General (Page 1,373)

ന്യൂഡൽഹി: ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അടിസ്ഥാനവികസന പദ്ധതികൾക്ക് ശക്തിയും വേഗവും പകരാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ 100 ലക്ഷം കോടി രൂപയുടെ ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ ആവിഷ്‌ക്കരിച്ചത്. വിവിധ വകുപ്പുകളെ ഒറ്റ പ്ലാറ്റ്‌ഫോമിലാക്കിക്കൊണ്ട് ചെലവും സമയവും കുറയ്ക്കാൻ സഹായിക്കുന്നതാണ് പദ്ധതിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

റോഡ് മുതൽ റെയിൽവേ വരെയും കൃഷി മുതൽ വ്യോമയാനം വരെയുമുള്ള മേഖലകളെ ബന്ധിപ്പിച്ചുകൊണ്ടാണ് ഗതിശക്തി പദ്ധതി നടപ്പാക്കുന്നത്. വികസന പ്രവർത്തനങ്ങളോട് അയഞ്ഞ സമീപനം കാണിക്കുന്നതിനാൽ നികുതിദായകന്റെ പണത്തെ അവഹേളിക്കുന്ന സാഹചര്യമാണ് നേരത്തെയുണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പദ്ധതികൾ തമ്മിൽ പരസ്പര സഹകരണമുണ്ടായിരുന്നില്ലെന്നും മികച്ചനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ വികസനം സാധ്യമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഗതിശക്തി പദ്ധതിയിലൂടെ അടുത്ത നാലഞ്ച് വർഷത്തിനുള്ളിൽ 200 വിമാനത്താവളങ്ങളും ഹെലിപാഡുകളും ജല എയ്റോഡ്രോമുകളും നിർമിക്കും. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) 13 ശതമാനവും സാധന-സേവനങ്ങൾ എത്തിക്കുന്നതിനുള്ള ചെലവാണ്. ഇത് നമ്മുടെ മത്സരക്ഷമതയെ ബാധിക്കുന്നുണ്ട്. അതിനാൽ ഈ ചെലവ് കുറയ്ക്കുകയാണ് ഗതിശക്തി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.

സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കുന്ന സംസ്‌കാരം ഇന്ന് ഇന്ത്യ വകസിപ്പിച്ചു. മുൻനിശ്ചയിച്ചതിനെക്കാൾ നേരത്തേ പൂർത്തിയാക്കാനും തുടങ്ങിയെന്നും അദ്ദേഹം വിശദമാക്കി. 2014 ൽ പ്രധാനമന്ത്രിയായി ചുമതലയേറ്റതിനു ശേഷം, നേരത്തേ മുടങ്ങിപ്പോയ നൂറുകണക്കിന് പദ്ധതികളെ ഒറ്റ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവന്ന് പ്രതിസന്ധികൾ പരിഹരിച്ച കാര്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 2014 വരെ 15,000 കിലോമീറ്റർ മാത്രമാണ് പൈപ്പ് ലൈൻ സ്ഥാപിച്ചതെങ്കിൽ ഇന്ന് 16,000-ത്തിലധികം കിലോമീറ്റർ പുതുതായി സ്ഥാപിക്കാനുള്ള പ്രവൃത്തി നടക്കുകയാണ്. 2014-നുമുമ്പ് അഞ്ചുവർഷ കാലയളവിൽ വെറും 1900 കിലോമീറ്റർ റെയിൽ പാതകളാണ് ഇരട്ടിപ്പിച്ചത്. എന്നാൽ, കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ 9000 കിലോമീറ്റർ പാത ഇരട്ടിപ്പിച്ചു. 2014-നുമുമ്പ് അഞ്ചുവർഷ കാലയളവിൽ 3000 കിലോമീറ്റർ റെയിൽവേ ട്രാക്കുകൾ മാത്രം വൈദ്യുതീകരിച്ച സ്ഥാനത്ത് കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ 24,000 കിലോമീറ്ററുകൾ വൈദ്യുതീകരിച്ചു. 2014-നുമുമ്പ് 250 കിലോമീറ്റർ മാത്രമുണ്ടായിരുന്ന മെട്രോ റെയിൽ സേവനം ഇപ്പോൾ 700 കിലോമീറ്ററായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ദു തുടരും. ഹൈക്കമാൻഡ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് നവജ്യോത് സിംഗ് സിദ്ദു അറിയിച്ചു. ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ എന്തു തീരുമാനമെടുത്താലും അത് പഞ്ചാബിന്റെ നന്മയ്ക്കു വേണ്ടിയാകുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പഞ്ചാബിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് എന്നിവരുമായാണ് നവജ്യോത് സിംഗ് സിദ്ദു ചർച്ച നടത്തിയത്. ഇക്കാര്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാകുമെന്ന് ഹരീഷ് റാവത്ത് വ്യക്തമാക്കി. അതേസമയം പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയും സിദ്ദുവും ചർച്ച നടത്തിയെന്നും വൈകാതെ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്നും ഹരീഷ് റാവത്തിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മുംബൈ: ആഢംബര കപ്പലിലെ ലഹരിവിരുന്നിനിടെ അറസ്റ്റിലായ ബോളിവുഡ് നടൻ ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടായിരുന്നെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. മുംബൈ സെഷൻസ് കോടതിയിലാണ് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഇക്കാര്യം അറിയിച്ചത്. ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു ആര്യൻ ഖാൻ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് എൻസിബി പറഞ്ഞത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ആര്യൻ ഖാൻ ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് എൻസിബിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിസ്റ്റർ ജനറൽ അനിൽ സിങ് കോടതിയിൽ വാദിച്ചത്. അതേസമയം ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഒക്ടോബർ 20 ന് ജാമ്യാപേക്ഷയിൽ വിധി പറയും. അടുത്ത അഞ്ചു ദിവസത്തേക്ക് കോടതി അവധിയായതിനാലാണ് വിധി ഒക്ടോബർ 20 ലേക്ക് മാറ്റിയത്.

