തിരുവനന്തപുരം നഗരസഭയിൽ ലക്ഷങ്ങളുടെ ക്രമക്കേട്; നാലു ഉദ്യോഗസ്ഥർക്കെതിരെ നടപടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ തിരിമറിയുമായി ബന്ധപ്പെട്ട് നാലു ഉദ്യോഗസ്ഥർക്കെതിരെ നടപടി. നികുതിയിനത്തിൽ ലഭിച്ച പണം ബാങ്കിൽ അടയ്ക്കാതെ ലക്ഷങ്ങൾ തട്ടിയെടുത്ത ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. തിരുവനന്തപുരം കോർപറേഷന്റെ നാലു സോണൽ ഓഫിസുകളിലെ ഉദ്യോഗസ്ഥരാണ് തട്ടിപ്പ് നടത്തിയത്. സംസ്ഥാന ഓഡിറ്റു വകുപ്പിന്റെ കൺകറന്റ് ഓഡിറ്റു വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഏകദേശം 33.96 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് വിവരം.

നേമം, ശ്രീകാര്യം, ഉള്ളൂർ, ആറ്റിപ്ര സോണൽ ഓഫിസുകളിലാണ് പണം തട്ടിപ്പു കണ്ടെത്തിയത്. നേമത്തു 26,74,333 രൂപയാണ് ഉദ്യോഗസ്ഥർ തട്ടിയെടുത്തത്, ഇവിടത്തെ സൂപ്രണ്ട് എസ്. ശാന്തി, കാഷ്യർ എസ്. സുനിത എന്നിവരെ സസ്‌പെൻഡ് ചെയ്തു. ശ്രീകാര്യം സോണൽ ഓഫീസിൽ 5.40 ലക്ഷത്തിന്റെ തട്ടിപ്പാണ് കണ്ടെത്തിയത്. ഇവിടുത്തെ ഓഫിസ് അറ്റൻഡന്റ് ബിജു, ബിൽ കലക്ടർ അനിൽ എന്നിവരെയും സസ്‌പെൻഡ് ചെയ്തു.

ഉള്ളൂർ, ആറ്റിപ്ര സോണലുകളിൽ രണ്ടു ലക്ഷത്തിൽ താഴെയുള്ള ക്രമക്കേടാണ് കണ്ടെത്തിയത്. ഇതു കണക്കുകൾ ക്രമപ്പെടുത്തിയപ്പോൾ സംഭവിച്ചതാണോയെന്നറിയാൻ വിശദ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഒരു ദിവസത്തെ കളക്ഷൻ ബാങ്കിൽ അടക്കുന്ന സമയം ഒന്നിനു പകരം രണ്ടു ചെല്ലാനുകളിൽ ബാങ്കിന്റെ സീൽ പതിപ്പിച്ചു വാങ്ങും. ഇതു രേഖകളാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ബാങ്ക് സീൽ പതിപ്പിച്ചിട്ടുള്ള ചെല്ലാൻ ആയതിനാൽ ക്രമക്കേട് എളുപ്പം കണ്ടുപിടിക്കാൻ കഴിയില്ല. സോണൽ ഓഫിസുകളിൽ വ്യാപക പണാപഹരണം പുറത്തായതിനു പിന്നാലെ കോർപറേഷൻ സെക്രട്ടറിയിൽ നിന്നു തദ്ദേശ മന്ത്രിയുടെ ഓഫിസ് വിശദീകരണം തേടുകയും ചെയ്തിരുന്നു.

അതേസമയം സോണൽ ഓഫിസുകളിലും മെയിൻ ഓഫിസിലും നടത്തുന്ന പരിശോധന ശക്തമാക്കാനും കണക്കുകൾ പരിശോധിക്കുന്നതിന് നഗരസഭാതലത്തിൽ പ്രത്യേക സംവിധാനം രൂപീകരിക്കുന്നതിനും തീരുമാനിച്ചു. മേയർ ആര്യാ രാജേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. നികുതിയിനത്തിൽ ലഭിച്ച തുക ബാങ്കിൽ അടയ്ക്കാതെ ജീവനക്കാർ തിരിമറി നടത്തിയ സംഭവത്തിൽ അക്കൗണ്ട്‌സ് ഓഫിസറിൽ നിന്നു മേയർ കഴിഞ്ഞ ദിവസം വിശദീകരണം തേടുകയും ചെയ്തിരുന്നു. പണാപഹരണം കണ്ടെത്താൻ കഴിയാത്തതു സാങ്കേതിക ബുദ്ധിമുട്ടു കാരണമാണെന്നാണ് ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന വിശദീകരണം. സോണൽ ഓഫിസുകളിലെ കളക്ഷൻ കോർപറേഷന്റെ ആസ്ഥാന ഓഫിസിലേക്ക് ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) പോർട്ടു ചെയ്യുന്നത് 15 മുതൽ 30 ദിവസങ്ങളുടെ ഇടവേളയിലാണ്. ഇതു കാരണം 11 സോണൽ ഓഫിസുകളിലും ആസ്ഥാന ഓഫിസിലും ദിവസം തോറും സ്വീകരിക്കുന്ന തുകയുടെ വിശദാംശങ്ങൾ അക്കൗണ്ട്‌സ് വിഭാഗത്തിൽ പരിശോധിക്കാൻ കഴിയുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.