ന്യൂഡൽഹി: രാജ്യവ്യാപക ശുചീകരണ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യ ശുചീകരണമാണ് പരിപാടിയിലൂടെ പദ്ധതിയിടുന്നത്. 2021 ഒക്ടോബർ 1 മുതൽ 31 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന ‘ക്ലീൻ ഇന്ത്യ ഡ്രൈവ്’ എന്ന ഈ പരിപാടി സംഘടിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുന്ന അവസരത്തിൽ പ്ലാസ്റ്റിക് വിമുക്ത ഇന്ത്യ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ട്വിറ്റ് ചെയ്തു. ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്നും ‘തീരുമാനങ്ങളിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് എന്ന ലക്ഷ്യം നേടാൻ സഹായിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 75 ലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിക്കുകയും, ‘വേസ്റ്റ് ടു വെൽത്ത്’ മാതൃകയിൽ സംസ്‌കരിക്കുകയും ചെയ്യുന്നതിനാണ് ലോകത്തിലെ ഏറ്റവും വലിയ ശുചിത്വ പരിപാടിയിലൂടെ പദ്ധതിയിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ശുചിത്വമുള്ള ഇന്ത്യ: സുരക്ഷിത ഇന്ത്യ’ എന്ന ആശയം പ്രചരിപ്പിക്കുന്നതിനാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രചാരണത്തിൽ പങ്കെടുക്കുന്നതിന് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും താത്പര്യമുള്ളവർക്കും https://forms.gle/oAdnvGpvrcDvBmLE6 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.