ആര്യൻ ഖാൻ ഒരിക്കൽ മാത്രമല്ല ലഹരി ഉപയോഗിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലഹരി ഉപയോഗിക്കുന്നുണ്ട്. ആര്യൻ ഖാന്റെ സുഹൃത്ത് അർബാസിന്റെ പക്കൽനിന്ന് ആറു ഗ്രാം ചരസ് പിടിച്ചെടുത്തു. കൈവശം ലഹരിമരുന്നുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ചോദിച്ചപ്പോൾ, തന്റെ ഷൂസിൽ ലഹരിമരുന്ന് ഉണ്ടെന്ന് അർബാസ് പറഞ്ഞു. ക്രൂസിൽ ആര്യനൊപ്പം ലഹരി ഉപയോഗിക്കാൻ പോയതാണെന്ന് അർബാസ് സമ്മതിച്ചുവെന്നും അനിൽ സിങ് കോടതിയെ അറിയിച്ചു. ആര്യൻ ഖാന് ജാമ്യം നൽകുന്നതിനെ അദ്ദേഹം ശക്തമായി എതിർത്തു. ഇത് മഹാത്മാഗാന്ധിയുടെ നാടാണെന്നും ലഹരി ഉപയോഗം ചെറുപ്പക്കാരെ ബാധിക്കുന്നുവെന്നും കോടതിയെ അറിയിച്ചു. ‘നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ മനസ്സിൽ ഇതൊന്നുമില്ല. ഇത് മഹാത്മാഗാന്ധിയുടെയും ബുദ്ധന്റെയും മണ്ണാണ്. അന്വേഷണം ഇപ്പോൾ പ്രാഥമിക ഘട്ടത്തിലാണ്. ഇപ്പോൾ ജാമ്യം നൽകുന്നതിനുള്ള ഘട്ടമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലഹരി ഉപയോഗം കുട്ടികളെ ബാധിക്കുന്നു. അവർ കോളജിൽ പോകുന്ന കുട്ടികളാണ്. പക്ഷേ അതു ജാമ്യത്തിനായി പരിഗണിക്കേണ്ടതില്ല. നമ്മുടെ രാജ്യത്തിന്റെ ഭാവി ഈ തലമുറയെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം വിശദമാക്കി.

