ന്യൂഡൽഹി: കേന്ദ്രസഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്. ലഖിംപുർ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. രാഹുൽ ഗാന്ധി, മല്ലികാർജുന ഖാർഗെ, എ.കെ. ആന്റണി, ഗുലാം നബി ആസാദ്, പ്രിയങ്കാ ഗാന്ധി എന്നിവരുൾപ്പെടുന്ന സംഘമാണ് രാഷ്ട്രപതിയെ കണ്ടത്. ഖേരിയിൽ കർഷകർ നിഷ്കരുണം കൊല്ലപ്പെട്ടത് ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവാണെന്ന് നേതാക്കൾ രാഷ്ട്രപതിയോട് വ്യക്തമാക്കി.
ലഖിംപുർ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഇതിനായി സുപ്രീം കോടതിയിലെ രണ്ട് സിറ്റിങ് ജഡ്ജിമാരെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷൻ രൂപവത്കരിക്കണമെന്നുമാണ് കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയ്ക്ക് കത്ത് നൽകി.
പകൽ വെളിച്ചത്തിൽ നടന്ന ഈ ബോധപൂർവമായ കൊലപാതകങ്ങളിൽ സംസ്ഥാന-കേന്ദ്ര സർക്കാർ പ്രതിനിധികൾ നടത്തിയ നിരുത്തരവാദപരമായ പ്രതികരണങ്ങൾ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ചുമതലപ്പെട്ടവരിൽ ജനങ്ങളുടെ വിശ്വാസം പൂർണ്ണമായും ഇല്ലാതാക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷോധിക്കുന്ന കർഷകർക്കെതിരേ കേന്ദ്രമന്ത്രി അജയ് മിശ്ര ഭീഷണി മുഴക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിഷേധിക്കുന്ന കർഷകർക്കിടയിലേക്ക് വാഹനമോടിച്ച് കയറ്റി കൊലപ്പെടുത്തുന്ന ദാരുണമായ സംഭവം നടന്നത്. കർഷകർക്കിടയിലേക്ക് പാഞ്ഞുകയറിയ വാഹനത്തിൽ കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയും ഉണ്ടായിരുന്നുവെന്നതിന് സാക്ഷികളുണ്ടെങ്കിലും ഇവർക്കെതിരേ കേസെടുക്കാനോ എഫ്ഐആർ രജിസ്റ്റർ ചെയ്യാനോ ഉത്തർപ്രദേശ് പോലീസ് ആദ്യഘട്ടത്തിൽ തയ്യാറായില്ലെന്നും കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയോട് പറഞ്ഞു.

