എയർ ഇന്ത്യയെ വിറ്റുവെങ്കിലും ഇന്ത്യൻ സർക്കാരിന്റെ കീഴിൽ ഇനി ഒരു വിമാന കമ്പനി കൂടിയുണ്ട്; അറിയാം അലയൻസ് എയറിനെ കുറിച്ച്

മുംബൈ: ലേലനടപടികൾ പൂർത്തിയാക്കി എയർ ഇന്ത്യയെ ടാറ്റ സ്വന്തമാക്കിയ വാർത്തകളാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. ഇതിനോടൊപ്പം ഉയർന്നു വന്ന മറ്റൊരു വാദമായിരുന്നു ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണത്തിൽ ഇനിയൊരു വിമാന കമ്പനിയില്ല എന്നത്. എന്നാൽ ഇന്ത്യൻ സർക്കാരിന്റെ കീഴിൽ ഇനി ഒരു വിമാന കമ്പനി കൂടി നിലവിലുണ്ട്. അലയൻസ് എയർ എന്ന വിമാന കമ്പനിയാണ് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ളത്. കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതിയായ ഉഡാൻ സ്‌കീമിലാണ് അലയൻസ് എയർ പ്രവർത്തിക്കുന്നത്.

ഇന്ത്യയിലെ രണ്ടാം നിര നഗരങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സർവീസാണ് ഉഡാൻ സ്‌കീം. ചെറിയ വിമാനത്താവളങ്ങളെയാണ് ഈ വിമാന സർവ്വീസുകൾ ബന്ധിപ്പിക്കുന്നത്.ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ വിമാനയാത്ര സാദ്ധ്യമാക്കുക എന്നതാണ് ഉഡാൻ സ്‌കീമിന്റെ മറ്റൊരു ലക്ഷ്യം. രാജ്യത്തെ 47 ഇടങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് അലയൻസ് എയർ പ്രവർത്തിക്കുന്നത്. 70-72 സീറ്റുകളുള്ള വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുന്നത്. ടയർ 2, ടയർ 3 നഗരങ്ങളിലേക്കോ മെട്രോ ഹബ്ബുകളുമായി ഈ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇടങ്ങളിലേക്കുമാണ് സർവീസ് നടത്തുന്നത്.

അഹമ്മദാബാദ്, അഗത്തി, ബറേലി, ബെലഗവി, ബെംഗളൂരു, ഭാവ്‌നഗർ, ഭുവനേശ്വർ, ഭുജ്, ബിക്കാനീർ, ബിലാസ്പൂർ, ചണ്ഡീഗഡ്, ഡെറാഡൂൺ, ഡൽഹി, ദിയു, ധർമ്മശാല, ദിമാപൂർ, ഗോവ, ഗോരഖ്പൂർ, ഗുവാഹത്തി, ഹുബ്ബള്ളി, ഹൈദരാബാദ്, ഇംഫാൽ, ജബൽപൂർ, ജഗദൽപൂർ, ജയ്പൂർ, ജമ്മു, കലബുറഗി, കാണ്ഡല, കൊച്ചി,കോൽഹാപൂർ, കൊൽക്കത്ത, കുളു, ലീലബാരി, ലക്‌നൗ, ലുധിയാന, മംഗളൂരു, മുംബൈ, മൈസൂർ, നാസിക്, പന്ത് നഗർ, പാസിഘട്ട്, പത്താൻകോട്ട്, പ്രയാഗ്രാജ്, പൂനെ, റായ്പൂർ, തേസ്പൂർ തുടങ്ങിയ നഗരങ്ങളിലേക്കാണ് അലയൻസ് എയർ സർവ്വീസ് നടത്തുന്നത്. ആഴ്ചയിൽ 450 സർവീസുകൾ അലയൻസ് എയർ നടത്തുന്നുണ്ട്.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവയിൽ ടാറ്റയ്ക്ക് പൂർണ അവകാശവും എയർ ഇന്ത്യ സാറ്റ്‌സിൽ അമ്പത് ശതമാനം ഓഹരിയും നൽകിയപ്പോഴും അലയൻസ് എയറിനെ കേന്ദ്ര സർക്കാർ മാറ്റിനിർത്തിയിരിക്കുകയാണ്. നിലവിൽ അലയൻസ് എയറിന്റെ പ്രവർത്തനം കൂടുതലായും എയർ ഇന്ത്യയുടെ സഹായത്തോടെയാണ്. ഇനി പ്രത്യേകം വെബ്സൈറ്റടക്കം തയ്യാറാക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ.