General (Page 1,392)

തിരുവനന്തപുരം: ഇനി ധൈര്യമായി വൈദ്യുതി വാഹനത്തിൽ യാത്ര പോകാം. നവംബറോടെ എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാകുമെന്ന് കെഎസ്ഇബി അറിയിച്ചു. സംസ്ഥാനത്തുടനീളം ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിൽ 6 കോർപ്പറേഷൻ ഏരിയകളിലും കെ എസ് ഇ ബിയുടെ സ്വന്തം സ്ഥലത്ത് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുകയും അവ 2020 നവംബറിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്തിരുന്നു.

ഇവ കൂടാതെ എല്ലാ ജില്ലകളിലുമായി കെ എസ് ഇ ബിയുടെ 56 ചാർജിങ് സ്റ്റേഷനുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിൽ 40 എണ്ണമെങ്കിലും നവംബറിൽ പൂർത്തീകരിക്കാൻ സാധിക്കും. ഇന്ന് വിപണിയിൽ ലഭ്യമായ എല്ലാവിധ വൈദ്യുത കാറുകളും, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങൾ എന്നിവയും ചാർജ് ചെയ്യാനുള്ള സംവിധാനം ഈ സ്റ്റേഷനുകളിൽ ഉണ്ടാകുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.

ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങൾ എന്നിവ ചാർജ് ചെയ്യുന്നതിനുള്ള ബൃഹത്തായ ഒരു ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിന്റെ ഭാഗമായി കെ എസ് ഇ ബിയുടെ വൈദ്യുതി വിതരണ പോസ്റ്റുകളിൽ ചാർജ് പോയിന്റുകൾ സ്ഥാപിക്കുന്ന ഒരു പൈലറ്റ് പ്രോജക്റ്റ് അടുത്ത മാസം പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഇ-ഓട്ടോറിക്ഷ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കോഴിക്കോട് നഗരത്തിലാണ് 10 ചാർജ് പോയിന്റുകൾ ഉൾപ്പെടുന്ന ഈ പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ പ്രവർത്തനം വിലയിരുത്തിയതിനുശേഷം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് കെഎസ്ഇബി പദ്ധതിയിടുന്നത്.

ന്യൂഡൽഹി: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേര് മാറ്റി കേന്ദ്ര സർക്കാർ.’നാഷണൽ സ്‌കീം ഫോർ പി.എം. പോഷൺ ഇൻ സ്‌കൂൾസ്’ എന്നാണ് ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന പുതിയ പേര്. ബുധനാഴ്ച്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

പദ്ധതി 2026 വരെ നീട്ടാനും കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. പദ്ധതിക്കായി കേന്ദ്ര സർക്കാർ 54,000 കോടി രൂപയും സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും 31,733.14 കോടി രൂപയുമാണ് ചെലവഴിക്കുന്നത്. 11.20 ലക്ഷം സ്‌കൂളുകളിൽ പഠിക്കുന്ന 11.80 കോടി കുട്ടികൾക്കാണ് പി.എം. പോഷൺ പദ്ധതിയുടെ ഗുണം ലഭിക്കുക.

പ്രത്യേക അവസരങ്ങളിലും ആഘോഷ വേളകളിലും വിദ്യാർത്ഥികൾക്ക് വിശേഷ ഭക്ഷണം ലഭ്യമാക്കുന്നതിന് പൊതുജനങ്ങൾക്ക് അവസരം നൽകുന്ന തിഥി ഭോജൻ പദ്ധതിയും നടപ്പാക്കും. കുട്ടികൾക്ക് പ്രകൃതി-ഉദ്യാനപാലനത്തിന് അവസരമൊരുക്കാൻ വിദ്യാലയങ്ങളിൽ സ്‌കൂൾ ന്യൂട്രീഷൻ ഗാർഡൻസ് ആരംഭിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. സർക്കാർ, സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലെ 1-8 ക്ലാസിലെ വിദ്യാർഥികളെ കൂടാതെ ബാലവാടികളിലെ കുട്ടികളെയും പി.എം. പോഷൺ പദ്ധതിയിൽ ഉൾപ്പെടുത്തും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം: കെപിസിസി പുന:സംഘടന ഉടൻ പൂർത്തിയാക്കും. ഒക്ടോബർ 10 നുള്ളിൽ പുന:സംഘടന പൂർത്തിയാക്കുമെന്നാണ് കോണ്ഡഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം. ഒക്ടോബർ 8 ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും വി ഡി സതീശനും ഡൽഹിയ്ക്ക് പോകും. 9, 10 തീയതികളിൽ ഡൽഹിയിൽ ചർച്ച നടക്കും.

