General (Page 1,391)

ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസിന്റെ അനുനയ ശ്രമങ്ങൾ ഫലം കാണുന്നു. പഞ്ചാബ് പിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ച നവ്‌ജ്യോത് സിംഗ് സിദ്ദുവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരൺസിംഗ് ചന്നി നടത്തിയ ചർച്ചയിൽ പുരോഗതി ഉണ്ടായതായാണ് വിവരം. സിദ്ദു മുന്നോട്ടു വച്ച ആവശ്യങ്ങളിൽ ചിലത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡി.ജി.പി, അഡ്വക്കേറ്റ് ജനറൽ എന്നിവരെ മാറ്റണം എന്ന സിദ്ദുവിന്റെ ആവശ്യം മന്ത്രിസഭ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായാണ് സൂചനകൾ. സിദ്ദു രാജി പിൻവലിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

അതേ സമയം മന്ത്രിമാരെ മാറ്റാൻ സാദ്ധ്യതയില്ലെന്നാണ് വിവരം. ആഭ്യന്തര വകുപ്പിന്റെ കാര്യത്തിലും വിട്ടുവീഴ്ചയുണ്ടാകില്ല. പഞ്ചാബിൽ പുതുതായി ചുമതലയേറ്റ ചന്നി സർക്കാരിൽ തന്റെ അനുയായികളായ എം.എൽ.എമാരെ ഉൾപ്പെടുത്താതിരുന്നതിൽ സിദ്ദുവിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ നിന്നും സിദ്ദുവിനെ എ.ഐ.സി.സി നേതൃത്വം പൂർണമായും മാറ്റി നിർത്തുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സിദ്ദു പിസിസി അദ്ധ്യക്ഷ സ്ഥാനം രാജി വെച്ചത്.

ഇസ്ലാമാബാദ്: പാകിസ്താനിൽ ചൈന തങ്ങളുടെ സ്വാധീനം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് അമേരിക്കയുമായും അറബ് രാജ്യങ്ങളുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന പാകിസ്താന് ഇപ്പോൾ ചൈനയാണ് എല്ലാം. ചൈനയുടെ അയൺ ബ്രദർ എന്ന സ്ഥാനമാണ് പൊതുവേദികളിൽ പാകിസ്താനുള്ളത്. എന്നാൽ പാകിസ്താനെ ചൈന സാമ്പത്തികമായി സഹായിക്കുന്നത് വിദേശ വാണിജ്യ ബാങ്കുകൾ ഈടാക്കുന്ന പലിശവാങ്ങിച്ചിട്ടാണെന്നാണ് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചൈന പാകിസ്താൻ സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച ശേഷമാണ് ചൈന പാകിസ്താനിലേക്ക് പണം ഒഴുക്ക് ആരംഭിച്ചത്. പണം നൽകി സഹായിച്ച് തിരിച്ചടയ്ക്കാൻ കഴിയാതെ വരുമ്പോൾ പദ്ധതി പൂർണമായും സ്വന്തമാക്കുക എന്നതാണ് ചൈനയുടെ ശീലം. ശ്രീലങ്കയടക്കമുള്ള രാജ്യങ്ങൾ ഇത്തരത്തിൽ ചൈനയുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ട്. ഇതേലക്ഷ്യത്തോടെയാണ് പാകിസ്താനെയും ചൈന സഹായിക്കുന്നത്. ചൈന പാകിസ്ഥാന് കൊടുത്ത സാമ്പത്തിക സഹായം കൂടുതലായും ഊർജ്ജ, ഗതാഗത മേഖലകളിലാണ്. ഈ നിക്ഷേപങ്ങൾ നാളെ തങ്ങൾക്ക് ഉപകാരപ്രദമാവും എന്ന കണക്ക് കൂട്ടലിലാണ് ചൈനയുടെ നീക്കങ്ങൾ.

2000 മുതൽ 2017 വരെയുള്ള കാലയളവിൽ ചൈന പാകിസ്താന് 34.4 ബില്യൺ ഡോളറാണ് കടമായി നൽകിയിട്ടുള്ളത്. നിലവിൽ 27.3 ബില്യൺ ഡോളറിന്റെ 71 പദ്ധതികളാണ് പാകിസ്താനിൽ പുരോഗമിക്കുന്നത്. ചൈന പദ്ധതികൾക്കായി പണം കടം നൽകുമ്പോൾ പദ്ധതിക്കാവശ്യമായ സാധനങ്ങൾ, അതിന്റെ നിർമ്മാണം എന്നിവ തങ്ങളുടെ രാജ്യത്ത് നിന്നുള്ള കമ്പനികൾക്ക് നൽകണമെന്ന ഉപാധി മുന്നോട്ട് വെയ്ക്കുന്നുണ്ട്.

