നാർകോട്ടിക് ജിഹാദ് പരാമർശം; പി.ചിദംബരത്തെ തള്ളി കെ സുധാകരൻ

തിരുവനന്തപുരം: നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെതിരായി നിലപാട് സ്വീകരിച്ചു കൊണ്ടുള്ള കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ പരാമർശത്തെ തള്ളി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ചിദംബരത്തിന്റെ അഭിപ്രായത്തിന്റെ പശ്ചാത്തലം അറിയില്ല. കേരളത്തിലെ വിഷയത്തിൽ അഭിപ്രായം പറയേണ്ടത് കേരളത്തിലെ നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പിനെ തളളിപ്പറയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒബിസി മോർച്ച മുൻ ഉപാദ്ധ്യക്ഷൻ ഋഷി പൽപുവിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തുളള ചടങ്ങിലാണ് സുധാകരൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അതേസമയം വി.എം സുധീരനുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടിയിൽ രൂക്ഷമായ പ്രശ്നങ്ങളില്ലെന്നും സുധാകരൻ വ്യക്തമാക്കി. സുധീരന് അഭിപ്രായം പറയാൻ അവസരം നൽകിയെന്നും എന്നാൽ അദ്ദേഹം അത് വിനിയോഗിച്ചില്ലെന്നും സുധാകരൻ പറഞ്ഞു. സുധീരന്റെ വീട്ടിൽ പോയി ക്ഷമ പറഞ്ഞയാളാണ് താൻ. സുധീരന് തെറ്റിദ്ധാരണയുണ്ടെങ്കിൽ തിരുത്തും. ആരെയും അകറ്റിനിർത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ നേതൃത്വം കിട്ടിയ സുവർണാവസരം പാഴാക്കിയെന്നായിരുന്നു നേരത്തെ പ്രശ്നപരിഹാരത്തിന് എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് വി.എം സുധീരൻ പറഞ്ഞത്.