General (Page 1,394)

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ടോക്കിയോ ഒളിമ്പിക്‌സ് മെഡൽ ജേതാവ് പി ആർ ശ്രീജേഷ്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ശ്രീജേഷ് അദ്ദേഹത്തെ കണ്ടത്. ഒളിമ്പിക്‌സിൽ മെഡൽ നേടി ചരിത്രം കുറിച്ച ഇന്ത്യൻ ഹോക്കി ടീമിന്റെ അവിഭാജ്യ ഘടകമാണ് ശ്രീജേഷെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഹോക്കിയെ അന്താരാഷ്ട്ര മികവിലേയ്ക്കുയർത്തുന്നതിൽ ശ്രദ്ധേയമായ സംഭാവന അദ്ദേഹത്തിന്റേതായുണ്ട്. ശ്രീജേഷിനെ നേരിട്ട് കാണാനും വിശേഷങ്ങൾ പങ്കു വയ്ക്കാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ശ്രീജേഷിനു കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥനായ ശ്രീജേഷിന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് വഴുതക്കാട് ഡി പി ഐ ഓഫീസിൽ വച്ച് നൽകിയ സ്വീകരണത്തിന് മുന്നോടിയായാണ് ശ്രീജേഷ് മുഖ്യമന്ത്രിയെ കാണാനെത്തിയത്.

വിദ്യാഭ്യാസ വകുപ്പിലെ സ്‌പോർട്‌സ് വിഭാഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന ശ്രീജേഷിന് ഒളിമ്പിക്‌സ് മെഡൽ നേട്ടത്തിനു ശേഷം ജോയിന്റ് ഡയറക്ടർ ആയി സർക്കാർ സ്ഥാനക്കയറ്റം നൽകിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന സ്വീകരണ യോഗത്തിനു ശേഷം ശ്രീജേഷ് ജോയിന്റ് ഡയറക്ടർ ആയി സ്ഥാനം ഏറ്റെടുക്കും.

തിരുവനന്തപുരം: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നേതാവ് വി.എം. സുധീരൻ. ഈ നിലയിൽ മുന്നോട്ട് പോകാനാകില്ലെന്നും നേതൃത്വം തിരുത്തണമെന്നും സുധീരൻ വ്യക്തമാക്കി. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

കോൺഗ്രസ് ഹൈക്കമാൻഡ് ഒരു പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ പാർട്ടിയിൽ പുതിയ നേതൃത്വം വളരെ പ്രതീക്ഷയോട് കൂടിയാണ് വന്നത്. പക്ഷേ ആ പ്രതീക്ഷയ്ക്ക് അനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുപോകാതെ വന്ന സ്ഥിതി വിശേഷമുണ്ടായി. തെറ്റായ ശൈലിയും അനഭിലഷണീയമായ പ്രവണതകളും പ്രകടമായി. കോൺഗ്രസ് സംസ്‌കാരത്തിന് യോജിച്ചതല്ലാത്ത നടപടികൾ പുതിയ നേതൃത്വത്തിൽ നിന്നുണ്ടായതോടെയാണ് താൻ പ്രതികരിക്കാൻ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തിന് കത്തയച്ചിരുന്നു. എന്നാൽ അതിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. അതുകൊണ്ടാണ് സ്ഥാനങ്ങൾ രാജിവെച്ചത്. പരസ്യ പ്രതികരണത്തിലേക്ക് ഇപ്പോഴും പോയിട്ടില്ല. തെറ്റായ പ്രവർത്തന ശൈലിമൂലം പാർട്ടിക്ക് വരുത്താവുന്ന കോട്ടം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും തെറ്റായ ശൈലി തിരുത്താനാവശ്യമായ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി. തിരുത്തൽ നടപടികൾക്കായി കാത്തിരിക്കുകയാണ്. ഉചിതമായ പരിഹാരമുണ്ടാകുമോ എന്ന് ഞാൻ ഉറ്റുനോക്കും. കോൺഗ്രസ് ദുർബലപ്പെടരുത്. ഈ നിലയിൽ മുന്നോട്ട് പോയാൽ കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും ആ സാഹചര്യം ഉണ്ടാകാതിരിക്കാൻ ഹൈക്കമാൻഡിനാകട്ടെ എന്നതാണ് പ്രത്യാശയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമതിയിൽ നിന്നും രാജി വെച്ചതിന് പിന്നാലെയാണ് അനുനയ ശ്രമങ്ങൾക്കായി വിഎം സുധീരനുമായി താരിഖ് അൻവർ കൂടിക്കാഴ്ച്ച നടത്തിയത്.