ഇത് ചെയ്യുന്നതിനാൽ പദ്ധതിക്കായി ചിലവഴിക്കുന്ന തുകയുടെ നല്ലൊരു പങ്കും ചൈന തിരികെ കൊണ്ടുപോകും. വായ്പ എടുക്കുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ വിപണിയിലടക്കം യാതൊരു പുരോഗതിയും ഉണ്ടാകില്ല. ചൈന പാകിസ്താന് നൽകിയ വായ്പയിൽ ഭൂരിഭാഗവും 3.7 ശതമാനം പലിശ ഈടാക്കുന്നുവയാണ്. 13.2 വർഷത്തേയ്ക്കാണ് ചൈന ലോൺ അനുവദിക്കുന്നത്. കൂടുതലായും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ, സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾ, സംയുക്ത സംരംഭങ്ങൾ, സ്വകാര്യ മേഖല സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് ചൈന വായ്പ അനുവദിക്കുക. പ്രത്യേക പദ്ധതികളായി വിഭാവനം ചെയ്യുന്നതിനാൽ സർക്കാരിന്റെ രേഖകളിൽ ഈ ഇടപാടുകളുടെ വിവരങ്ങൾ ലഭിക്കുക ഇല്ല. എന്നാൽ തിരിച്ചടവ് മുടങ്ങിയാൽ സർക്കാർ ഗ്യാരണ്ടി നിൽക്കുകയും വേണം. അമേരിക്കയിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കൂടുതൽ തുകയാണ് ചൈനയിൽ നിന്നും പാകിസ്താന് ലഭിക്കുന്നത്.

ന്യൂഡൽഹി: മുതിർന്ന നേതാവ് കപിൽ സിബലിന് പിന്തുണ അറിയിച്ച് ശശി തരൂർ എംപി. കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച കപിൽ സിബലിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ശശി തരൂർ അദ്ദേഹത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. കപിൽ സിബലിനെതിരായ പ്രതിഷേധം ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. കപിൽ സിബലിന്റെ അഭിപ്രായത്തോട് വിയോജിപ്പുണ്ടായാലും അദ്ദേഹത്തെ കേൾക്കാൻ തയാറാകണമെന്ന് തരൂർ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതു ലജ്ജാകരമാണ്. കപിൽ സിബൽ യഥാർഥ കോൺഗ്രസുകാരനാണെന്നു നമുക്കെല്ലാം അറിയാം. ഇന്ത്യൻ നാഷനൽ കോൺഗ്രസിനായി കോടതിയിൽ ഒട്ടേറെ കേസുകൾ വാദിച്ചിട്ടുള്ള ആളാണ് അദ്ദേഹം. ഒരു ജനാധിപത്യ പാർട്ടി എന്ന നിലയിൽ അദ്ദേഹത്തിനു പറയാനുള്ളത് എന്താണെന്നു നാം കേൾക്കണം. ആവശ്യമെങ്കിൽ അതിനോടു വിയോജിക്കാം. പക്ഷേ ഇങ്ങനെയല്ല വേണ്ടതെന്നും ബിജെപിയെ നേരിടുന്നതിനായി നമ്മെ കൂടുതൽ കരുത്തുറ്റതാക്കുകയാണു വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കപിൽ സിബൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. പ്രസിഡന്റ് ഇല്ലാതെ പാർട്ടി മുന്നോട്ടു പോകുന്നത് തുടരുകയാണെന്നും ആരാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് ആർക്കും അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

തങ്ങളുടെ പാർട്ടിയിൽ പ്രസിഡന്റ് ഇല്ല. അതുകൊണ്ടു തന്നെ ആരാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് തങ്ങൾക്ക് അറിയുകയില്ല. ഞങ്ങൾക്കറിയാം, എന്നാലും അറിയില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആരെയും പേരെടുത്തു പറഞ്ഞായിരുന്നില്ല, സിബലിന്റെ വിമർശനം. പഞ്ചാബ് വിഷയത്തിൽ തീരുമാനം കൈക്കൊണ്ട കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധിയെയും ഉദ്ദേശിച്ചായിരുന്നു സിബലിന്റെ പരാമർശങ്ങളെന്നാണ് റിപ്പോർട്ട്. തങ്ങൾ ഗ്രൂപ്പ് 23 ആണെന്നും അല്ലാതെ ‘ജി ഹുസൂർ-23’ (ശരി അങ്ങുന്നേ) അല്ലെന്നും കബിൽ സിബൽ വ്യക്തമാക്കിയിരുന്നു.

