എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം നൽകി; പാർട്ടിയാണ് വലുതെന്ന് കരുതുന്നവർ തെരുവിലിറങ്ങില്ലെന്ന് കെ സുധാകരൻ

തിരുവനന്തപുരം: സ്ത്രീ- സാമുദായിക സംവരണം ഉൾപ്പെടെ എല്ലാ വിഭാഗത്തിനും മതിയായ പ്രാതിനിധ്യം നൽകിയാണ് കെപിസിസി ഭാരവാഹി പട്ടിക പുറത്തിറക്കിയതെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. കേരളത്തിൽ നിന്നും നൽകിയ പട്ടികയിൽ ഹൈക്കമാൻഡ് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും പട്ടികയ്ക്ക് എതിരെ എതിർപ്പുകൾ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും സുധാകരൻ വ്യക്തമാക്കി.

പാർട്ടിക്കകത്ത് അസംതൃപ്തി ഉള്ളവർ ഉണ്ടാകാം. എന്നാൽ പാർട്ടിയാണ് വലുതെന്ന് കരുതുന്നവർ തെരുവിലിറങ്ങില്ല. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ചർച്ച നടത്തിയാണ് പട്ടിക തയ്യാറാക്കിയത്. കെ സി വേണുഗോപാൽ ലിസ്റ്റിൽ ഇടപെട്ടില്ല. ഗ്രൂപ്പിൽ ഉള്ളവർ തന്നെയാണ് പട്ടികയിലുള്ളതെന്നും എന്നാൽ നേതാക്കളെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം കഴിവ് തന്നെയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

സ്ത്രീകൾ വൈസ് പ്രസിഡന്റുമാരായി വേണമെന്ന് നിർബന്ധമില്ല. സെക്രട്ടിമാരുടെ പട്ടിക വരുമ്പോൾ കൂടുതൽ സ്ത്രീ പ്രാതിനിധ്യമുണ്ടാകും. രമണി പി നായരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിലെ ചില കാരണങ്ങൾ രമണിയുടെ പേര് പിൻവലിക്കാൻ കാരണമായി. സുമ ബാലകൃഷ്ണൻ പാർട്ടിയിൽ സജീവമാകാൻ പറ്റുന്ന സാഹചര്യത്തിൽ ഇല്ലെന്നും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും
എ വി ഗോപിനാഥ് പാർട്ടിക്കൊപ്പമാണെന്നും സുധാകരൻ അറിയിച്ചു.

56 പേരെ ഉൾപ്പെടുത്തിയാണ് കെപിസിസി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചത്. വി ടി ബൽറാം, എൻ ശക്തൻ, വി.പി സജീന്ദ്രൻ, വി.ജെ പൗലോസ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. സെക്രട്ടറിമാരെ പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡൻറുമാരും എംപിമാരും എംഎൽഎമാരും എക്‌സിക്യൂട്ടീവ് പ്രത്യേക ക്ഷണിതാക്കൾ ആകും.