ന്യൂഡൽഹി: ജുഡീഷറിയിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ആവശ്യമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എൻ വി രമണ. സുപ്രീംകോടതിയിലെ വനിത അഭിഭാഷകരെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാജ്യത്തെ നിയമ കോളജുകളിലും 50 ശതമാനം സംവരണം വേണമെന്ന ആവശ്യത്തിന് അദ്ദേഹം പിന്തുണ അറിയിക്കുകയും ചെയ്തു.
ആയിരക്കണക്കിന് വർഷത്തെ അടിച്ചമർത്തലിന്റെ പ്രശ്നമാണിത്. ജുഡീഷറിയുടെ താഴെ തലങ്ങളിൽ 30 ശതമാനം സ്ത്രീകൾ മാത്രമാണ് ജഡ്ജിമാരായി ഉള്ളത്. ഹൈക്കോടതിയിൽ ഇത് 11.5 ശതമാനമാണ്. സുപ്രീംകോടതിയിൽ 11-12 ശതമാനം സ്ത്രീകളാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ 1.7 ദശലക്ഷം അഭിഭാഷകരിൽ സ്ത്രീകൾ 15 ശതമാനം മാത്രമാണുള്ളത്. ബാർ കൗൺസിൽ ഓഫ് ഇന്ത്യ നാഷണൽ കമ്മിറ്റിക്ക് ഒരു വനിത പ്രതിനിധി പോലും ഇല്ലാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. രണ്ട് ശതമാനം സ്ത്രീകൾ മാത്രമാണ് സംസ്ഥാനങ്ങളിലെ ബാർ കൗൺസിലുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ പ്രശ്നങ്ങൾ എല്ലാം അടിയന്തരമായി പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