രാഹുൽ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് കോൺഗ്രസ് നേതാക്കളുടെ യോഗം ചേർന്നിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഡിസിസി അധ്യക്ഷൻമാരും കെപിസിസി അധ്യക്ഷൻ കെ സുധാകരനും മുതിർന്ന നേതാക്കളും ചർച്ചയിൽ പങ്കെടുത്തു. ഗ്രൂപ്പ് പ്രോത്സാഹിപ്പിക്കരുത് എന്ന് യോഗത്തിൽ രാഹുൽ ഗാന്ധി നേതാക്കൾക്കോട് നിർദ്ദേശിച്ചു. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ ഉടൻ രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മെറിറ്റിന് ആണ് മുൻഗണനയെന്നും പരാതികൾ ഉണ്ടെങ്കിൽ നേതാക്കളെ നേരിട്ട് വിവരം അറിയിക്കാൻ മടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കിടയിലുണ്ടാകുന്ന അഭിപ്രായ ഭിന്നതയിൽ കോൺഗ്രസ് ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചിട്ടുണ്ട്.പുന:സംഘടനയിലടക്കം എല്ലാവരുമായും ചർച്ച ചെയ്യണമെന്നാണ് കെ പി സി സി നേതൃത്വത്തിന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നൽകിയിരുന്ന നിർദ്ദേശം. അഴിച്ചുപണിക്ക് സുധാകരനും സതീശനും പൂർണ്ണ സ്വാതന്ത്ര്യം നൽകിയ നടപടിയിൽ നിന്ന് ഹൈക്കമാൻഡ് പിന്നോട്ട് പോകാനിടയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

തിരുവനന്തപുരം: വിയ്യൂർ ജയിൽ സൂപ്രണ്ട് എ ജി സുരേഷിനെതിരെ നടപടി. കൊലപാതക കേസ് പ്രതികൾ ജയിലിൽ നിന്ന് ഫോൺ വിളിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് സുരേഷിനെ സസ്‌പെൻഡ് ചെയ്തത്. ഫോൺ വിളിക്ക് സൂപ്രണ്ട് ഒത്താശ ചെയ്തുവെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രതികളുടെ ഫോൺ വിളി സംബന്ധിച്ച് ജയിൽ സൂപ്രണ്ടിന് ജയിൽ ഡിജിപി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നായിരുന്നു കാരണം കാണിക്കൽ നോട്ടീസിലെ നിർദ്ദേശം. കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടിയുടെയും അന്വേഷണ റിപ്പോർട്ടിന്റെയും പശ്ചാത്തലത്തിലാണ് ജയിൽ സൂപ്രണ്ടിനെതിരെ നടപടി സ്വീകരിച്ചത്.

