വാക്‌സിൻ എടുക്കാൻ വിമുഖത കാട്ടുന്ന അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണം നൽകും

തിരുവനന്തപുരം: 18 വയസ്സ് തികയാത്തതിനാൽ കോവിഡ് വാക്‌സിൻ എടുക്കാൻ പറ്റാത്ത ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളെ വാക്‌സിനേഷൻ നിബന്ധനയിൽ നിന്നും ഒഴിവാക്കുമെന്ന് സംസ്ഥാന സർക്കാർ. രണ്ട് ഡോസ് വാക്‌സിൻ എടുത്ത വിദ്യാർത്ഥികൾക്കു മാത്രമാണ് നിലവിൽ കോളേജുകളിൽ ക്ലാസിൽ വരാൻ അനുമതിയുള്ളത്. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ സമയമാകാത്ത വിദ്യാർത്ഥികളെയും പ്രവേശിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. വാക്‌സിൻ എടുക്കാൻ വിമുഖതകാട്ടുന്ന അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

നവംബർ 18 നാണ് സംസ്ഥാനത്തെ കോളേജുകൾ തുറക്കുന്നത്. എഞ്ചിനീയറിങ് കോളേജുകൾ നിലവിലുള്ള രീതിയിൽ 6 മണിക്കൂർ ക്ലാസ് എന്ന രീതി തുടരും. കോളേജുകൾ 4 തരം സമായക്രമങ്ങളിൽ തുറക്കാമെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം സ്‌കൂൾ തുറക്കുന്നതിന്റെ ആദ്യഘട്ടത്തിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ ബസ്സ് സർവ്വീസുകൾ വർദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടി എടുക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഒന്നുകൂടി ഉറപ്പാക്കണം. സ്‌കൂൾ വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ്സും ഉറപ്പാക്കും.

സംസ്ഥാനത്ത് പൊതുപരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടരും. ഇളവ് ലഭിക്കേണ്ട പരിപാടികൾക്ക് പ്രത്യേക അനുമതി വാങ്ങണം. സംസ്ഥാന സർക്കാരിന്റെ പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ കീഴിലുള്ള മ്യൂസിയങ്ങളും സ്മാരകങ്ങളും അനുബന്ധ സ്ഥാപനങ്ങളും ഒക്ടോബർ 25 മുതൽ തുറന്നു പ്രവർത്തിക്കുമെന്നും സർക്കാർ അറിയിച്ചു.