ന്യൂയോർക്ക്: അഫ്ഗാനിൽ ഐഎസ് ശക്തിപ്രാപിക്കുമെന്ന് യുഎസ് സംയുക്ത സൈനിക മേധാവി മാർക് മില്ലി. യു എസ് സെനറ്റിലെ സേനാ സമിതിക്കു മുന്നിലാണ് മില്ലി ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കൻ സൈനിക സാന്നിധ്യത്തെയും സാങ്കേതിക മികവിനെയും അമിതമായി ആശ്രയിക്കാൻ അഫ്ഗാൻ സൈന്യത്തെ പ്രേരിപ്പിച്ചതാണ് യുഎസ് സൈന്യത്തിന്റെ വലിയ പരാജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശത്രുവിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ കാബൂൾ. താലിബാനു കീഴിൽ അൽ ഖായിദയോ അഫ്ഗാനിസ്താനിലെ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല വിഭാഗമോ അഫ്ഗാനിൽ പുനസംഘടിക്കാൻ സാധ്യതയേറെയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

12 മുതൽ 36 മാസത്തിനുള്ളിൽ അമേരിക്കയ്ക്ക് മേൽ ഒരു ഭീകരാക്രമണ ഭീഷണിയും അത് ഉയർത്തുന്നുണ്ട്. അൽ ഖായിദയുമായി ബന്ധം നിലനിർത്തുന്നവരാണ് താലിബാൻ എന്നതും താലിബാൻ ഇപ്പോഴും ഒരു തീവ്രവാദ സംഘടനയാണെന്നതും മറക്കരുതെന്നും മറക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഫ്ഗാൻ യുദ്ധം തന്ത്രപരമായി പരാജയമായിരുന്നു. അഫ്ഗാൻ സർക്കാരിനു പിന്തുണയേകി 2,500 യുഎസ് സൈനികരെയെങ്കിലും അവിടെ നിലനിർത്തണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സെൻട്രൽ കമാൻഡ് ജനറലായിരുന്ന ഫ്രാങ്ക് മകെൻസി അഫ്ഗാൻ വിഷയത്തിൽ പ്രകടിപ്പിച്ച അഭിപ്രായത്തോടും മില്ലി യോജിക്കുകയും ചെയ്തു. അവസാന മാസങ്ങളിൽ അഫ്ഗാനിലെ യുദ്ധത്തിന് നേതൃത്വം നൽകിയത് ഫ്രാങ്ക് മകെൻസിയാണ്. അഫ്ഗാനിൽ നിന്നുള്ള സേനാ പിൻമാറ്റത്തിൽ യുഎസ് സൈന്യത്തിന്റെയും പ്രസിഡന്റ് ജോ ബൈഡന്റെയും നിലപാടുകൾ വ്യത്യസ്തമായിരുന്നെന്നു സൂചിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് മില്ലി നടത്തിയത്.

എന്നാൽ വിഷയത്തിൽ ജോ ബൈഡന്റെ നിലപാടിന് പിന്തുണ അറിയിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. എന്നാൽ കൃത്യതയാർന്ന നിലപാടിനാണ് പ്രസിഡന്റ് പരിഗണന നൽകിയതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇക്കാര്യത്തിൽ വിദഗ്ധ സമിതിയുടേയും ദേശീയ സുരക്ഷാ സംഘത്തിന്റേയും അഭിപ്രായങ്ങൾ പരിഗണിച്ചിരുന്നു. സൈനിക സാന്നിധ്യം ഉറപ്പാക്കി താലിബാനുമായി യുദ്ധത്തിനല്ല, കൂടുതൽ മരണം ഒഴിവാക്കാനാണ് തീരുമാനമെടുത്തതെന്നും അമേരിക്കൻ ജനതയുടെയും സൈന്യത്തിന്റെയും താൽപര്യം അതായിരുന്നതായി അദ്ദേഹം കരുതുന്നുവെന്നും വൈറ്റ് ഹൗസ് അറിയിച്ചു. അഭിപ്രായങ്ങൾ എന്താണെങ്കിലും സർവ സൈന്യാധിപനാണ് അതിൽ തീരുമാനം കൈകൊള്ളേണ്ടത്. 20 വർഷം നീണ്ട യുദ്ധം അവസാനിപ്പിക്കാനാണ് അദ്ദേഹം തീരുമാനിച്ചതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി വിശദീകരിച്ചു.

തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിനുള്ള സംസ്ഥാന കമ്മിഷന്റെ സാമൂഹിക സാമ്പത്തിക സർവ്വേ കുടുംബശ്രീ മുഖേന നടത്തുന്നതിന് അനുമതി നൽകി സംസ്ഥാന സർക്കാർ. ബുധനാഴ്ച്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ വാർഡുകളിലെ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന അഞ്ചുവീതം കുടുംബങ്ങളെ കണ്ടെത്തി വിവരശേഖരം നടത്തുന്നതിന് 75,67,090 രൂപ വിനിയോഗിക്കുന്നതിനും മന്ത്രിസഭാ യോഗം അനുമതി നൽകി.

മന്ത്രിസഭാ യോഗത്തിലെ മറ്റ് പ്രധാന തീരുമാനങ്ങൾ:

  • എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, വികസന അതോറിറ്റികൾ, സഹകരണ സ്ഥാപനങ്ങൾ, ദേവസ്വംബോർഡുകൾ എന്നിവിടങ്ങിളിലെ നിയമനങ്ങളിൽ പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കാൻ തീരുമാനിച്ചു. ജീവനക്കാരൻ ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കണം. ബന്ധപ്പെട്ട സ്ഥാപനങ്ങൾ നിയമങ്ങൾ/സ്റ്റാറ്റിയൂട്ടുകൾ/ചട്ടങ്ങൾ/ബൈലോ എന്നിവയിൽ മൂന്നുമാസത്തിനുള്ളിൽ ഭേദഗതി വരുത്തണം.
  • ഇരിട്ടി, കല്യാട് വില്ലേജിൽ 41.7633 ഹെക്ടർ അന്യം നിൽപ്പ് ഭൂമിയും ലാൻറ് ബോർഡ് പൊതു ആവശ്യത്തിന് നീക്കിവച്ച 4.8608 ഹെക്ടർ മിച്ചഭൂമിയും ഉൾപ്പെടെ 46.6241 ഹെക്ടർ ഭൂമി അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട് സ്ഥാപിക്കുന്നതിന് കൈമാറി നൽകാൻ തീരുമാനിച്ചു. രണ്ട് സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾ പ്രകാരമാണിത്. നിബന്ധനകൾക്ക് വിധേയമായി ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിലനിർത്തി കൈവശാവകാശം ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറും. ഭൂമി അനുവദിക്കുന്ന തിയതി മുതൽ ഒരുവർഷത്തിനകം നിർദ്ദിഷ്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണം.
  • വിനോദസഞ്ചാര വകുപ്പിനു കീഴിൽ കോഴിക്കോട് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിലെ സ്റ്റാഫ് പാറ്റേൺ നാഷണൽ കൗൺസിൽ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി മാർഗരേഖ പ്രകാരം പുതുക്കാൻ തീരുമാനിച്ചു.
  • സുപ്രീം കോടതിയിൽ സംസ്ഥാനത്തിന്റെ കേസുകൾ നടത്തുന്നതിനുള്ള സീനിയർ അഭിഭാഷകരുടെ പാനലിൽ രഞ്ജിത്ത് തമ്പാനെ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

ചെങ്ങന്നൂർ: മോൻസൺ മാവുങ്കലിനെതിരെ ആരോപണങ്ങളുമായി പന്തളം കൊട്ടാരം. മോൻസന്റെ കൈവശമുണ്ടായിരുന്ന വ്യാജ ചെമ്പോല പന്തളം കൊട്ടാരത്തിന്റേതെന്ന പേരിൽ പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നതായാണ് പന്തളം കൊട്ടാരം ആരോപിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുള്ള ഭക്തജന സമരം തകർക്കാനാണ് വ്യാജ ചെമ്പോല അവതരിപ്പിച്ചത്. ഇത്തരം ഒരു ചെമ്പോലയെക്കുറിച്ച് പന്തളം കൊട്ടാരത്തിന് അറിവില്ല. ആധികാരികത പരിശോധിക്കണമെന്നാവശ്യപ്പെട്ട് പുരാവസ്തു വകുപ്പിന് പരാതി നൽകുമെന്നാണ് കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശശികുമാര വർമ്മ അറിയിക്കുന്നത്.

