ന്യൂഡൽഹി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമർശങ്ങളെ തള്ളി പാർട്ടി ദേശീയ നേതൃത്വം. ഡി രാജയ്ക്കെതിരായുള്ള കാനത്തിന്റെ പരസ്യ പരാമർശത്തെ അപലപിച്ച് സിപിഐ ദേശീയ നിർവാഹക സമിതി രംഗത്തെത്തി. ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് അംഗീകരിക്കില്ലെന്നും പാർട്ടി അച്ചടക്കം എല്ലാവരും പാലിക്കണമെന്നും ഡി രാജ ആവശ്യപ്പെട്ടു. നിർവാഹക സമിതി യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആനി രാജയ്ക്ക് ഡി രാജ പിന്തുണ അറിയിക്കുകയും ചെയ്തു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, പോലീസിന്റെ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഏത് വിഷയങ്ങളിലും അഭിപ്രായം പറയാൻ സിപിഐ ദേശീയ നേതാക്കൾക്ക് സ്വാന്ത്ര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആരും പാർട്ടിക്ക് മുകളിലല്ല. പാർട്ടിയാണ് വലുതെന്നും പാർട്ടിയുടെ അച്ചടക്കത്തെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണമെന്നും രാജ വിശദമാക്കി.
ദേശീയ എക്സിക്യൂട്ടിവ് അംഗമായ ആനി രാജ നേരത്തെ സംസ്ഥാന പോലീസിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് തർക്കങ്ങൾ ഉണ്ടായത്. ഇത്തരത്തിൽ വിമർശനങ്ങൾ ഉന്നയിക്കേണ്ടത് സംസ്ഥാന നേതൃത്വവുമായി ആലോചിച്ച ശേഷമായിരിക്കണമെന്നായിരുന്നു കാനം രാജേന്ദ്രന്റെ നിലപാട്. എന്നാൽ ഡി രാജ കാനത്തിന്റെ നിലപാടിനെ തള്ളി രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് ഡി രാജയ്‌ക്കെതിരെ കാനം വിമർശനം ഉന്നയിച്ചത്.

