ബെയ്ജിംഗ്: ചൈനയിൽ കനത്ത വൈദ്യുതി ക്ഷാമം. വടക്കൻ പ്രവിശ്യയിൽ കൽക്കരിയുടെ വിലവർദ്ധനവും തെക്കൻ പ്രവിശ്യയിൽ ജലവൈദ്യുതി ഉത്പാദനത്തിന്റെ കുറവും ബെയ്ജിങ്ങിലെ വൈദ്യുത പ്രതിസന്ധി രൂക്ഷമാക്കുന്നു. അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വിലയും വൈദ്യുത ക്ഷാമം രൂക്ഷമാക്കുന്നു.
ആഗോള വിതരണ ശൃംഖലയെ ഞെട്ടിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരായ ചൈന തങ്ങളുടെ ഫാക്ടറികളുടെ പോലും ഉത്പാദനം തടഞ്ഞ് ഊർജ്ജം സംരക്ഷിക്കാൻ നിർബന്ധിതരായിരിക്കുന്ന് അവസ്ഥയിലാണ്. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്നിലൊന്ന് വരുന്ന ജിയാങ്സു, സെജിയാങ്, ഗ്വാങ്ഡോങ് പ്രവിശ്യകളിലെ ഉൽപാദനത്തിൽ കുറവുണ്ടാക്കുമെന്നാണ് ചൈനീസ് നിർമ്മാതാക്കൾ വ്യക്തമാക്കുന്നത്. അതിനാൽ തന്നെ സാധനങ്ങളുടെ വില ഉയർത്തേണ്ട സാഹചര്യം വന്നേക്കാമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
കർശനമായ കോവിഡ് നിയന്ത്രണ നടപടികൾ, പ്രോപ്പർട്ടി മാർക്കറ്റിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള നിയന്ത്രണങ്ങൾ എന്നിവമൂലമുണ്ടായ പ്രശ്നങ്ങൾക്ക് പുറമേ ഊർജ്ജ പ്രതിസന്ധികൂടി ഉണ്ടാകുന്നത് ചൈനയുടെ സമ്പദ് വ്യാവസ്ഥയെ സാരമായി രീതിയിൽ ബാധിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ചൈനയിലെ തെക്കൻ പ്രവിശ്യകളിൽ ജൂൺ മുതൽ തന്നെ വൈദ്യുതി ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. നിർമ്മാതാക്കൾക്കുള്ള വൈദ്യുതി വിതരണം നിയന്ത്രിക്കാൻ പ്രാദേശിക ഉദ്യോഗസ്ഥർ ഉത്തരവിട്ടതോടെ ഫാക്ടറികൾ ഉത്പാദനം കുറയ്ക്കാൻ നിർബന്ധിതരായി. ഗ്വാങ്ഡോങ് പ്രവിശ്യ അവരുടെ ഊർജ്ജാവശ്യത്തിൻറെ 30 ശതമാനത്തിനും ജലവൈദ്യുതിയെയാണ് ആശ്രയിക്കുന്നത്. പക്ഷേ, ഇത്തവണത്തെ കടുത്ത വേനൽ ജലസംഭരണികളെ വറ്റിക്കുകയും പ്രവിശ്യയിലെ ഊർജ്ജ വിതരണത്തെ താറുമാറാക്കുകയും ചെയ്തുവെന്നാണ് വിവരം.
അധികമായി വൈദ്യുതി ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ചില വൈദ്യുതി കമ്പനികൾ നോട്ടീസ് അയച്ചിരിക്കുകയാണ്. രാവിലെ ഏഴ് മുതൽ രാത്രി 11 വരെയുള്ള സമയത്ത് പ്രവർത്തിക്കാതിരിക്കുകയോ, ആഴ്ചയിൽ രണ്ട് മൂന്ന് ദിവസം പ്രവർത്തനം പൂർണ്ണമായും നിർത്തുകയോ ചെയ്യാനാണ് ഇത്തരം കമ്പനികൽക്ക് ലഭിച്ചിരിക്കുന്ന നിർദേശം. ഇതനുസരിച്ച് ആപ്പിളും ടെസ്ലയും ഉൾപ്പടെയുള്ള നിരവധി അന്താരാഷ്ട്ര കമ്പനികൾ അനിശ്ചിതകാലത്തേക്ക് ഫാക്ടറി അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം വലിയയൊരു പ്രതിസന്ധിയാണ് യുകെയിലും ഉണ്ടായിരിക്കുന്നത്. ചൈനയിൽ വൈദ്യുത ക്ഷാമമാണെങ്കിൽ യുകെയിൽ പെട്രോൾ ക്ഷാമമാണ് അനുഭവപ്പെടുന്നത്. പെട്രോളിനുവേണ്ടി തെരുവിൽ പരസ്പരം തമ്മിൽതല്ലുന്നവരെയും പെട്രോൾ സ്റ്റേഷനുകൾക്ക് മുന്നിൽ നീണ്ട ക്യൂവിൽ പെട്ട് ഭക്ഷണവും ഉറക്കവും കാറുകളിൽ തന്നെയാക്കിയവരെയും യുകെയിൽ കാണാൻ കഴിയുന്നുണ്ട്. എന്നാൽ ഷെൽ, എക്സോൺ മൊബീൽ, ഗ്രീൻജെർജി എന്നിവയുൾപ്പെടെയുള്ള എണ്ണക്കമ്പനികൾ യുകെയിൽ പെട്രോൾ ക്ഷാമമില്ലെന്നാണ് പറയുന്നത്. ഉപയോക്താക്കളുടെ പെട്ടെന്നുള്ള തള്ളിക്കയറ്റമാണ് വിതരണത്തിൽ സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്നതെന്നാണ് കമ്പനികൾ വിശദമാക്കുന്നത്. തെറ്റായ പ്രചാരണങ്ങളെത്തുടർന്ന് ആളുകൾ കൂട്ടത്തോടെ എത്തിയതാണ് താൽക്കാലികമായ ഈ ക്ഷാമത്തിന് ഇടയാക്കിയതെന്നും ഇവർ അറിയിക്കുന്നു.
നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ രാജ്യത്ത് പെട്രോളിന് ക്ഷാമമുണ്ടെന്ന് വ്യക്തമാണ്. ഏകദേശം 5,500 സ്വതന്ത്ര ഔട്ട്ലെറ്റുകളിൽ മൂന്നിൽ രണ്ട് സ്ഥലങ്ങളിലും ഇപ്പോൾ ഇന്ധനം തീർന്നിരിക്കുകയാണെന്നും ബാക്കിയുള്ള സ്ഥലങ്ങളിൽ ഉടൻ ഇന്ധനം തീരുമെന്നും പെട്രോൾ റീട്ടെയിലേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ലോറി ഡ്രൈവർമാരുടെ അഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.