യുവതീപ്രവേശന വിവാദസമയത്താണ് ശബരിമല മൂന്നര നൂറ്റാണ്ടു മുൻപ് ദ്രാവിഡ ആരാധനാ കേന്ദ്രമായിരുന്നെന്ന് സൂചിപ്പിക്കുന്ന രാജമുദ്രയുള്ള രേഖ വാർത്തയിൽ നിറഞ്ഞത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന സർക്കാരും രേഖയുടെ ആധികാരികത പരിശോധിക്കണമെന്നാണ് ശശികുമാര വർമ്മയുടെ ആവശ്യം. രേഖയ്ക്ക് 351 വർഷം പഴക്കമുണ്ടെന്നായിരുന്നു അവകാശവാദം.

യുവതീ പ്രവേശന വിവദ സമയത്ത് ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് ലഭ്യമാകുന്ന ഏറ്റവും പഴയ രേഖയാണിതെന്നും വ്യാഖ്യാനങ്ങളുണ്ടായി. പലരും ചർച്ചകളിൽ ഈ രേഖ ആധികാരികമായി ഉദ്ധരിക്കുകയും ചെയ്തു. മോൻസൻ മാവുങ്കലിന്റെ തട്ടിപ്പിനെ കുറിച്ച് പുറംലോകം അറിഞ്ഞതോടെയാണ് ചെമ്പോലയ്ക്ക് പിന്നിലെ യാഥാർത്ഥ്യം പുറത്തു കൊണ്ടു വരണമെന്നാവശ്യപ്പെട്ട് പന്തളം കൊട്ടാരം രംഗത്തെത്തിയത്.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി മമതാ ബാനർജി ജനവിധി തേടുന്ന ഭവാനിപൂർ ഉൾപ്പെടെയുള്ള നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മമത ബാനർജിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായ ഉപതെരഞ്ഞെടുപ്പാണിത്. പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രിയായി തുടരണമെങ്കിൽ മമത ബാനർജിയ്ക്ക് ഈ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കണം.

രാവിലെ ഏഴു മണിയ്ക്കാണ് ബംഗാളിൽ പോളിങ് ആരംഭിച്ചത്. ഒക്ടോബർ മൂന്നിന് വോട്ടെണ്ണൽ നടക്കും. ഉപതെരഞ്ഞെടുപ്പിൽ വിയിച്ച് നിയമസഭയിലെത്തിയാൽ മമത ബാനർജിയ്ക്ക് മുഖ്യമന്ത്രിയായി തുടരാം. തൃണമൂൽ കോൺഗ്രസ് എംഎൽഎയായ ശോഭൻദേബ് ചട്ടോപധ്യായാണ് മമതയ്ക്ക് മത്സരിക്കാനായി രാജിവെച്ചത്. ബിജെപി സ്ഥാനാർത്ഥിയായ പ്രിയങ്ക ട്രിബേവാളും സിപിഎം സ്ഥാനാർത്ഥിയായ ശ്രീജിബ് ബിശ്വാസുമാണ് മമതയ്ക്കെതിരെ മത്സരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഭവനിപൂരിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ട് മുതൽ പോളിങ് ബൂത്തുകളുടെ 200 മീറ്റർ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടുന്നതിനാണ് നിരോധനം. സുരക്ഷാനടപടികളുടെ ഭാഗമായി 35 കമ്പനി കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് പോളിങ് സ്റ്റേഷനുകളിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് സർക്കാർ.