തിരുവനന്തപുരം: ഇനി മുതൽ റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി ആധാർ കാർഡ് ഉപയോഗിക്കാം. ആധാർ കാർഡിന് പുറമെ റസിഡൻസ് സർട്ടിഫിക്കറ്റിന് പകരം ഏറ്റവും പുതിയ ഇലക്ട്രിസിറ്റി ബിൽ, കുടിവെള്ള ബിൽ, ടെലിഫോൺ ബിൽ, കെട്ടിട നികുതി രസീത് എന്നിവയിലേതെങ്കിലും ഹാജരാക്കിയാലും മതി. ഇവ ഇല്ലാത്തവർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റും ഹാജരാക്കാവുന്നതാണ്.

ബന്ധുത്വ സർട്ടിഫിക്കറ്റിന് പകരമായും ആധാർ ഉപയോഗിക്കാം. റേഷൻ കാർഡ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ജനനസർട്ടിഫിക്കറ്റ് എന്നീ രേഖകളിൽ ഏതിലെങ്കിലും ബന്ധുത്വം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ബന്ധുത്വ സർട്ടിഫിക്കറ്റ് വേണ്ട.

അപേക്ഷകന്റെ റേഷൻ കാർഡിൽ കുടുംബാംഗങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ റേഷൻ കാർഡ് തന്നെ കുടുംബാംഗത്വ സർട്ടിഫിക്കറ്റിന് പകരം സ്വീകരിക്കാം. അല്ലാത്ത പക്ഷം മാത്രം വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

തിരിച്ചറിയൽ രേഖയില്ലാത്ത പൗരന്മാർക്ക് ഗസറ്റഡ് ഓഫീസർ നൽകുന്ന അപേക്ഷകന്റെ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.

അപേക്ഷകന്റെ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് / വിദ്യാഭ്യാസ രേഖയിൽ ജാതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് വില്ലേജ് ഓഫീസർ / തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റിന് പകരം അടിസ്ഥാനരേഖയായി പരിഗണിക്കാം. അച്ഛനമ്മമാർ വ്യത്യസ്ത ജാതിയിൽപ്പെട്ടവരാണെങ്കിൽ അവരുടെ / അവരിലൊരാളുടെ എസ്.എസ്.എൽ.സി. ബുക്ക് / വിദ്യാഭ്യാസ രേഖയിൽ രേഖപ്പെടുത്തിയിട്ടുള്ള ജാതി തെളിവായി പരിഗണിക്കാം.

ഭാര്യയുടെയും ഭർത്താവിന്റെയും എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിൽ / വിദ്യാഭ്യാസ രേഖയിൽ ജാതി കൃത്യമായി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നൽകിയിട്ടുള്ള വിവാഹ സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ അത് മിശ്രവിവാഹ സർട്ടിഫിക്കറ്റിന് പകരമുള്ള രേഖയായി സ്വീകരിക്കും. ഇതോടൊപ്പം സത്യവാങ്മൂലവും നിഷ്‌കർഷിക്കും. വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ഒഴിവാക്കും.

കേരളത്തിൽ ജനിച്ചവർക്ക് ജനന സർട്ടിഫിക്കറ്റോ അഞ്ചു വർഷം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചതിന്റെ രേഖയോ സത്യപ്രസ്താവനയോ ഉണ്ടെങ്കിൽ അവരെ നേറ്റീവായി പരിഗണിക്കും. കേരളത്തിനു പുറത്തു ജനിച്ചവർക്ക് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസർ തന്നെ നൽകും. എന്നാൽ, ഓൺലൈനായി സ്വീകരിക്കുന്ന അപേക്ഷയിൽ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം.

അപേക്ഷകന്റെ എസ്എസ്എൽസി ബുക്ക്/ വിദ്യാഭ്യാസ രേഖയിൽ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റ് ആവശ്യമില്ല. അല്ലാത്തപക്ഷം വില്ലേജ് ഓഫീസർ / തഹസിൽദാർ ഓൺലൈനായോ അല്ലാതെയോ ലഭിക്കുന്ന അപേക്ഷയിൽ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം. അപേക്ഷകൻ സത്യവാങ്മൂലം കൂടി സമർപ്പിക്കണം.

