കൊച്ചി: തൃശ്ശൂർ ജില്ലാ ഭരണകൂടം പിടിച്ചെടുത്ത പാറമേക്കാവിന്റെ പൂരത്തിന് ഉപയോഗിക്കുന്ന അമിട്ട് വീണ്ടും പരിശോധിയ്ക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. അമിട്ടിൽ നിരോധിത വസ്തുവായ ബേരിയത്തിന്റെ അംശം കണ്ടെത്തിയെന്ന പേരിലായിരുന്നു തൃശ്ശൂർ ജില്ലാ ഭരണകൂടം അമിട്ട് പിടിച്ചെടുത്തത്.
അമിട്ട് പരിശോധിച്ചപ്പോൾ നിരോധിത രാസവസ്തുവായ ബേരിയത്തിന്റെ അംശമുണ്ടെന്നായിരുന്നു ലാബ് റിപ്പോർട്ട്. നിരോധിത രാസവസ്തുവിന്റെ സാന്നിധ്യമുള്ളതിനാൽ അമിട്ടുകൾ വിട്ടുതരാൻ കഴിയില്ലെന്നായിരുന്നു ജില്ലാഭരണകൂടത്തിന്റെ നിലപാട്. തുടർന്നാണ് പാറമേക്കാവ് വെടിക്കെട്ട് കരാറുകാരൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
അമിട്ടുകൾ വീണ്ടും ലാബിൽ പരിശോധിക്കണമെന്നായിരുന്നു പാറമേക്കാവ് വെടിക്കെട്ട് കരാറുകാരൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. ഏഴ് ദിവസത്തിനകം വീണ്ടും പരിശോധന നടത്തി അറിയിക്കാനാണ് ഹൈക്കോടതി നൽകിയ നിർദ്ദേശം.