ന്യൂഡൽഹി: ആഴ്ച്ചയിൽ പ്രവർത്തി ദിവസങ്ങളുടെ എണ്ണം നാലായി ചുരുക്കി ഇന്ത്യൻ സൈബർ സെക്യൂരിറ്റി കമ്പനിയായ ടാക് സെക്യൂരിറ്റി. ഭാവിയിൽ മികച്ച ഉൽപാദനക്ഷമത കൈവരിക്കാൻ നീക്കം സഹായിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ഒരു പൈലറ്റ് പ്രോജക്റ്റ് എന്ന നിലയിൽ, മികച്ച ഉൽപാദനക്ഷമതയ്ക്കായി ഏഴ് മാസത്തേക്ക് വെള്ളിയാഴ്ചകളിൽ മുംബൈയിലെ ഓഫീസ് അടച്ചിടുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ആഴ്ചയിൽ പ്രവർത്തി ദിവസങ്ങൾ നാലാക്കി ചുരുക്കാനുള്ള ചർച്ചകൾ തുടങ്ങിയിട്ട് കാലം കുറേയായി. കൊവിഡ് പകർച്ചവ്യാധി ജോലി സമയങ്ങളിലും മറ്റും മാറ്റം വരുത്തുക മാത്രമല്ല, ജീവനക്കാരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുകയും ആധുനിക ജോലി എങ്ങനെ വികസിക്കണം എന്നതിനെക്കുറിച്ച് വീണ്ടും ചർച്ച ചെയ്യുകയും ചെയ്തു.

ജോലിയുടെ ഭാവിയുമായി’ പൊരുത്തപ്പെടാനുള്ള നടപടി സ്വീകരിച്ചതായും പകരം ജീവനക്കാർക്ക് ആരോഗ്യകരമായ തൊഴിൽ-ജീവിത സന്തുലിതാവസ്ഥയും സന്തോഷകരമായ തൊഴിൽ നൈപുണ്യവും കൈവരിക്കാൻ അവരെ പ്രാപ്തരാക്കാൻ തീരുമാനിച്ചതായും കമ്പനി വ്യക്തമാക്കി. കമ്പനിയുടെ ഈ പ്രഖ്യാപനത്തിനു പുറമേ ധാരാളം ജീവനക്കാർ വിവിധ കോഴ്‌സുകളിലേക്കും മറ്റു പ്രവർത്തനങ്ങൾക്കുമായി സൈൻ അപ് ചെയ്തു. അവരുടെ തീരുമാനത്തിലും ഫലങ്ങളിലും സംഘടനകളുടെ വിശ്വാസം പുനസ്ഥാപിച്ചു. കൂടാതെ, പുതിയ പ്രവൃത്തി ആഴ്ച തൊഴിലാളികളെ കൂടുതൽ ഉൽപാദനക്ഷമവും സന്തോഷകരവുമാക്കുന്നുവെങ്കിൽ, അവരുടെ മുംബൈ ഓഫീസിലെ പോളിസി സ്ഥിരമാക്കാൻ ഉദ്ദേശിക്കുന്നുവെന്നും കമ്പനി വൃത്തങ്ങൾ വിശദമാക്കുന്നു.

ടീമിന്റെ ആരോഗ്യവും ക്ഷേമവുമാണ് തങ്ങൾക്ക് പ്രധാനം. തങ്ങൾ യുവാക്കളുടെയും യുവ കമ്പനികളുടെയും ടീം ആണ്, ടീം അംഗങ്ങളുടെ ജീവിത സന്തുലിതാവസ്ഥ സുഗമമാക്കുന്നതിന് സാധ്യമായ എന്തും ഞങ്ങൾ പരീക്ഷിക്കുമെന്ന് ടി എ സി സെക്യൂരിറ്റിയുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) തൃഷ്ണീത് അറോറ ചൂണ്ടിക്കാട്ടി.

‘നാമെല്ലാവരും ഓരോ ശീലമുള്ളവരാണ്. ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തിയാണ് നമ്മൾ സാധാരണമായി ശീലിച്ചത്. അതിനാൽ ഈ പുതിയതും നൂതനവുമായ പ്രവർത്തനരീതി നേടാൻ ഞങ്ങൾക്ക് കുറച്ച് സമയമെടുക്കും എന്നതാണ് വെല്ലുവിളിയെന്ന് തിരിച്ചറിയുന്നുവെന്ന് ടിഎസി സെക്യൂരിറ്റിയുടെ എച്ച് ആർ മാനേജർ പറഞ്ഞു. പക്ഷേ, ഈ തീരുമാനം വിജയിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സാൻ ഫ്രാൻസിസ്‌കോയാണ് ടിഎസി സെക്യൂരിറ്റിയുടെ ആസ്ഥാനം.

