തൃശൂർ: കോട്ടും തൊപ്പിയുമില്ലാതെ കേരളീയ വേഷത്തിൽ മെഡിക്കൽ ബിരുദദാരികളുടെ ബിരുദദാന ചടങ്ങ്. കേരള ആരോഗ്യ സർവകലാശാലയുടെ പതിനാലാമത് ബിരുദദാന ചടങ്ങിലാണ് കേരളീയ വേഷം അണിഞ്ഞ് വിദ്യാർത്ഥികൾ എത്തിയത്. ബിരുദദാനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുണ്ടും ജുബ്ബയുമാണ് ധരിച്ചത്. സർവകലാശാല അധികൃതരും കേരളീയ വേഷം തന്നെയായിരുന്നു ധരിച്ചത്.
ബിരുദം നേടി പുറത്തിറങ്ങുന്ന ആൺകുട്ടികൾ വെള്ള അല്ലെങ്കിൽ ഇളം മഞ്ഞ മുണ്ടും ജുബയും കസവുവേഷ്ടിയുമാണ് ധരിച്ചത്. പെൺകുട്ടികൾ സെറ്റ് സാരിയും ജാക്കറ്റുമാണ് ധരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ റാങ്ക് ജേതാക്കൾ മാത്രമാണ് നേരിട്ടെത്തി ബിരുദം ഏറ്റുവാങ്ങിയത്. 14,229 വിദ്യാർത്ഥികളാണ് ബിരുദം പൂർത്തിയാക്കി ആരോഗ്യ സേവനത്തിനായി കർമരംഗത്തേക്കിറങ്ങിയത്.
ബിരുദദാന ചടങ്ങുകൾക്ക് കേരളീയ വേഷം ധരിക്കുമ്പോൾ കേരളത്തിലെ കൈത്തറി വ്യവസായത്തിന് സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്.

