ന്യൂഡൽഹി: യൂണിസെഫിന്റെ ‘ദി സ്റ്റേറ്റ് ഓഫ് ദി വേൾഡ് ചിൽഡ്രൻസ് 2021 റിപ്പോർട്ട്’ പ്രകാശനം ചെയ്ത് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യ. കുട്ടികളുടെ മാനസികാരോഗ്യത്തിൽ കോവിഡ് വൈറസ് മഹാമാരി ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. മാനസികാരോഗ്യം പ്രധാനപ്പെട്ട ഒന്നാണെന്നും നമ്മുടെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾ സമഗ്ര ആരോഗ്യത്തിനും സമ്പൂർണ്ണ ക്ഷേമത്തിനുമാണ് ഊന്നൽ നൽകുമ്പോൾ, ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മാണ്ഡവ്യ വ്യക്തമാക്കി.
ഗ്രാമീണ-കാർഷിക പശ്ചാത്തലത്തിൽ നിന്നുള്ള സ്വന്തം കൂട്ടുകുടുംബത്തിനുള്ളിൽ ഉണ്ടായ ഒരു ഉദാഹരണം തൂണ്ടിക്കാട്ടിയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മാതാപിതാക്കൾ ശ്രദ്ധിക്കാത്ത ചില സാഹചര്യങ്ങളിൽ, കുട്ടികൾക്കും കൗമാരക്കാർക്കും വൈകാരികമായ വിഷമഘട്ടങ്ങളിൽ തുറന്ന് സംസാരിക്കാനും മാർഗനിർദേശം തേടാനും നിരവധി പേർ കൂട്ടുകുടുംബങ്ങളിൽ ഉള്ളത് അവസരം ആണ്. അണുകുടുംബങ്ങളുടെ സംസ്‌കാരം കുട്ടികളിൽ അന്യഥാത്വം വർദ്ധിക്കുന്നതിനും അതിലൂടെ മാനസിക വിഷമത്തിന് കാരണമാകുന്നു. കോവിഡ് സമൂഹത്തിലുടനീളം മാനസിക സമ്മർദ്ദത്തിന്റെ പരീക്ഷണമാണ് നടത്തിയത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ഫാർമസ്യൂട്ടിക്കൽസ് മന്ത്രിയായിരുന്ന തന്റെ വ്യക്തിപരമായ അനുഭവങ്ങളെ കുറിച്ചും അദ്ദേഹം പങ്കുവെച്ചു. മരുന്നുകളുടെ ഉൽപാദനം വർദ്ധിപ്പിക്കുകയും പുതിയ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും വേണം. അക്കാലത്ത് അനുദിനം വർദ്ധിച്ചു കൊണ്ടിരുന്ന പ്രതിസന്ധിക്ക് ഇടയിൽ അത്തരം ജോലി വളരെ സമ്മർദ്ദം ഉണ്ടാക്കിയിരുന്നു. യോഗയും വ്യായാമങ്ങളും, സൈക്ലിംങ്ങും സമ്മർദ്ദത്തെ മറികടക്കാൻ തന്നെ സഹായിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു.
ആരോഗ്യകരമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. മാതാപിതാക്കൾക്കും കുടുംബത്തിനും ഒപ്പം മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അധ്യാപകർ വളരെ പ്രധാനപ്പെട്ട പങ്കാളികളാണ്. കുടുംബവും അധ്യാപകരും പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും കുട്ടികളുമായി തുറന്ന കൂടിയാലോചന നടത്തണം. പരീക്ഷ എഴുതുന്ന കൗമാരക്കാരുമായുള്ള പ്രധാനമന്ത്രിയുടെ ‘പരീക്ഷ പേ ചർച്ച’ വിദ്യാർത്ഥികളെ അവരുടെ പരീക്ഷപ്പേടി യിൽ നിന്ന് മോചിപ്പിക്കാൻ സഹായിക്കും. പരീക്ഷകളും മറ്റ് പ്രശ്‌നങ്ങളും കാരണം സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികളിൽ ഇത്തരം ചെറിയ ശ്രമങ്ങൾ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ സാമൂഹിക ധാരണകളെ കുറിച്ചും അദ്ദേഹം വിശദമാക്കി. നിരവധി പ്രശസ്ത സ്‌കൂളുകളിൽ മുഴുവൻ സമയ വിദ്യാർത്ഥി-കൗൺസിലർമാരുടെ അഭാവമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുണിസെഫ് ഇന്ത്യ പ്രതിനിധി ഡോ. യാസ്മിൻ അലി ഹക്ക് റിപ്പോർട്ടിലെ ചില പ്രധാന കണ്ടെത്തലുകൾ അവതരിപ്പിച്ചു. ഇന്ത്യയിലെ 15 മുതൽ 24 വയസ്സുവരെയുള്ളവരിൽ 14 ശതമാനം പേർ അല്ലെങ്കിൽ 7 ൽ ഒരാൾ പലപ്പോഴും വിഷാദരോഗം അനുഭവിക്കുകയോ അല്ലെങ്കിൽ കാര്യങ്ങൾ ചെയ്യുന്നതിൽ താൽപ്പര്യം കുറയുകയോ ചെയ്യുന്നതായി റിപ്പോർട്ടിൽ പറയുന്നു.

