തിരുവനന്തപുരം: ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. വ്യാഴാഴ്ച ജന്മനാടായ കൊല്ലം ഓടനാവടത്തെ കുടവട്ടൂരിൽ വൈശാഖിന്റെ മൃതദേഹം സംസ്‌കരിക്കും. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് വൈശാഖിന്റെ മൃതദേഹം കശ്മീരിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ കേരള സർക്കാരിനു വേണ്ടി വൈശാഖിന്റെ മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ചു. മാതൃരാജ്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ രക്തസാക്ഷിയായ വൈശാഖിന്റെ ധീരതയ്ക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നുവെന്ന് ബാലഗോപാൽ വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ വൈശാഖിന്റെ മൃതദേഹം ജന്മനാടായ കുടവട്ടൂരിലേക്ക് കൊണ്ടുപോകും. പൊതുദർശനത്തിന് ശേഷം കുടവട്ടൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക -സൈനിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കും. കൊല്ലം കുടവട്ടൂർ ശിൽപാലയത്തിൽ ഹരികുമാറിന്റെയും ബീനാകുമാരിയുടെയും മകനാണ് എച്ച്. വൈശാഖ്. നാല് വർഷം മുൻപാണ് വൈശാഖ് കരസേനയിൽ ചേർന്നത്. കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള സുരാൻഘോട്ട് പ്രവിശ്യയിലെ ധേരാ കി ഗലിയോട് ചേർന്നുള്ള ഗ്രാമങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ നടന്ന ഏറ്റുമുട്ടലിലാണ് വൈശാഖ് വീരമൃത്യു വരിച്ചത്. വൈശാഖ് ഉൾപ്പെടെ അഞ്ച് സൈനികരാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്.
അതിർത്തിയിൽ ഭീകരവാദികൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ തെരച്ചിലിനെത്തിയതായിരുന്നു സൈനികർ. പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെ സൈനികർക്ക് നേരെ ഭീകരവാദികൾ വെടിയുതിർത്തു. ഏറ്റുമുട്ടലിൽ വൈശാഖ് ഉൾപ്പെടെ അഞ്ച് സൈനികർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