ലൈഫ് സർട്ടിഫിക്കറ്റിന് കേന്ദ്രസർക്കാർ പെൻഷൻകാർക്ക് ഏർപ്പെടുത്തിയിട്ടുള്ള ‘ജീവൻ പ്രമാൺ’ എന്ന ബയോമെട്രിക് ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഈ സംവിധാനം കേരള ട്രഷറിയിലും ബാങ്കുകളിലും ലഭ്യമാണ്.

വൺ ആന്റ് സെയിം സർട്ടിഫിക്കറ്റിന് വ്യക്തിയുടെ സത്യപ്രസ്താവന ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയാൽ മതിയാകും.

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഇന്ദിരാഗാന്ധിയെ പ്രശംസിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ദിര ഗാന്ധി വർഷങ്ങളോളം രാജ്യത്തെ നയിക്കുക മാത്രമല്ല ചെയ്തത് യുദ്ധസമയത്ത് മുന്നിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്തുവെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. 1971 ൽ പാകിസ്താനെതിരായ യുദ്ധത്തിലെ ഇന്ദിരാഗാന്ധിയുടെ നേതൃപാടവത്തെയാണ് അദ്ദേഹം പ്രശംസിച്ച് സംസാരിച്ചത്. ‘സായുധ സേനയിലെ സ്ത്രീകൾ’ എന്ന വിഷയത്തിൽ ഷാങ്ഹായി കോ ഓപറേഷൻ ഓർഗനൈസേഷൻ നടത്തിയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ വികസനത്തിൽ സ്ത്രീശക്തിയുമായി യോജിച്ച് പ്രവർത്തിക്കുന്നതിൽ ഇന്ത്യയ്ക്ക് നല്ല അനുഭവ പാരമ്പര്യമാണുള്ളത്. രാജ്യ സുരക്ഷയുടേയും രാഷ്ട്ര നിർമ്മാണത്തിന്റേയും വിവിധ മേഖലകളിൽ സ്ത്രീകളുടെ സംഭാവനകൾ അംഗീകരിക്കുകയും അവ എടുത്ത് പറയേണ്ടതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. റാണി ലക്ഷ്മി ഭായിയെക്കുറിച്ചും മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെക്കുറിച്ചും അദ്ദേഹം പരിപാടിയിൽ സംസാരിച്ചു.

രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടിയും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയും നിരവധി സ്ത്രീകൾ കൈയിൽ ആയുധമേന്തിയിട്ടുണ്ട്. അത്തരത്തിൽ ഏറ്റവും കൂടുതൽ ആദരിക്കപ്പെടേണ്ട വ്യക്തികളിൽ ഒരാളാണ് റാണി ലക്ഷ്മി ഭായ്. പ്രതിഭാ പാട്ടീൽ ഇന്ത്യയുടെ രാഷ്ട്രപതിയും സായുധ സേനയുടെ പരമോന്നത കമാൻഡറുമായിരുന്നുവെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.

ബംഗളൂരു : കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ അഴിമതിക്കാരനാണെന്നു സൂചിപ്പിക്കുന്ന വിഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടിയുമായി കോൺഗ്രസ്. കർണാടകയിലെ മുൻ എംപി വി.എസ്.ഉഗ്രപ്പയും മീഡിയ കോഓർഡിനേറ്റർ സലിമും തമ്മിലുള്ള സംഭാഷണത്തിന്റെ വിഡിയോയാണ് പുറത്തു വന്നത്. സംഭവവുമായി ബന്ധപ്പെട്ട് സലിമിനെ ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്നു പുറത്താക്കി. ഡി കെ ശിവകുമാർ അഴിമതിക്കാരനും മദ്യപാനിയാണെന്ന് കർണാടക മുൻ എംപി വി എസ് ഉഗ്രപ്പയും മീഡിയ കോ ഓർഡിനേറ്റർ സലീമും സ്വകാര്യമായി പറയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ബിജെപി നേതാവ് അമിത് മാളവ്യ ആണ് വീഡിയോ പുറത്തുവിട്ടത്.