തിരുവനന്തപുരം: തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. മോൻസൺ മാവുങ്കൽ തട്ടിപ്പുകാരനാണെന്ന് 2020 ൽ തന്നെ ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നതായുള്ള വിവരമാണ് പുറത്തു വരുന്നത്. ഇക്കാര്യം വ്യക്തമാക്കി ഇന്റലിജൻസ് അന്നത്തെ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹറയും എഡിജിപി ആയിരുന്ന മനോജ് എബ്രഹാമും മോൻസണിന്റെ വീട്ടിൽ സന്ദർശനം നടത്തിയതിന് പിന്നാലെയാണ് ഇന്റലിജൻസ് രഹസ്യാന്വേഷണത്തിന് സ്പെഷ്യൽ ബ്രാഞ്ചിന് നിർദ്ദേശം നൽകിയത്. ഈ അന്വേഷണ റിപ്പോർട്ടാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്.

മോൻസണിന്റെ ഇടപാടുകളിൽ വലിയ ദുരൂഹതയുണ്ടെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഉന്നതരുമായി ഇയാൾക്കുള്ള ബന്ധത്തെക്കുറിച്ചും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. പുരാവസ്തുക്കളാണ് ഇയാളുടെ പ്രധാന ബിസിനസെന്നും ഇതിന്റെ വില്പനയ്ക്കും കൈമാറ്റത്തിനും മറ്റും കൃത്യമായ ലൈസൻസ് ഉണ്ടോ എന്നത് സംശയമാണെന്നും രഹസ്യാന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വിദേശത്തടക്കം ഇയാൾക്ക് സാമ്പത്തിക ഇടപാടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി എൻഫോഴ്സമെന്റിനോട് അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. എന്നാൽ തുടർനടപടികൾ ഉണ്ടായോ എന്ന കാര്യം വ്യക്തമല്ല. അന്വേഷണം നടക്കാത്തതിന് പിന്നിൽ മോൻസണിന്റെ ഇടപെടൽ ഉണ്ടായിരുന്നോവെന്ന സംശയമാണ് നിലവിൽ ഉയരുന്നത്.

തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച്ച നടത്തി എഐസിസി പ്രതിനിധി താരീഖ് അൻവർ. ഡിസിസി പുന:സംഘടനക്ക് പിന്നാലെ നേതാക്കൾക്കിടയിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഹൈക്കമാൻഡിന്റെ അനുനയ നീക്കം. കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും അതിനുള്ള സാഹചര്യം ഒരുക്കാൻ എഐസിസി മുൻകൈയ്യെടുക്കണമെന്നും താരിഖ് അൻവറുമായുള്ള ചർച്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല പറഞ്ഞു. ആരെയും ഇരുട്ടിൽ നിർത്തുന്നത് ശരിയല്ലെന്നും മുതിർന്ന നേതാക്കളായ വിഎം സുധീരനുമായും മുല്ലപ്പള്ളി രാമചന്ദ്രനുമായും ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം വി എം സുധീരനുമായും താരിഖ് അൻവർ ചർച്ച നടത്തിയിരുന്നു. എന്നാൽ സുധീരനെ അനുനയിപ്പിക്കാൻ താരിഖ് അൻവറിന് കഴിഞ്ഞില്ല. രാജി പിൻവലിക്കില്ലെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് സുധീരൻ. പുതിയ കെപിസിസി നേതൃത്വത്തിന് തെറ്റായ ശൈലിയാണെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തെ നേതാക്കൾക്കിടയിലുള്ള അഭിപ്രായ ഭിന്നതയെ കുറിച്ച് താരിഖ് അനവർ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുമെന്നാണ് വിവരം.

