65 മണിക്കൂറിനുള്ളിൽ 24 മീറ്റിംഗുകൾ; ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തമാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: അമേരിക്കൻ പര്യടനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് 24 മീറ്റിംഗുകൾ. അമേരിക്കയിൽ ചെലവഴിച്ച 65 മണിക്കൂറിനുള്ളിൽ 24 മീറ്റിംഗുകളാണ് പ്രധാനമന്ത്രി പൂർത്തിയാക്കിയതെന്നാണ് റിപ്പോർട്ട്. അമേരിക്കയിൽ നടന്ന ഇരുപത് കൂടിക്കാഴ്ചകളും വിമാനത്തിൽ വെച്ചുനടന്ന നാല് നീണ്ട കൂടിക്കാഴ്ചകളും ഉൾപ്പടെയുള്ള കണക്കാണിത്. മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിൽ ലഭ്യമായ സമയമെല്ലാം വളരെ ഫലപ്രദമായ രീതിയിലാണ് പ്രധാനമന്ത്രി വിനിയോഗിച്ചതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അമേരിക്കയിലേക്ക് പോകുമ്പോൾ വിമാനത്തിനുള്ളിൽ വെച്ച് വിദേശകാര്യ വിദഗ്ദരുമായി മോദി രണ്ടു തവണ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. അമേരിക്കയിലെത്തിയപ്പോൾ വാഷിങ്ടൺ ഡിസിയിലെ ഹോട്ടലിൽ മൂന്ന് കൂടിക്കാഴ്ചകളും നടന്നു. സെപ്റ്റംബർ 23 ന്, പ്രധാനമന്ത്രി ആഗോള കമ്പനികളുടെ സിഇഒമാരുമായി അഞ്ച് വ്യത്യസ്ത കൂടിക്കാഴ്ചകൾ പ്രധാനമന്ത്രി നടത്തി. അതിനുശേഷം യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗാ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പിന്നീട് ഈ കൂടിക്കാഴചകൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ടീമിനൊപ്പം മൂന്ന് ആഭ്യന്തര കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തു.

സെപ്തംബർ 24 വെള്ളിയാഴ്ച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നരേന്ദ്ര മോദി ക്വാഡ് സമ്മേളനത്തിൽ പങ്കെടുത്തു. ഇതിനുശേഷം നാല് അഭ്യന്തര ചർച്ചകളും നടത്തി. അമേരിക്കൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം ശനിയാഴ്ച ഡൽഹിയിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽ വച്ച് രണ്ടു ചർച്ചകൾ കൂടി നടന്നുവെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം വരുംവർഷങ്ങളിൽ ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തമാകുമെന്ന് തനിക്ക് ഉറപ്പുള്ളതായും വളരെ കാര്യക്ഷമമായ ഉഭയകക്ഷി, ബഹുരാഷ്ട്ര ചർച്ചകൾ നടത്താനായെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.