നേരത്തെ ടി പി വധക്കേസ് പ്രതിയായ കൊടി സുനിയിൽ നിന്നും ഫോൺ പിടിച്ചെടുക്കുകയും പല തവണ ഗുണ്ടകളെ അടക്കം സുനി ജയിലിൽ വിളിച്ചെന്നും കണ്ടെത്തിയിരുന്നു. കൊലപാതക കേസിൽ തടവിൽ കഴിയുന്ന റഷീദ് എന്ന തടവുകാരൻ 223 മൊബൈൽ നമ്പറുകളിലേക്ക് 1345 തവണ ഫോൺ വിളിച്ചിരുന്നതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഇതേ ഫോണിൽ നിന്ന് മറ്റു തടവുകാരും വിളിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ജാമറുകൾ ഉൾപ്പെടെയുള്ള ശക്തമായ നിയന്ത്രണങ്ങൾ ഫലം കാണാത്ത അവസ്ഥയാണുള്ളത്. അതീവ ഗൗരവത്തെയാണ് വിഷയത്തെ ആഭ്യന്തര വകുപ്പ് നീരീക്ഷിക്കുന്നത്.

തിരുവനന്തപുരം: കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനത്തിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ എ ജയശങ്കർ. അമേഠിയിൽ തോറ്റ രാഹുൽ ഗാന്ധിയും ബെഗുസരായിൽ തോറ്റ കനയ്യ കുമാറും ചേർന്നാൽ അജയ്യ ശക്തിയാകുമെന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്നത്തെ നിലയ്ക്ക് സാമ്രാജ്യത്വത്തെയും ഫാസിസത്തെയും ചെറുക്കാൻ കോൺഗ്രസിനേ കഴിയൂ. മാർക്‌സിസത്തിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല, കമ്യൂണിസ്റ്റ് പാർട്ടിയോട് പിണക്കവുമില്ല. കനയ്യ കുമാർ ചുവന്ന ഷർട്ട് ധരിച്ചാണ് എഐസിസി ആസ്ഥാനത്ത് മെമ്പർഷിപ്പെടുക്കാൻ പോയതു പോലുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

മാർക്‌സിസത്തിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല, കമ്യൂണിസ്റ്റ് പാർട്ടിയോട് പിണക്കവുമില്ല. നോക്കൂ, ഞാൻ ചുവന്ന ഷർട്ട് ധരിച്ചാണ് എഐസിസി ആസ്ഥാനത്ത് മെമ്പർഷിപ്പെടുക്കാൻ പോയതു പോലും.

ഇന്നത്തെ നിലയ്ക്ക് സാമ്രാജ്യത്വത്തെയും ഫാസിസത്തെയും ചെറുക്കാൻ കോൺഗ്രസിനേ കഴിയൂ. അമേതിയിൽ തോറ്റ രാഹുൽഗാന്ധിയും ബെഗുസരായിൽ തോറ്റ ഞാനും ചേർന്നാൽ അജയ്യ ശക്തിയാകും. അതോടെ ബിജെപിയുടെ കട പൂട്ടും.

ബെയ്ജിംഗ്: ചൈനയിൽ കനത്ത വൈദ്യുതി ക്ഷാമം. വടക്കൻ പ്രവിശ്യയിൽ കൽക്കരിയുടെ വിലവർദ്ധനവും തെക്കൻ പ്രവിശ്യയിൽ ജലവൈദ്യുതി ഉത്പാദനത്തിന്റെ കുറവും ബെയ്ജിങ്ങിലെ വൈദ്യുത പ്രതിസന്ധി രൂക്ഷമാക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ ഉയർന്ന വിലയും വൈദ്യുത ക്ഷാമം രൂക്ഷമാക്കുന്നു.

ആഗോള വിതരണ ശൃംഖലയെ ഞെട്ടിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരായ ചൈന തങ്ങളുടെ ഫാക്ടറികളുടെ പോലും ഉത്പാദനം തടഞ്ഞ് ഊർജ്ജം സംരക്ഷിക്കാൻ നിർബന്ധിതരായിരിക്കുന്ന് അവസ്ഥയിലാണ്. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്നിലൊന്ന് വരുന്ന ജിയാങ്‌സു, സെജിയാങ്, ഗ്വാങ്‌ഡോങ് പ്രവിശ്യകളിലെ ഉൽപാദനത്തിൽ കുറവുണ്ടാക്കുമെന്നാണ് ചൈനീസ് നിർമ്മാതാക്കൾ വ്യക്തമാക്കുന്നത്. അതിനാൽ തന്നെ സാധനങ്ങളുടെ വില ഉയർത്തേണ്ട സാഹചര്യം വന്നേക്കാമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