കോൺഗ്രസ് നേതാക്കൾ കെപിസിസി ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിന് മിനിറ്റുകൾക്ക് മുൻപ് ഉഗ്രപ്പയും സലീമും ശബ്ദം താഴ്ത്തി സംസാരിച്ചത് ക്യാമറയിലും മൈക്കിലും പതിഞ്ഞിരുന്നു. ചാനലുകളുടെ മൈക്കുകളും ക്യാമറകളും ഓൺ ആണെന്ന കാര്യം അറിയാതെയാണ് ഇരുവരും ശിവകുമാറിന്റെ ഇടപാടുകളെക്കുറിച്ച് സംസാരിച്ചത്.

സലീമിന്റെ വെളിപ്പെടുത്തലുകൾ കോൺഗ്രസ് നേതൃത്വത്തെ വരെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഡി കെ ശിവകുമാറിന് കൈക്കൂലി വാങ്ങാൻ ഒട്ടേറെ അടുപ്പക്കാരുണ്ട്. ഇതിലൊരാൾ 50 കോടി മുതൽ 100 കോടിവരെ സമ്പാദിച്ചു. ഇയാൾ ഒരു കളക്ഷൻ ഏജന്റ് മാത്രമാണ്. ഡി കെ എത്ര കോടി സമ്പാദിച്ചിട്ടുണ്ട് എന്ന് ആലോചിച്ചിട്ടുണ്ടോയെന്നാണ് സലീം ചോദിക്കുന്നത്. ഡികെ ചില അഡ്ജസ്റ്റ്‌മെന്റുകൾ നടത്തുന്നുണ്ട്. അദ്ദേഹം അഴിമതിക്കാരനാണെന്നും സലീം വീഡിയോയിൽ പറയുന്നു. മദ്യപിച്ചത് പോലെ അവ്യക്തമായിട്ടാണ് ഡി കെ സംസാരിക്കുന്നതെന്നും സലീം ആരോപിക്കുന്നു.

അതേസമയം സംഭവത്തിൽ ഇതുവരെ ശിവകുമാർ പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ പ്രതികരണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും പാർട്ടി അച്ചടക്കസമിതി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും മാത്രമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ന്യൂഡൽഹി: ബോർഡർ സെക്യൂരിറ്റി ഫോഴ്സിന് കൂടുതൽ അധികാരം നൽകി കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന മൂന്ന് സംസ്ഥാനങ്ങളിലാണ് ബിഎസ്എഫിന് കൂടുതൽ അധികാരം നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പശ്ചിമ ബംഗാൾ, പഞ്ചാബ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബിഎസ്എഫിന് കൂടുതൽ അധികാരം നൽകുക. അതിർത്തിയുടെ 50 കിലോമീറ്ററിനുള്ളിൽ പരിധിയിൽ തിരച്ചിൽ, കസ്റ്റഡി, അറസ്റ്റ് എന്നിവക്കാണ് ബിഎസ്എഫിന് അധികാരം നൽകിയത്. നേരത്തെ ഇത് 15 കിലോമീറ്ററായിരുന്നു. അതിർത്തി സംസ്ഥാനങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ബിഎസ്എഫിന് അധികാരം വർധിപ്പിച്ച് നൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. അതിർത്തി സംരക്ഷണവും നുഴഞ്ഞുകയറ്റവും തടയുകയാണ് ബിഎസ്എഫിന്റെ പ്രധാന ചുമതല.

