സർക്കാരിന് തിരിച്ചടി; ഇഡി ഉദ്യോഗസ്ഥർക്കെതിരെ തെളിവ് പരിശോധിക്കാനുള്ള അനുമതിയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ

ന്യൂഡൽഹി: സംസ്ഥാന സർക്കാരിന് തിരിച്ചടി. സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരായ നീക്കത്തിലാണ് സർക്കാരിന് തിരിച്ചടി നേരിട്ടത്. ഇഡി ഉദ്യോഗസ്ഥർക്കെതിരെ തെളിവ് പരിശോധിക്കാനുള്ള അനുമതി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിചാരണക്കോടതിക്ക് നൽകിയ അനുമതിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യുട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ തീരുമാനം. ജസ്റ്റിസ് എ. എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജനുവരി രണ്ടാം തീയതി കേസിൽ സുപ്രീംകോടതി വിശദമായി വാദം കേൾക്കും.