കൊച്ചി: മോൻസൻ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിക്കെതിരെ ഗുരുതരാരോപണം. സുധാകരന്റെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്നാണ് പരാതിക്കാർ പറയുന്നത്. പരാതിക്കാർ ഇക്കാര്യം ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട്. 2018 നവംബർ 22 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് മോൻസന്റെ കലൂരുളള വീട്ടിൽവെച്ച് കെ സുധാകരന്റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയിരിക്കുന്നത്.
വിദേശത്ത് നിന്നെത്തിയ കോടികൾ കയ്യിൽ കിട്ടാൻ ഡൽഹിയിലെ ഗുപ്ത അസോസിയേറ്റ്‌സിന് അടിയന്തരമായി 25 ലക്ഷം രൂപ വേണമെന്ന് മോൻസൻ മാവുങ്കൽ ആവശ്യപ്പെട്ടുവെന്നും സുധാകരന്റെ ഇടപെടലിൽ പാർലമെന്റിലെ പബ്ലിക് ഫിനാൻസ് കമ്മിറ്റിയെക്കൊണ്ട് ഒപ്പിടുവിച്ച് പണംവിടുവിക്കുമെന്നും സംശയമുണ്ടെങ്കിൽ തന്റെ വീട്ടിലേക്ക് വന്നാൽ മതിയെന്നും മോൻസൻ അറിയിച്ചുവെന്നും പരാതിക്കാർ വിശദമാക്കി. നവംബർ 22ന് കലൂരിലെ വീട്ടിൽ വെച്ച് സുധാകരന്റെ സാന്നിധ്യത്തിൽ ഡൽഹിയിലെ കാര്യങ്ങൾ സംസാരിച്ചെന്നും ഇതിന് തുടർച്ചയായി 25 ലക്ഷ രൂപ കൈമാറിയെന്നുമാണ് പരാതിയിൽ പറയുന്നത്.
കെ സുധാകരനും മോൻസൻ മാവുങ്കലുമായുളള ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. റോഷി അഗസ്റ്റിൻ, മുൻമന്ത്രി വി എസ് സുനിൽ കുമാർ തുടങ്ങവർക്കൊപ്പമുളള മോൻസന്റെ ചിത്രങ്ങളും പുറത്തുവന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി മോൻസന് അടുത്ത ബന്ധങ്ങളുണ്ടെന്നാണ് വിവരം. ഈ അടുപ്പമാണ് കോടികളുടെ സാമ്പത്തിക തട്ടിപ്പിന് മോൻസൻ മറയാക്കിയതെന്നാണ് ആരോപണം. ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് കേസ് അട്ടിമറിക്കാനും മോൻസൻ ശ്രമിച്ചിരുന്നു.

