തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്തെ മൃഗസംരക്ഷണ മേഖലയിൽ ഉണ്ടായത് 2 കോടി രൂപയുടെ നാശനഷ്ടം. മന്ത്രി ജെ ചിഞ്ചുറാണിയാണ് ഇക്കാര്യം അറിയിച്ചത്. കന്നുകാലികൾ മരിച്ച കർഷകർക്ക് ധനസഹായം നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി.
വെള്ളപ്പൊക്കത്തിൽ മൃഗസംരക്ഷണ, ക്ഷീരമേഖലയിൽ വലിയ നഷ്ടങ്ങളാണ് ഉണ്ടായത്. പശുക്കൾ മരിച്ച കർഷകർക്ക് പശു ഒന്നിന് 30,000 രൂപ ധനസഹായം നൽകും. പശു കിടാവിന് 15,000 രൂപയും ചത്ത കോഴി ഒന്നിന് 200 രൂപ വീതവും നൽകുമെന്ന് മന്ത്രി അറിയിച്ചു.
അതേസമയം അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തൊട്ടാകെ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.