ന്യൂഡൽഹി: എല്ലാ പൗരന്മാർക്കും ഡിജിറ്റൽ ആരോഗ്യ ഐഡി കാർഡുകൾ നൽകുന്ന ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പദ്ധതിയുടെ ഭാഗമായി എല്ലാ ഇന്ത്യക്കാർക്കും ഡിജിറ്റൽ ആരോഗ്യ ഐഡി സംവിധാനം നൽകുമെന്ന് പദ്ധതിയുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി പറഞ്ഞു.

ഏറ്റവും ആധുനികമായ ചികിത്സാ സഹായം എല്ലാ ഇന്ത്യൻ പൗരന്മാർക്കും വിരൽത്തുമ്പിൽ ലഭ്യമാക്കുക എന്നതാണ് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതി. രാജ്യത്തെ ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങളെയെല്ലാം ബന്ധിപ്പിക്കാൻ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ സഹായിക്കുമെന്നും ഡിജിറ്റൽ ആരോഗ്യ സംവിധാനത്തിൽ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പ്രധാന പങ്കു വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി പ്രകാരം എല്ലാ ഇന്ത്യക്കാർക്കും ഡിജിറ്റൽ ആരോഗ്യ ഐഡി ലഭ്യമാകുമെന്നും എല്ലാ പൗരന്മാരുടെയും ആരോഗ്യം സംബന്ധിച്ച രേഖകൾ സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ പദ്ധതി വഴി ആളുകൾക്ക് അവരുടെ ആരോഗ്യ വിവരങ്ങൾ അറിയാൻ സാധിക്കും. ഇത്തരം വിവരങ്ങൾ പരിശോധിക്കാനോ കൈമാറ്റം ചെയ്യാനോ ആളുകളുടെ അനുമതിയും ആവശ്യമാണ്. ഇടത്തരക്കാരുടെയും പാവപ്പട്ടവരുടെയും ചികിത്സാരംഗത്തെ പ്രശ്‌നങ്ങളില്ലാതാക്കാൻ പദ്ധതി പ്രധാന പങ്കുവഹിക്കും. രാജ്യത്തെ ആരോഗ്യ മേഖലയിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ അതു കൊണ്ടുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

130 കോടി ആധാർ തിരിച്ചറിയൽ രേഖകൾ, 118 കോടി മൊബൈൽ ഉപയോക്താക്കൾ, ഇൻറർനെറ്റ് ഉപയോഗിക്കുന്ന 80 കോടി പേർ, 43 കോടി ജൻധൻ ബാങ്ക് അക്കൗണ്ടുകൾ ഇത്രയും വിപുലവും പരസ്പരബന്ധിതവുമായ അടിസ്ഥാന സംവിധാനം ലോകത്ത് മറ്റെവിടെയുമാണ്ടാവില്ല. റേഷൻ മുതൽ ഭരണസംവിധാനം വരെ ഇത്രയും ബൃഹത്തായ ഡിജിറ്റൽ സംവിധാനം ഓരോ ഇന്ത്യക്കാരനും സുതാര്യമായി ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സൈക്കിളുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും കൊണ്ടുപോകാനുള്ള സൗകര്യമൊരുക്കും. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കെഎസ്ആർടിസിയുടെ ദീർഘദൂര ലോ ഫ്േളാർ ബസുകളിലും ബെംഗളൂരുവിലേക്കുള്ള സ്‌കാനിയ, വോൾവോ ബസുകളിലും സൈക്കിളുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും കൊണ്ടു പോകാനുള്ള സൗകര്യമൊരുക്കുമെന്നാണ് മന്ത്രി വ്യക്തമാക്കി.

നവംബർ ഒന്നു മുതൽ ഈ സംവിധാനം നിലവിൽ വരുമെന്ന് അദ്ദേഹം വിശദമാക്കി. ഒരു നിശ്ചിത തുക ഈടാക്കിയിട്ടായിരിക്കും ഇത്തരത്തിൽ സൈക്കിളുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും കൊണ്ടു പോകാൻ സാധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം യാത്രക്കാർക്ക് ആശ്വാസകരമായ മറ്റൊരു പ്രഖ്യാപനവും മന്ത്രി നടത്തിയിട്ടുണ്ട്. കെഎസ്ആർടിസി ടിക്കറ്റ് നിരക്കും കുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മാസം മുതൽ കെഎസ്ആർടിസിയിലെ കുറച്ച നിരക്ക് പ്രാബല്യത്തിൽ വരും. കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കായിരിക്കും ഇനി യാത്രക്കാരിൽ നിന്നും ഈടാക്കുക.

ന്യൂഡൽഹി: ആമസോണിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആർ എസ് എസ് മാസിക പാഞ്ചജന്യം. മാസികയുടെ പുതിയ പതിപ്പിലാണ് ആമസോണിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ആമസോണിനെ ഇന്ത്യൻ സംസ്‌കാരത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനുമെതിരായ ഭീഷണിയായാണ് മാസികയിൽ പറഞ്ഞിരിക്കുന്നത്. ആമസോൺ സി ഇ ഒ ജെഫ് ബെസോസിന്റെ മുഖചിത്രവും ആമസോൺ ഈസ്റ്റ് ഇന്ത്യ കമ്പനി 2.0 എന്ന തലക്കെട്ടുമായാണ് മാസിക പുറത്തിറക്കിയത്.

ആമസോണിന്റെ നിയമവിദഗ്ദ്ധർ ഇന്ത്യൻ ഉദ്യോഗസ്ഥരെ കൈകൂലി നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ആമസോണിന് 8500 കോടി രൂപ പിഴയടച്ച സർക്കാർ നടപടി ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആമസോൺ ഉദ്യോഗസ്ഥർക്ക് കൈകൂലി വാഗ്ദാനം ചെയ്തതെന്ന ആരോപണമാണ് ഉയരുന്നത്. ഇക്കാര്യത്തിലുള്ള പ്രതികരണമാണ് പാഞ്ചജന്യത്തിന്രെ പുതിയ കവർ സ്റ്റോറിയെന്നാണ് നിഗമനം.

പാഞ്ചജന്യത്തിന്റെ എഡിറ്റർ ഹിതേഷ് ശങ്കർ മാസികയുടെ കവർ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇൻഫോസിസിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്ന കവർ സ്റ്റോറിയുമായാണ് പാഞ്ചജന്യത്തിന്റെ കഴിഞ്ഞ പതിപ്പ് പുറത്തുവന്നത്. ഇൻകം ടാക്‌സ് ഫയൽ ചെയ്യുന്നതിന് വേണ്ടി പുതുതായി രൂപം നൽകിയ സൈറ്റിലെ പ്രശ്‌നങ്ങളായിരുന്നു ഇൻഫോസിസിനെതിരെ വിമർശനം ഉന്നയിക്കാനുള്ള കാരണം.

തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥർ അബ്കാരി ലൈസൻസികളിൽ നിന്നും സംഭാവന സ്വീകരിക്കുന്നുവെന്ന പരാതിയിൽ എക്സൈസ് വകുപ്പ് കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ. എക്സൈസ് കമ്മീഷണറുടെ ഓഫീസ് നിയമലംഘനങ്ങളിലേർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

വകുപ്പിലെ ഉദ്യോഗസ്ഥർ ലൈസൻസികളുമായി ഒരു വിധത്തിലുള്ള പണമിടപാടുകളും പാടില്ലെന്ന് അബ്കാരി ആക്ടിലെ ചട്ടങ്ങൾ ചൂണ്ടിക്കാട്ടി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട സർവ്വീസ് സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്കും സംഘടനകൾ പുറത്തിറക്കുന്ന പ്രസിദ്ധീകരണങ്ങൾക്കും ലൈസൻസികളിൽ നിന്ന് ഒരു സാമ്പത്തിക സഹായവും ലഭ്യമാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

എക്സൈസ് ജീവനക്കാരുടെ സഹകരണ സംഘങ്ങൾ പുറത്തിറക്കുന്ന ഡയറി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ലൈസൻസികളിൽ നിന്നും പരസ്യം സ്വീകരിക്കുന്നതും ഉത്തരവിലൂടെ വിലക്കിയിട്ടുണ്ട്. 1960ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടം ഉദ്ധരിച്ചുകൊണ്ട് സർക്കാർ ജീവനക്കാരെന്ന നിലയിൽ എക്സൈസ് ഉദ്യോഗസ്ഥർ ഒരു വിധത്തിലുള്ള അഴിമതിക്കും കൂട്ടുനിൽക്കരുതെന്ന് ഉത്തരവിലൂടെ ഓർമിപ്പിക്കുന്നു. നിർദേശങ്ങൾ ലംഘിച്ചാൽ കർശന അച്ചടക്ക നടപടികൾ ഉണ്ടാവുമെന്ന് വ്യക്തമാക്കുന്ന ഉത്തരവിലൂടെ എക്സൈസ് വകുപ്പിനെ അഴിമതി മുക്തമാക്കാനുള്ള ശക്തമായ ശ്രമമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.

