ചൈനയിൽ നിർമ്മിക്കുന്ന കാറുകൾ ഇന്ത്യയിൽ വിൽക്കരുത്; ടെസ്‌ലയോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ചൈനയിൽ നിർമ്മിക്കുന്ന കാറുകൾ ഇന്ത്യയിൽ വിൽക്കരുതെന്ന് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഇന്ത്യയിൽ വിൽക്കുന്ന കാറുകൾ രാജ്യത്ത് തന്നെ നിർമ്മിക്കണമെന്നാണ് ടെസ്‌ലയ്ക്ക് കേന്ദ്രം നൽകിയിരിക്കുന്ന നിർദ്ദേശം. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം ടെസ്‌ല തലവൻ ഇലോൺ മസ്‌കിന് നൽകിയതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ നിർമ്മിച്ച കാറുകൾ കയറ്റുമതി ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

ഇതിനായി കേന്ദ്ര സർക്കാരിന്റെ എല്ലാ പിന്തുണയും ടെസ്‌ലയ്ക്ക് അദ്ദേഹം ഉറപ്പു നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടാകുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ഇറക്കുമതി തീരുവ കൂടുതലാണെന്നും അത് കുറയ്ക്കണമെന്നും ടെസ്‌ല നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വാഹനം ഇറക്കുമതി ചെയ്യാൻ കമ്പനി സന്നദ്ധമാണെന്നും എന്നാൽ, ലോകത്തിലെ മറ്റ് ഏത് രാജ്യത്തെക്കാളും ഉയർന്ന ഇറക്കുമതി തീരുവയാണ് ഇന്ത്യയിൽ ഈടാക്കുന്നതെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയരുന്നത്. എന്നാൽ പൂർണമായി ഇറക്കുമതി ചെയ്ത കാറുകൾക്ക് നികുതിയിളവ് നൽകാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കുകയും ചെയ്തിരുന്നു.

60-100 ശതമാനമാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് നിലവിൽ കേന്ദ്ര സർക്കാർ ഈടാക്കുന്ന ഇറക്കുമതി തീരുവ. എൻജിൻ സൈസ്, വില, ഇൻഷുറൻസ്, സി.ഐ.എഫ്. മൂല്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് 60 മുതൽ 100 ശതമാനം വരെ തീരുവ ഈടാക്കുന്നത്. ഇന്ത്യയിലെ വാഹന നിർമാതാക്കളെ സംരക്ഷിക്കുന്നതിനായാണ് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കുന്നത്.