കോട്ടയം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രളയദുരന്തം പ്രതിരോധിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും സർക്കാർ വൻപരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം കേരളത്തിൽ വൻനാശം വിതയ്ക്കുമെന്ന് വ്യക്തമായിട്ടും റെഡ് അലർട്ട് പ്രഖ്യാപിക്കാൻ വൈകിയെന്നും ഉരുൾപൊട്ടലുണ്ടായ കൊക്കയാറിൽ അപകടം നടന്ന് 21 മണിക്കൂറിന് ശേഷം മാത്രമാണ് സർക്കാർ സംവിധാനം രക്ഷാപ്രവർത്തനത്തിന് എത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോട്ടയത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രണ്ടാം തവണ അധികാരത്തിൽ വന്നതോടെ ഒരു തരത്തിലുള്ള വിമർശനവും അംഗീകരിക്കാൻ പറ്റാത്ത നിലയിലാണ് സംസ്ഥാന സർക്കാരുള്ളത്. സ്തുതിപാഠകരുടെ നടുവിലാണ് മുഖ്യമന്ത്രി. നമ്മുടെ ദുരന്തനിവാരണ അതോറിറ്റി ഒരു പരാജയമാണെന്നാണ് വസ്തുതകളുടെ അടിസ്ഥാനത്തിൽ യുഡിഎഫ് പറഞ്ഞത്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കേരളതീരത്തേക്കാണ് നീങ്ങുന്നതെന്ന് നാസയും ഇന്ത്യൻ കാലാവസ്ഥാ ഏജൻസികളും വ്യക്തമായി പറഞ്ഞിരുന്നു. അതിതീവ്ര മഴയിലേക്കാണ് പോകുന്നതെന്ന് വ്യക്തമായിട്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചില്ലെന്നും ശക്തമായ മഴയുണ്ടായ ശേഷം ഉച്ചയ്ക്ക് ഒരു മണിക്കാണ് മഴ മുന്നറിയിപ്പ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
2018 -ൽ പ്രളയം രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലെ ജനപ്രതിനിധികളാണ് തങ്ങൾ. പുഴകളിൽ ഒരടി വെള്ളം ഉയർന്നാൽ എവിടെയൊക്കെ കേറും, രണ്ടടി ഉയർന്നാൽ എവിടെയൊക്കെ പ്രശ്‌നമാകും എന്ന് ഞങ്ങൾ വിവിധ ഏജൻസികളെ കൊണ്ട് പഠിച്ചു വച്ചിരിക്കുകയാണ്. ഇതൊന്നും സർക്കാർ ചെയ്തതല്ല. സർക്കാർ ഒന്നും ചെയ്തില്ല. പമ്പയോ മീനച്ചിലാറോ ഭാരതപ്പുഴയോ ഏത് നദിയോ ആവട്ടെ ഒരടി വെള്ളം പൊങ്ങിയാൽ ഏതൊക്കെ പ്രദേശത്തെ ജനങ്ങളെ ബാധിക്കുമെന്ന ബോധ്യം സർക്കാരിനുണ്ടാവകണം. മഹാപ്രളയത്തിന് ശേഷം എന്തു പഠനമാണ് നടത്തിയതെന്ന് അദ്ദേഹം ചോദിച്ചു.
നെതർലെൻഡ്‌സിൽ പോയി തിരിച്ചു വന്നിട്ട് റൂം ഫോർ റിവർ എന്നു പറഞ്ഞത് മുഖ്യമന്ത്രിയാണ്. എന്നിട്ട് ആ നിലയിൽ എന്ത് നടപടിയാണ് മുഖ്യമന്ത്രി എടുത്തത്. മഴ/പ്രളയ മുന്നറിയിപ്പ് സംവിധാനം ശാസ്ത്രീയമായി പുനസംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും വേണമെന്ന് യുഡിഎഫ് പലതവണ ആവശ്യപ്പെട്ടതാണ്. 2018 ലും 2019ലും 2021 ലും പ്രളയം വരുമ്പോൾ ഇതു തന്നെ ഞങ്ങൾ ആവർത്തിക്കുകയാണ്. നാല് വർഷമായിട്ടും ഒരു പാഠം പഠിച്ചില്ല. ഇതിനെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ രാജ്യദ്രോഹികളും ദേശദ്രോഹികളുമാവുന്ന അവസ്ഥയാണ്. മോദിയുടെ അതേ ലൈനാണ് ഇവിടെയുമുള്ളതെന്നും അദ്ദേഹം വിമർശിച്ചു.