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗ് ബി.ജെ.പിയിലേക്കെന്ന് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അമരീന്ദർ സിംഗ് കൂടിക്കാഴ്ച്ച നടത്തി. ഡൽഹിയിൽ അമിത് ഷായുടെ വസതിയിൽ വെച്ചാണ് കൂടിക്കാഴ്ച്ച.

ബുധനാഴ്ച്ച വൈകിട്ട് ആറു മണിയോടെയാണ് അമരീന്ദർ സിംഗ് അമിത് ഷായുടെ വസതിയിലെത്തിയത്. കഴിഞ്ഞയാഴ്ചയാണ് അമരിന്ദർ സിംഗ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ഏറെ കാലമായി പഞ്ചാബ് കോൺഗ്രസിൽ നിലനിന്ന അഭിപ്രായ ഭിന്നകൾക്കൊടുവിലായിരുന്നു രാജി. മുഖ്യമന്ത്രി സ്ഥാനം രാജി വച്ച സമയത്ത് അമരീന്ദർ ബി.ജെ.പിയിൽ ചേരുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയിരുന്നില്ല. എന്നാൽ ഡൽഹിയിൽ വെച്ച് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയതോടെ അമരീന്ദർ സിംഗ് ബിജെപിയിൽ ചേരുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാണ്.

മുഖ്യമന്ത്രി എന്ന നിലയിലുള്ള ഡൽഹിയിലെ കപൂർത്തല ഹൗസ് ഒഴിയാൻ എത്തിയതാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയപ്പോൾ അമരീന്ദർ സിംഗ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഒക്ടോബർ രണ്ടിന് അമരീന്ദർ സിംഗ് നിർണായക പ്രഖ്യാപനം നടത്തുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. അമരീന്ദർ സിംഗ് ബി.ജെ.പിയിൽ ചേർന്നാണ് അത് കോൺഗ്രസിന് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

പഞ്ചാബ് മുൻ പിസിസി അദ്ധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് അമരീന്ദർ സിംഗിന് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നത്.

തിരുവനന്തപുരം: ശനിയാഴ്ച മുതൽ സർക്കാർ ഡോക്ടർമാർ നിസഹകരണ സമരം ആരംഭിക്കുന്നു. ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് സർക്കാർ ഡോക്ടർമാർ സമരം ചെയ്യാനൊരുങ്ങുന്നത്. ഒക്ടോബർ 2 ന് സെക്രട്ടേറിയറ്റ് പടിക്കൽ കെജിഎംഒഎ ഉപവാസ സമരം നടത്തും.

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സംസ്ഥാന സമിതി അംഗങ്ങൾ മാത്രമായിരിക്കും ഉപവാസത്തിൽ പങ്കെടുക്കുക. തുടർന്ന് രോഗീപരിചരണത്തെ ബാധിക്കാത്ത തരത്തിൽ സംസ്ഥാന വ്യാപക നിസ്സഹകരണ പ്രതിഷേധവും നടത്തും. ശമ്പള പരിഷ്‌കരണത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭിക്കേണ്ട ശമ്പളം പോലും വെട്ടിക്കുറച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാർ സമരത്തിനൊരുങ്ങുന്നത്. എൻട്രി കേഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചു, പേഴ്‌സണൽ പേ നിർത്തലാക്കി, റേഷ്യോ പ്രമോഷൻ റദ്ദാക്കി, കരിയർ അഡ്വാൻസ്‌മെന്റ് സ്‌കിം ഉത്തരവായിട്ടില്ല, റിസ്‌ക് അലവൻസ് ഇല്ല തുടങ്ങിയ പോരായ്മകളും ശമ്പള പരിഷ്‌ക്കരണത്തിൽ ഡോക്ടർമാർ ആരോപിക്കുന്നുണ്ട്.

ഓൺലൈൻ ഉൾപ്പെടെ എല്ലാവിധ മീറ്റിംഗുകളും, ട്രെയിനിംഗുകളും ബഹിഷ്‌കരിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. ഇ സഞ്ജീവിനിയിൽ നിന്ന് വിട്ടു നിൽക്കുമെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഒക്ടോബർ മൂന്നിന് നടക്കുന്ന കെ ജി എം ഒ എ സംസ്ഥാന സമിതിയാണ് തുടർ പ്രതിഷേധങ്ങൾ തീരുമാനിക്കുക.