സ്‌കൂൾ തുറക്കൽ; ഒക്ടോബർ അഞ്ചിനകം മാർഗരേഖ പുറത്തിറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ മാർഗ്ഗരേഖ പുറത്തിറക്കും. ഒക്ടോബർ അഞ്ചിനകം മാർഗരേഖ പുറത്തിറക്കും. നവംബർ ഒന്നിന് സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങൾ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പ്രോട്ടോക്കോളിന് വിദ്യാഭ്യാസ, ഗതാഗതമന്ത്രി തല ചർച്ചയിൽ അംഗീകാരം നൽകി. മാർഗനിർദ്ദേശങ്ങൾ എല്ലാ സ്‌കൂളുകൾക്കും കൈമാറും.

വിദ്യാർത്ഥികൾക്കുള്ള യാത്ര കൺസഷൻ തുടരാനും അധികൃതർ തീരുമാനിച്ചു. സ്‌കൂളുകൾ ആവശ്യപ്പെട്ടാൽ കെഎസ്ആർടി ബോണ്ട് സർവ്വീസുകൾ അനുവദിക്കാനുംതീരുമാനമായി. ഇതിനുള്ള നിരക്ക് ബന്ധപ്പെട്ട സ്‌കൂൾ അധികൃതരും കെഎസ്ആർടിസിയും ചേർന്ന് തീരുമാനിക്കും. കെഎസ്ആർടിസി ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് നിലവിലുള്ള കൺസഷൻ അതേപടി തുടരും. സ്വകാര്യ ബസുകളിലെ കൺസഷൻ നിരക്കിൽ ഉടൻ തീരുമാനമുണ്ടാകും.

ഉച്ചവരെ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസ് നടക്കുക. ബെഞ്ചിൽ ഒന്നോ രണ്ടോ കുട്ടികൾ, ഉച്ചഭക്ഷണം സ്‌കൂളിൽ വേണ്ട എന്നതടക്കമുള്ള അടിസ്ഥാനകാര്യങ്ങളിലും ധാരണയായി. ഓരോ സ്‌കൂളിലെയും കുട്ടികളുടെ എണ്ണം നോക്കി എങ്ങിനെ ബാച്ച് തിരിക്കണം. ഓഫ്‌ലൈൻ ക്ലാസിന് സമാന്തരമായുള്ള ഓൺലൈൻ ക്ലാസുകളുടെ സമയത്തിൽ മാറ്റം വേണോ എന്നതടക്കം വിശദമായ അന്തിമ മാർഗ്ഗരേഖ തയ്യാറാക്കുമെന്ന് അധികൃതർ അറിയിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള കൗൺസിലിംഗിന് ആരോഗ്യവകുപ്പും, സുരക്ഷാ ഉറപ്പാക്കാനും സ്‌കൂൾ ബസ്സുകളുടെ അറ്റകുറ്റപ്പണിക്കും പൊലീസും നടപടികൾ ആരംഭിച്ചു.