കർശനമായ കോവിഡ് നിയന്ത്രണ നടപടികൾ, പ്രോപ്പർട്ടി മാർക്കറ്റിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള നിയന്ത്രണങ്ങൾ എന്നിവമൂലമുണ്ടായ പ്രശ്‌നങ്ങൾക്ക് പുറമേ ഊർജ്ജ പ്രതിസന്ധികൂടി ഉണ്ടാകുന്നത് ചൈനയുടെ സമ്പദ് വ്യാവസ്ഥയെ സാരമായി രീതിയിൽ ബാധിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ചൈനയിലെ തെക്കൻ പ്രവിശ്യകളിൽ ജൂൺ മുതൽ തന്നെ വൈദ്യുതി ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. നിർമ്മാതാക്കൾക്കുള്ള വൈദ്യുതി വിതരണം നിയന്ത്രിക്കാൻ പ്രാദേശിക ഉദ്യോഗസ്ഥർ ഉത്തരവിട്ടതോടെ ഫാക്ടറികൾ ഉത്പാദനം കുറയ്ക്കാൻ നിർബന്ധിതരായി. ഗ്വാങ്ഡോങ് പ്രവിശ്യ അവരുടെ ഊർജ്ജാവശ്യത്തിൻറെ 30 ശതമാനത്തിനും ജലവൈദ്യുതിയെയാണ് ആശ്രയിക്കുന്നത്. പക്ഷേ, ഇത്തവണത്തെ കടുത്ത വേനൽ ജലസംഭരണികളെ വറ്റിക്കുകയും പ്രവിശ്യയിലെ ഊർജ്ജ വിതരണത്തെ താറുമാറാക്കുകയും ചെയ്തുവെന്നാണ് വിവരം.

അധികമായി വൈദ്യുതി ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ചില വൈദ്യുതി കമ്പനികൾ നോട്ടീസ് അയച്ചിരിക്കുകയാണ്. രാവിലെ ഏഴ് മുതൽ രാത്രി 11 വരെയുള്ള സമയത്ത് പ്രവർത്തിക്കാതിരിക്കുകയോ, ആഴ്ചയിൽ രണ്ട് മൂന്ന് ദിവസം പ്രവർത്തനം പൂർണ്ണമായും നിർത്തുകയോ ചെയ്യാനാണ് ഇത്തരം കമ്പനികൽക്ക് ലഭിച്ചിരിക്കുന്ന നിർദേശം. ഇതനുസരിച്ച് ആപ്പിളും ടെസ്ലയും ഉൾപ്പടെയുള്ള നിരവധി അന്താരാഷ്ട്ര കമ്പനികൾ അനിശ്ചിതകാലത്തേക്ക് ഫാക്ടറി അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം വലിയയൊരു പ്രതിസന്ധിയാണ് യുകെയിലും ഉണ്ടായിരിക്കുന്നത്. ചൈനയിൽ വൈദ്യുത ക്ഷാമമാണെങ്കിൽ യുകെയിൽ പെട്രോൾ ക്ഷാമമാണ് അനുഭവപ്പെടുന്നത്. പെട്രോളിനുവേണ്ടി തെരുവിൽ പരസ്പരം തമ്മിൽതല്ലുന്നവരെയും പെട്രോൾ സ്റ്റേഷനുകൾക്ക് മുന്നിൽ നീണ്ട ക്യൂവിൽ പെട്ട് ഭക്ഷണവും ഉറക്കവും കാറുകളിൽ തന്നെയാക്കിയവരെയും യുകെയിൽ കാണാൻ കഴിയുന്നുണ്ട്. എന്നാൽ ഷെൽ, എക്‌സോൺ മൊബീൽ, ഗ്രീൻജെർജി എന്നിവയുൾപ്പെടെയുള്ള എണ്ണക്കമ്പനികൾ യുകെയിൽ പെട്രോൾ ക്ഷാമമില്ലെന്നാണ് പറയുന്നത്. ഉപയോക്താക്കളുടെ പെട്ടെന്നുള്ള തള്ളിക്കയറ്റമാണ് വിതരണത്തിൽ സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്നതെന്നാണ് കമ്പനികൾ വിശദമാക്കുന്നത്. തെറ്റായ പ്രചാരണങ്ങളെത്തുടർന്ന് ആളുകൾ കൂട്ടത്തോടെ എത്തിയതാണ് താൽക്കാലികമായ ഈ ക്ഷാമത്തിന് ഇടയാക്കിയതെന്നും ഇവർ അറിയിക്കുന്നു.

നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ രാജ്യത്ത് പെട്രോളിന് ക്ഷാമമുണ്ടെന്ന് വ്യക്തമാണ്. ഏകദേശം 5,500 സ്വതന്ത്ര ഔട്ട്‌ലെറ്റുകളിൽ മൂന്നിൽ രണ്ട് സ്ഥലങ്ങളിലും ഇപ്പോൾ ഇന്ധനം തീർന്നിരിക്കുകയാണെന്നും ബാക്കിയുള്ള സ്ഥലങ്ങളിൽ ഉടൻ ഇന്ധനം തീരുമെന്നും പെട്രോൾ റീട്ടെയിലേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ലോറി ഡ്രൈവർമാരുടെ അഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, വികസന അതോറിറ്റികൾ , സഹകരണ സ്ഥാപനങ്ങൾ, ദേവസ്വം ബോർഡുകൾ എന്നിവിടങ്ങിളിലെ നിയമനങ്ങളിൽ പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുുമാനം ഉണ്ടായത്. ജീവനക്കാരൻ ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനുള്ളിൽ പോലീസ് വെരിഫിക്കേഷൻ പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. ബന്ധപ്പെട്ട സ്ഥാപനങ്ങൾ നിയമങ്ങൾ/സ്റ്റാറ്റിയൂട്ടുകൾ/ചട്ടങ്ങൾ/ബൈലോ എന്നിവയിൽ മൂന്നുമാസത്തിനുള്ളിൽ ഭേദഗതി വരുത്തണമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന് ഭൂമി കൈമാറ്റം

ഇരിട്ടി, കല്യാട് വില്ലേജിൽ 41.7633 ഹെക്ടർ അന്യം നിൽപ്പ് ഭൂമിയും ലാൻറ് ബോർഡ് പൊതു ആവശ്യത്തിന് നീക്കിവച്ച 4.8608 ഹെക്ടർ മിച്ചഭൂമിയും ഉൾപ്പെടെ 46.6241 ഹെക്ടർ ഭൂമി അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട് സ്ഥാപിക്കുന്നതിന് കൈമാറി നൽകാൻ തീരുമാനിച്ചു. രണ്ട് സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾ പ്രകാരമാണിത്. നിബന്ധനകൾക്ക് വിധേയമായി ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിലനിർത്തി കൈവശാവകാശം ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറും. ഭൂമി അനുവദിക്കുന്ന തിയതി മുതൽ ഒരുവർഷത്തിനകം നിർദ്ദിഷ്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണം.

സ്റ്റാഫ് പാറ്റേൺ പുതുക്കും

വിനോദസഞ്ചാര വകുപ്പിനു കീഴിൽ കോഴിക്കോട് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻറിലെ സ്റ്റാഫ് പാറ്റേൺ നാഷണൽ കൗൺസിൽ ഓഫ് ഹോട്ടൽ മാനേജ്‌മെൻറ് ആൻറ് കാറ്ററിംഗ് ടെക്‌നോളജി മാർഗരേഖ പ്രകാരം പുതുക്കാൻ തീരുമാനിച്ചു.

