തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ അന്തിമ പട്ടിക ഈ മാസം തന്നെ ഹൈക്കമാൻഡിന് കൈമാറും. ഗ്രൂപ്പുകളെ പൂർണമായി ഒഴിവാക്കി ആയിരിക്കില്ല പട്ടികയെന്നും എന്നാൽ ഗ്രൂപ്പുകൾ നൽകുന്ന ലിസ്റ്റുകൾ അതേപടി അംഗീകരിക്കില്ലെന്നുമാണ് പുതിയ നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. അർഹരായവരെ മാത്രമെ പട്ടികയിൽ ഉൾപ്പെടുത്തുകയുള്ളുവെന്നാണ് പുതിയ നേതൃത്വത്തിന്റെ നിലപാട്. സെപ്തംബർ 30 ന് മുൻപ് പട്ടിക ഹൈക്കമാൻഡിന് സമർപ്പിക്കാനാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ലക്ഷ്യമിടുന്നത്.
പ്രസിഡന്റിനെ കൂടാതെ മൂന്ന് വർക്കിങ് പ്രസിഡന്റുമാരും 15 ജനറൽ സെക്രട്ടറിമാരും നാല് വൈസ് പ്രസിഡന്റുമാരും ഉൾപ്പെടെ 23 ഭാരവാഹികളാണ് കെപിസിസിയിലെ പുതിയ ഭാരവാഹികൾ. 28 പേരെയാണ് നിർവാഹക സമിതിയിൽ ഉൾപ്പെടുത്തുക. ആകെ 51 അംഗ സമിതിയായിരിക്കും ഉണ്ടായിരിക്കുക. അതിൽ നിലവിൽ നിയമിക്കപ്പെട്ട പ്രസിഡന്റും മൂന്ന് വർക്കിങ് പ്രസിഡന്റുമാരും ഒഴികെയുള്ള 47 പേരുടെ പട്ടികയാണ് ഹൈക്കമാൻഡിന് സമർപ്പിക്കുന്നത്. നാൽപതോളം പേർ ക്ഷണിതാക്കളായും എക്‌സ് ഒഫീഷ്യോ അംഗങ്ങളും ആയി ഉണ്ടാകും. അവരുടെ പട്ടിക ഇപ്പോൾ പ്രഖ്യാപിക്കുമോ എന്നത് വ്യക്തമല്ല. ഡിസിസി-കെപിസിസി പട്ടികകളിൽ നിന്നും ഒഴിവാക്കപ്പെടുന്ന നേതാക്കളെ പോഷക സംഘടനകളുടെയും പാർട്ടി പുതിയതായി ആരംഭിക്കുന്ന ഉപസമിതികളുടെയും ചുമതല ഏൽപ്പിക്കാനും പാർട്ടി പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം.
ഡിസിസി പ്രസിഡന്റുമാരായി വനിതകൾ ഇല്ലാതായ സാഹചര്യത്തിൽ കെപിസിസി പട്ടികയിൽ സ്ത്രീകൾക്ക് കൂടുതൽ പരിഗണന നൽകാൻ സാധ്യതയുണ്ട്. വൈസ് പ്രസിഡന്റോ ജനറൽ സെക്രട്ടറിയോ ആയി അഞ്ച് വർഷം തികച്ചവരെ പുതിയ കമ്മിറ്റിയിൽ പരിഗണിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം അന്വേഷിച്ച കെപിസിസിയുടെ പഠന റിപ്പോർട്ടിൽ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നവരെയും പട്ടികയിൽ ഉൾപ്പെടുത്തില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.