ബാർ അസോസിയേഷനുകളുടെയും മറ്റും ഭാഗത്ത് നിന്ന് ഉദ്യോഗസ്ഥരും അവരുടെ സംഘടനകളും സംഭാവനകൾ കൈപ്പറ്റുമ്പോൾ ബാർ ഉടമകളുടെ വീഴ്ചകളിൽ കണ്ണടച്ചുകൊടുക്കാനുള്ള സാധ്യത ഉണ്ടെന്ന് മനസിലാക്കിയാണ് സർക്കാർ കർശന നടപടികളിലേക്ക് നീങ്ങുന്നത്. ലൈസൻസികളോട് മൃദു സമീപനവും വിധേയത്വ, പ്രത്യുപകാര മനോഭാവങ്ങളും എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്ന കർശനമായ നിർദേശം പാലിക്കപ്പെടുമ്പോൾ എക്സൈസ് വകുപ്പ് കൂടുതൽ സംശുദ്ധമാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സെപ്തംബർ രണ്ടാംവാരം എക്സൈസ് കമ്മീഷണറേറ്റിൽ വെച്ച് വകുപ്പിലെ ജില്ലാതലം വരെയുള്ള ഉദ്യോഗസ്ഥരുമായി ഓൺലൈനിൽ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന് മറുപടിയുമായി മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസിലെ ഉൾപ്പോര് കൂടുതൽ വഷളാകുന്നുവെന്ന സൂചന നൽകിയാണ് മുല്ലപ്പള്ളി സുധാകരന് മറുപടി നൽകിയത്. സ്ലോട്ട് വച്ച് കെ പി സി സി അദ്ധ്യക്ഷനെ കാണേണ്ട ഗതികേട് തനിക്കില്ലെന്നും കോൺഗ്രസിൽ നിന്നും അങ്ങനെ പോകുന്ന അവസാന വ്യക്തി താനായിരിക്കുമെന്നും മുല്ലപ്പള്ളി വ്്യക്തമാക്കി. എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നേരത്തെ നടന്ന പുനസംഘടനാ ചർച്ചയിൽ മുല്ലപ്പള്ളിക്ക് തന്നെ കാണാൻ സ്ലോട്ട് കൊടുത്തിരുന്നുവെന്നും എന്നാൽ ആ സമയത്ത് എത്തിയില്ലെന്നും കെ സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. ഇതിന് മറപടിയായിട്ടായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ഫോൺ വിളിച്ചാൽ എടുക്കില്ലെന്ന സുധാകരന്റെ ആരോപണവും മുല്ലപ്പള്ളി നിഷേധിച്ചു. തന്നെ കുറിച്ച് അത്തരത്തിലൊരു പരാതി ഇന്നേവരെ ആരും പറഞ്ഞിട്ടില്ല. തന്റെ കൂടെ നിൽക്കുന്ന താരിഖ് അൻവർ പോലും അത്തരമൊരു പരാതി പറഞ്ഞിട്ടില്ലെന്ന് മുല്ലപ്പള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഡിസിസി പുന:സംഘടനാ പട്ടികയുമായി ബന്ധപ്പെട്ട് ഇടഞ്ഞു നിൽക്കുന്ന മുതിർന്ന നേതാക്കളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി താരിഖ് അൻവർ മുല്ലപ്പള്ളിയുമായി ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷം മാദ്ധ്യണങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം സുധാകരനെതിരെ പരസ്യ പ്രതികരണം നടത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം മേഖലയുടെ വികസനവുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ മന്ത്രി മുഹമ്മദ് റിയാസിനോട് പങ്കുവച്ച് നടൻ മോഹൻലാൽ. ടൂറിസം വികസനത്തിന് റോഡുകളാണ് ഏറ്റവും നന്നായിട്ട് വരേണ്ടതെന്ന് മോഹൻലാൽ വ്യക്തമാക്കി. ഒരു സ്ഥലത്ത് എത്തിപ്പെടാൻ പറ്റണമെന്നും റോഡ്, ശുചിമുറികൾ പോലുള്ള സൗകര്യങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു. ഒരു മലയാള ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നമ്മുടെ നാട്ടിൽ വരുന്നവരെ റെസ്പക്ടോടെയാണ് സ്വീകരിക്കേണ്ടത്. വിനോദ സഞ്ചാരികളോട് സൗഹൃദപരമായി ഇടപെടണം. ഒരാൾ ആപ്പ് വഴി ഒരു വിനോദ സഞ്ചാര കേന്ദ്രത്തിൽ പോകുകയാണെങ്കിൽ അയാൾക്ക് അവിടെ എത്താനുള്ള സൗകര്യം വേണം. എത്തിക്കഴിഞ്ഞാൽ വിശ്രമിക്കാനുള്ള സൗകര്യവും, തിരിച്ചുപോകാനുള്ള സൗകര്യവുമൊക്കെ ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ പോകുകയാണെങ്കിൽ ഒരോ ജില്ലയിലും ഓരോ തരത്തിലുള്ള ഭക്ഷണമാണ്. ഫുഡ് ടൂറിസം ചെയ്യാം. പിന്നെ മെഡിക്കൽ ടൂറിസം ചെയ്യാമെന്നും മോഹൻലാൽ നിർദ്ദേശിച്ചു. ആയൂർവേദമൊക്കെ നല്ല രീതിയിൽ പ്രവർത്തിക്കുന്നവർക്ക് മാത്രമേ പെർമിഷൻ കൊടുക്കാവൂ. ഒരുപാട് പേർ ആയൂർവേദമെന്ന് പറഞ്ഞ് ആയൂർവേദമല്ല ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടൂറിസം വകുപ്പ് തയ്യാറാക്കിയ കേരള ടൂറിസം മൊബൈൽ ആപ്ലിക്കേഷൻ മോഹൻലാലാണ് പുറത്തിറക്കിയത്.