പ്രത്യേക ഓഡിറ്റ് മൂന്ന് മാസത്തിനകം പൂർത്തിയാക്കണം; പദ്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം തള്ളി സുപ്രീം കോടതി

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന് തിരിച്ചടി. പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്ന പദ്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും പ്രത്യേക ഓഡിറ്റ് മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് നിർദ്ദേശിക്കണമെന്ന ട്രസ്റ്റിന്റെ ആവശ്യം ഓഡിറ്റിനു ശേഷം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെയും, ട്രസ്റ്റിന്റെയും കഴിഞ്ഞ 25 വർഷത്തെ വരവുചെലവ് കണക്കുകൾ വിശ്വാസയോഗ്യമായ സ്ഥാപനത്തെക്കൊണ്ട് ഓഡിറ്റ് ചെയ്യണമെന്നും 2020 ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ചേർന്ന ക്ഷേത്രത്തിന്റെ ഭരണസമിതിയും, ഉപദേശക സമിതിയും ഓഡിറ്റിങ്ങിനായി ഒരു സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടർന്ന് വരവുചെലവ് കണക്ക് ഹാജരാക്കാൻ ഓഡിറ്റിങ് സ്ഥാപനം നിർദേശം നൽകി. എന്നാൽ ട്രസ്റ്റ് ഇക്കാര്യത്തിൽ സഹകരിച്ചിരുന്നില്ല. സുപ്രീം കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചതോടെ ട്രസ്റ്റിന് പ്രത്യേക ഓഡിറ്റുമായി സഹകരിക്കേണ്ടി വരും.

1965 ൽ ചിത്തിര തിരുന്നാൾ ബാലരാമ വർമ്മയാണ് പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചതെന്നും തിരുവിതാംകൂർ രാജകുടുംബം ക്ഷേത്രത്തിൽ നടത്തുന്ന മതപരമായ ആചാരങ്ങൾ നടത്തുന്നിന് വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചതെന്നുമാണ് സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ വിശദമാക്കുന്നത്. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ തങ്ങൾ ഇടപെടാറില്ലെന്നും ട്രസ്റ്റ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള ശ്രീ വൈകുണ്ഡം, അനന്തശയനം, ഭജനപുര, മഹാലക്ഷ്മി, സുദർശൻ എന്നീ മണ്ഡപങ്ങളും, ചിത്രാലയം ആർട്ട് ഗാലറി, കുതിര മാളിക തുടങ്ങിവയുടെയെല്ലാം നിയന്ത്രണം പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിനാണ്. ഇവിടെ നിന്നുള്ള വരവ് ചെലവ് കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്യുന്നില്ലെന്ന് നേരത്തെ അമിക്കസ് ക്യുറി ഗോപാൽ സുബ്രമണ്യം സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.