സാമൂഹിക സാമ്പത്തിക സർവ്വേക്ക് അനുമതി

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിനുള്ള സംസ്ഥാന കമ്മിഷൻറെ സാമൂഹിക സാമ്പത്തിക സർവ്വേ കുടുംബശ്രീ മുഖേന നടത്തുന്നതിന് അനുമതി നൽകി. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ വാർഡുകളിലെ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന അഞ്ചുവീതം കുടുംബങ്ങളെ കണ്ടെത്തി വിവരശേഖരം നടത്തുന്നതിന് 75,67,090 രൂപ വിനിയോഗിക്കുന്നതിനും അനുമതി നൽകി.

അഭിഭാഷക പാനൽ

സുപ്രീം കോടതിയിൽ സംസ്ഥാനത്തിൻറെ കേസുകൾ നടത്തുന്നതിനുള്ള സീനിയർ അഭിഭാഷകരുടെ പാനലിൽ രഞ്ജിത്ത് തമ്പാനെ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

ന്യൂഡൽഹി: പഞ്ചാബ് പി സി സി അധ്യക്ഷ സ്ഥാനം രാജിവച്ച നവ്‌ജ്യോത് സിങ് സിദ്ദുവിനെ മുന്നിൽ നിറുത്തി പോകാൻ കഴിയില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് ഹൈക്കമാന്റ്. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതിനെ കുറിച്ചുള്ള ആലോചന നടക്കുന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.

പഞ്ചാബ് കോൺഗ്രസിൽ പുതിയ അധ്യക്ഷനെ ഉടൻ തെരഞ്ഞെടുക്കുമെന്നാണ് വിവരം. നവജ്യോത് സിംഗ് സിദ്ദുവിനെ അനുനയിപ്പിക്കേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ്. അനുനയ ചർച്ചയുമായി കോൺഗ്രസ് ഹൈക്കമാന്റ് എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് ചണ്ഡിഗഢിലേക്ക് അയക്കാൻ തീരമാനിച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. കാര്യങ്ങൾ നിരീക്ഷിക്കാനാണ് നിലവിലെ തീരുമാനം. സിദ്ദുവിന്റെ നിലപാടിനൊപ്പമല്ല പാർട്ടി എന്ന് വ്യക്തമാക്കുന്ന നടപടികളാണ് ഹൈക്കമാണ്ടിന്റെ ഭാ?ഗത്ത് നിന്നും ഉണ്ടാകുന്നതെന്ന സൂചനകളാണ് പുറത്തു വരുന്നത്.

രാജിയിൽ ഉറച്ച് നിൽക്കുന്നതായാണ് നവ്‌ജ്യോത് സിങ് സിദ്ദു അറിയിച്ചിരിക്കുന്നത്. പഞ്ചാബിന് വേണ്ടിയാണ് തീരുമാനമെന്നും സത്യത്തിനായി പോരാടുമെന്നും സിദ്ദു പറഞ്ഞിരുന്നു. പഞ്ചാബിനായി എന്തും ത്യജിക്കാൻ തയാറാണെന്നും നവ് ജ്യോദ് സിങ് സിദ്ദു വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്ന ഈജിപ്ഷ്യൻ മുസ്ലീം പണ്ഡിതന്റെ പുസ്തകം നിരോധിക്കണമെന്ന ആവശ്യവുമായി സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. അഹമ്മദ് ഇബ്രാഹിം അൽ ദുംയാതി എഴുതിയ വിജയത്തിന്റെ വാതിൽ, വാളിന്റെ തണലിൽ എന്ന പുസ്തകത്തിനെതിരെയാണ് (Mashari al-Ashwaq Ila Masari al-Ushaaq ) ഡിജിപി രംഗത്തെത്തിയത്.

പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതനാണ് ഇബ്രാഹിം അൽ ദുംയാതി. ഈ പുസ്തകം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് പൊലീസിന്റെ നിരീക്ഷണം. മത സ്പർധ വളർത്തുന്ന ഉള്ളടക്കം ആണ് പുസ്തകത്തിലെന്നും ഭീകര സംഘടനകളിൽ ചേരാൻ യുവാക്കളെ പ്രേരിപ്പിക്കുന്നതാണ് ഇതെന്നാണ് ഡിജിപി അറിയിക്കുന്നത്.

പുസ്തകം നിരോധിക്കണമെന്ന അനിൽ കാന്തിന്റെ നിർദ്ദേശത്തെ തുടർന്ന് പുസ്തകം പഠിക്കാൻ സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. പിആർഡി ഡയറക്ടർ എസ് ഹരികിഷോർ, ആഭ്യന്തര സുരക്ഷ ഐജി ജി സ്പർജൻ കുമാർ, ഡോക്ടർ എൻ കെ ജയകുമാർ എന്നിവരാണ് സമിതി അംഗങ്ങൾ.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ മാർഗ്ഗരേഖ പുറത്തിറക്കും. ഒക്ടോബർ അഞ്ചിനകം മാർഗരേഖ പുറത്തിറക്കും. നവംബർ ഒന്നിന് സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങൾ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പ്രോട്ടോക്കോളിന് വിദ്യാഭ്യാസ, ഗതാഗതമന്ത്രി തല ചർച്ചയിൽ അംഗീകാരം നൽകി. മാർഗനിർദ്ദേശങ്ങൾ എല്ലാ സ്‌കൂളുകൾക്കും കൈമാറും.

വിദ്യാർത്ഥികൾക്കുള്ള യാത്ര കൺസഷൻ തുടരാനും അധികൃതർ തീരുമാനിച്ചു. സ്‌കൂളുകൾ ആവശ്യപ്പെട്ടാൽ കെഎസ്ആർടി ബോണ്ട് സർവ്വീസുകൾ അനുവദിക്കാനുംതീരുമാനമായി. ഇതിനുള്ള നിരക്ക് ബന്ധപ്പെട്ട സ്‌കൂൾ അധികൃതരും കെഎസ്ആർടിസിയും ചേർന്ന് തീരുമാനിക്കും. കെഎസ്ആർടിസി ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് നിലവിലുള്ള കൺസഷൻ അതേപടി തുടരും. സ്വകാര്യ ബസുകളിലെ കൺസഷൻ നിരക്കിൽ ഉടൻ തീരുമാനമുണ്ടാകും.

ഉച്ചവരെ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസ് നടക്കുക. ബെഞ്ചിൽ ഒന്നോ രണ്ടോ കുട്ടികൾ, ഉച്ചഭക്ഷണം സ്‌കൂളിൽ വേണ്ട എന്നതടക്കമുള്ള അടിസ്ഥാനകാര്യങ്ങളിലും ധാരണയായി. ഓരോ സ്‌കൂളിലെയും കുട്ടികളുടെ എണ്ണം നോക്കി എങ്ങിനെ ബാച്ച് തിരിക്കണം. ഓഫ്‌ലൈൻ ക്ലാസിന് സമാന്തരമായുള്ള ഓൺലൈൻ ക്ലാസുകളുടെ സമയത്തിൽ മാറ്റം വേണോ എന്നതടക്കം വിശദമായ അന്തിമ മാർഗ്ഗരേഖ തയ്യാറാക്കുമെന്ന് അധികൃതർ അറിയിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള കൗൺസിലിംഗിന് ആരോഗ്യവകുപ്പും, സുരക്ഷാ ഉറപ്പാക്കാനും സ്‌കൂൾ ബസ്സുകളുടെ അറ്റകുറ്റപ്പണിക്കും പൊലീസും നടപടികൾ ആരംഭിച്ചു.