പുതിയ തീരുമാനം ഗുണകരമാണെന്നാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ പറയുന്നത്. ഇന്റലിജൻസ് വിവരം ലഭിച്ചാൽ ഇനി ലോക്കൽ പൊലീസിന്റെ അനുമതിക്കായി കാത്തിരിക്കേണ്ടതില്ലെന്നും ഉടൻ പ്രവർത്തിക്കാമെന്നും സീനിയർ ബിഎസ്എഫ് ഓഫീസർ പ്രതികരിച്ചു. ഇനി മൂന്ന് സംസ്ഥാനങ്ങളിലും സംസ്ഥാന പൊലീസിന്റെ അനുമതിയില്ലാതെ തിരച്ചിലിനും അറസ്റ്റിനും ബിഎസ്എഫിന് അധികാരമുണ്ടാകും. സിആർപിസി, പാസ്പോർട്ട് ആക്ട് എന്നിവ പ്രകാരം കേസെടുക്കാനും ബിഎസ്എഫിന് കഴിയും. മണിപ്പൂർ, നാഗാലാൻഡ്, മിസോറം, ത്രിപുര, ലഡാക്ക് എന്നീ സംസ്ഥാനങ്ങളിലും ബിഎസ്എഫിന് അറസ്റ്റ് അധികാരം നൽകിയിട്ടുണ്ട്. എന്നാൽ ഗുജറാത്തിലെ ബിഎസ്എഫിന്റെ അധികാര പരിധി 80 കിലോമീറ്ററിൽ നിന്ന് 50 കിലോമീറ്ററായി കുറക്കുകയും രാജസ്ഥാനിൽ 50 കിലോമീറ്ററായി നിലനിർത്തുകയും ചെയ്തിട്ടുണ്ട്.

അതേസമയം ബിഎസ്എഫിന് കൂടുതൽ അധികാരം നൽകിയതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതാണ് കേന്ദ്ര സർക്കാർ തീരുമാനമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാറിന്റെ ഏകപക്ഷീയമായ തീരുമാനത്തെ ശക്തമായി അപലപിക്കുന്നു. 50 കിലോമീറ്ററിനുള്ളിൽ ബിഎസ്എഫിന് കൂടുതൽ അധികാരം നൽകുന്നത് ഫെഡറലിസത്തിനെതിരെയുള്ള ആക്രമണമാണെന്നും തീരുമാനം പിൻവലിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: ഗർഭഛിദ്രത്തിനുള്ള സമയപരിധി 24 ആഴ്ചയാക്കി ഉയർത്തി കേന്ദ്ര സർക്കാർ. ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ലൈംഗികാതിക്രമത്തിന് ഇരയായവർ, ഗർഭിണിയായിരിക്കെ വിവാഹബന്ധം വേർപെടുത്തുകയോ വിധവയാകുകയോ ചെയ്തവർ, ഗുരുതര ശാരീരിക മാനസിക പ്രശ്നങ്ങളുള്ളവർ, സർക്കാർ പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർ തുടങ്ങിയവർക്ക് 24 ആഴ്ചയ്ക്കുള്ളിലാണെങ്കിൽ ഗർഭം അലസിപ്പിക്കാമെന്നാണ് പുതിയ ഉത്തരവ്. നേരത്തെ 20 ആഴ്ച്ച വരെയായിരുന്നു ഗർഭഛിദ്രം നടത്താൻ കഴിഞ്ഞിരുന്നത്.

കുട്ടിയുടെയോ അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യവും ഗുരുതര വൈകല്യ സാധ്യതയും പരിഗണിച്ചാണ് 24 ആഴ്ചയ്ക്കു ശേഷം ഗർഭഛിദ്രം അനുവദിക്കുക. ഗർഭഛിദ്രം വേണമോയെന്നു തീരുമാനിക്കാൻ മെഡിക്കൽ ബോർഡിലേക്ക് കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്താം. ഗർഭഛിദ്രം ആവശ്യപ്പെടുന്ന ആളെയും അവരുടെ മെഡിക്കൽ രേഖകളും ബോർഡ് പരിശോധിക്കണമെന്നും അപേക്ഷയിൽ 3 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും കേന്ദ്ര സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. എല്ലാ സുരക്ഷാ നടപടികളോടെയുമാണു ഗർഭഛിദ്രം നടക്കുന്നതെന്ന് ബോർഡ് ഉറപ്പാക്കണമെന്നും കൗൺസലിംഗ് നൽകണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.

ഉത്തരവിലെ മറ്റ് പ്രധാന ഭേദഗതികൾ:

  • 20 മുതൽ 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാൻ 2 ഡോക്ടർമാരുടെ അനുമതി വേണം.
  • ഗർഭം ധരിച്ചു 9 ആഴ്ചയ്ക്കുള്ളിലാണെങ്കിൽ മൂന്നാഴ്ചയിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള ഡോക്ടർക്കു ഗർഭഛിദ്രം നടത്താം.
  • 24 ആഴ്ചയ്ക്കു മുകളിലാണെങ്കിൽ ഗർഭഛിദ്രത്തിനുള്ള അപേക്ഷ പരിഗണിക്കേണ്ടത് സംസ്ഥാന സർക്കാർ നിയോഗിക്കുന്ന മെഡിക്കൽ ബോർഡാണ്.

തിരുവനന്തപുരം: 18 വയസ്സ് തികയാത്തതിനാൽ കോവിഡ് വാക്‌സിൻ എടുക്കാൻ പറ്റാത്ത ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളെ വാക്‌സിനേഷൻ നിബന്ധനയിൽ നിന്നും ഒഴിവാക്കുമെന്ന് സംസ്ഥാന സർക്കാർ. രണ്ട് ഡോസ് വാക്‌സിൻ എടുത്ത വിദ്യാർത്ഥികൾക്കു മാത്രമാണ് നിലവിൽ കോളേജുകളിൽ ക്ലാസിൽ വരാൻ അനുമതിയുള്ളത്. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ സമയമാകാത്ത വിദ്യാർത്ഥികളെയും പ്രവേശിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. വാക്‌സിൻ എടുക്കാൻ വിമുഖതകാട്ടുന്ന അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

നവംബർ 18 നാണ് സംസ്ഥാനത്തെ കോളേജുകൾ തുറക്കുന്നത്. എഞ്ചിനീയറിങ് കോളേജുകൾ നിലവിലുള്ള രീതിയിൽ 6 മണിക്കൂർ ക്ലാസ് എന്ന രീതി തുടരും. കോളേജുകൾ 4 തരം സമായക്രമങ്ങളിൽ തുറക്കാമെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം സ്‌കൂൾ തുറക്കുന്നതിന്റെ ആദ്യഘട്ടത്തിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ ബസ്സ് സർവ്വീസുകൾ വർദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടി എടുക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഒന്നുകൂടി ഉറപ്പാക്കണം. സ്‌കൂൾ വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ്സും ഉറപ്പാക്കും.

സംസ്ഥാനത്ത് പൊതുപരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടരും. ഇളവ് ലഭിക്കേണ്ട പരിപാടികൾക്ക് പ്രത്യേക അനുമതി വാങ്ങണം. സംസ്ഥാന സർക്കാരിന്റെ പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ കീഴിലുള്ള മ്യൂസിയങ്ങളും സ്മാരകങ്ങളും അനുബന്ധ സ്ഥാപനങ്ങളും ഒക്ടോബർ 25 മുതൽ തുറന്നു പ്രവർത്തിക്കുമെന്നും സർക്കാർ അറിയിച്ചു.

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം. സോളാർ കേസ് പ്രതി സരിത നായരുടെ പരാതിയിലാണ് ആര്യാടൻ മുഹമ്മദിനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. വിജിലൻസ് അന്വേഷണം നടത്താനുള്ള മുൻകൂർ അനുമതിക്കായി ഗവർണറോട് ശുപാർശ ചെയ്യാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

മുൻ മന്ത്രിയായതിനാൽ ആര്യാടൻ മുഹമ്മദിനെതിരെയുള്ള വിജിലൻസ് അന്വേഷണത്തിന് സർക്കാരിന്റെയും ഗവർണറുടെയും അനുമതി ഉണ്ടായിരിക്കണം. ആര്യാടൻ മുഹമ്മദ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 40 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു സരിതയുടെ പരാതി. ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന സമയത്ത് കൈക്കൂലി വാങ്ങിയെന്നും സരിത ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തി വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനിച്ചത്.