ഉപരാഷ്ട്രപതിയുടെ അരുണാചൽ പ്രദേശ് സന്ദർശനം; ചൈനയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അരുണാചൽ പ്രദേശ് സന്ദർശനത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയ ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ. അതിർത്തി വിഷയത്തിൽ എത്രയും പെട്ടെന്ന് ചൈനയുടെ ഭാഗത്തുനിന്ന് തീരുമാനം ഉണ്ടാകണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിനകത്തുള്ള സംസ്ഥാനത്ത് ഇന്ത്യൻ നേതാവിന്റെ സന്ദർശനത്തെ ചൈന എതിർക്കുന്നതിന്റെ കാരണം ജനങ്ങൾക്ക് മനസ്സിലാകുന്നില്ലെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

അരുണാചൽപ്രദേശ് മുഴുവനും ഇന്ത്യയുടെ ഭാഗമാണ്. അത് അന്യരുടെ അധീനതയിൽ പെടുത്താൻ സാധിക്കില്ല. രാജ്യത്തിനകത്തുള്ള മറ്റുള്ള എല്ലാ സംസ്ഥാനങ്ങളിലേക്കും പോകുന്നത് പോലെയാണ് അരുണാചൽപ്രദേശിലേക്കും ഉപരാഷ്ട്രപതി പോകുന്നത്. ഇതിനെ ചൈന എതിർക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ബാഗ്ചി കുറ്റപ്പെടുത്തി. ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ ഔദ്യോഗിക വക്താവിന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പരാമർശങ്ങളെ രാജ്യം ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം വിശദമാക്കി.

അതിർത്തി പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അരുണാൽ പ്രദേശ് സന്ദർശിച്ചത് ശരിയായില്ലെന്നായിരുന്നു ചൈന പറഞ്ഞിരുന്നത്. ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ലിജിയാനാണ് ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവിന്റെ അരുണാചൽപ്രദേശ് സന്ദർശനത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.