ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 40 ലക്ഷം രൂപ കൈപ്പറ്റി; മുൻ മന്ത്രി ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം. സോളാർ കേസ് പ്രതി സരിത നായരുടെ പരാതിയിലാണ് ആര്യാടൻ മുഹമ്മദിനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. വിജിലൻസ് അന്വേഷണം നടത്താനുള്ള മുൻകൂർ അനുമതിക്കായി ഗവർണറോട് ശുപാർശ ചെയ്യാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

മുൻ മന്ത്രിയായതിനാൽ ആര്യാടൻ മുഹമ്മദിനെതിരെയുള്ള വിജിലൻസ് അന്വേഷണത്തിന് സർക്കാരിന്റെയും ഗവർണറുടെയും അനുമതി ഉണ്ടായിരിക്കണം. ആര്യാടൻ മുഹമ്മദ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 40 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു സരിതയുടെ പരാതി. ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന സമയത്ത് കൈക്കൂലി വാങ്ങിയെന്നും സരിത ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തി വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനിച്ചത്.