പഞ്ചാബ് കോൺഗ്രസിൽ പുതിയ അധ്യക്ഷനെ ഉടൻ തെരഞ്ഞെടുക്കും; സിദ്ദുവിനെ കയ്യൊഴിയാനൊരുങ്ങി കോൺഗ്രസ്‌

ന്യൂഡൽഹി: പഞ്ചാബ് പി സി സി അധ്യക്ഷ സ്ഥാനം രാജിവച്ച നവ്‌ജ്യോത് സിങ് സിദ്ദുവിനെ മുന്നിൽ നിറുത്തി പോകാൻ കഴിയില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് ഹൈക്കമാന്റ്. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതിനെ കുറിച്ചുള്ള ആലോചന നടക്കുന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.

പഞ്ചാബ് കോൺഗ്രസിൽ പുതിയ അധ്യക്ഷനെ ഉടൻ തെരഞ്ഞെടുക്കുമെന്നാണ് വിവരം. നവജ്യോത് സിംഗ് സിദ്ദുവിനെ അനുനയിപ്പിക്കേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ്. അനുനയ ചർച്ചയുമായി കോൺഗ്രസ് ഹൈക്കമാന്റ് എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് ചണ്ഡിഗഢിലേക്ക് അയക്കാൻ തീരമാനിച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. കാര്യങ്ങൾ നിരീക്ഷിക്കാനാണ് നിലവിലെ തീരുമാനം. സിദ്ദുവിന്റെ നിലപാടിനൊപ്പമല്ല പാർട്ടി എന്ന് വ്യക്തമാക്കുന്ന നടപടികളാണ് ഹൈക്കമാണ്ടിന്റെ ഭാ?ഗത്ത് നിന്നും ഉണ്ടാകുന്നതെന്ന സൂചനകളാണ് പുറത്തു വരുന്നത്.

രാജിയിൽ ഉറച്ച് നിൽക്കുന്നതായാണ് നവ്‌ജ്യോത് സിങ് സിദ്ദു അറിയിച്ചിരിക്കുന്നത്. പഞ്ചാബിന് വേണ്ടിയാണ് തീരുമാനമെന്നും സത്യത്തിനായി പോരാടുമെന്നും സിദ്ദു പറഞ്ഞിരുന്നു. പഞ്ചാബിനായി എന്തും ത്യജിക്കാൻ തയാറാണെന്നും നവ് ജ്യോദ് സിങ് സിദ്ദു വ്യക്തമാക്കിയിരുന്നു.