കാർ നോക്കിനിൽക്കാൻ പാടില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ഇതിനെതിരെ ശക്തമായ നടപടികളും ഇടപെടലും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയത്തിൽ സർവ കക്ഷിയോഗം വിളിക്കാൻ സർക്കാർ തയ്യാറായത് സ്വാഗതാർഹമാണ്. വിവാദ പ്രസ്താവന നടത്തിയിട്ടും വളരെ പക്വതയോടെയാണ് മുസ്ലീം സംഘടനകൾ വിഷയത്തിൽ പ്രതികരിച്ചതെന്ന് യോഗത്തിന് ശേഷം ഇ.ടി മുഹമ്മദ് ബഷീർ അറിയിച്ചു. ഇത് ഏറെ സ്വാഗതാർഹമാണെന്നും സർക്കാരിന്റെ നിസ്സംഗതയിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സമസ്ത, കെ.എൻ.എം, ജമാഅത്തെ ഇസ്ലാമി, ജംഇയ്യത്തുൽ ഉലമ, എം.എസ്.എസ്, എം.ഇ.എസ്., തുടങ്ങിയ സംഘടനകളാണ് യോഗത്തിൽ പങ്കെടുത്തത്. അതേസമയം എ.പി സുന്നി വിഭാഗം യോഗത്തിൽ നിന്ന് വിട്ടു നിന്നു.