പ്രകൃതി ദുരന്തത്തിൽ പോലും രാഷ്ട്രീയം കലർത്തുന്ന നിലപാട്; വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. പ്രകൃതി ദുരന്തത്തിൽ പോലും രാഷ്ട്രീയം കലർത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാട് ആ പദവിക്ക് ചേരുന്നതല്ലെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. പ്രകൃതിക്ഷോഭം നേരിടാൻ സർക്കാർ മികച്ച നിലയിലാണ് പ്രവർത്തിച്ചതെന്നും എന്ത് പ്രശ്നമുണ്ടായാലും മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് കഴിഞ്ഞ കുറച്ച് നാളായി പ്രതിപക്ഷ നേതാവിന്റെ ശൈലിയെന്നും സിപിഎം പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് വി ഡി സതീശനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

രാഷ്ട്രീയമായി നേരിടാൻ കഴിയാത്തത് കൊണ്ടാണ് ഈ അധഃപതനമെന്നും വാർത്താക്കുറിപ്പിൽ വിശദമാക്കുന്നു. മുഖ്യമന്ത്രിയെ വിമർശിക്കുന്നതിലെ ആവേശം നരേന്ദ്ര മോദിയെ വിമർശിക്കാൻ കാണിക്കുന്നില്ല. ഉരുൾപ്പൊട്ടലിന്റെ സമയവും സ്ഥലവും മുൻകൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതികവിദ്യ പ്രതിപക്ഷ നേതാവിന്റെ പക്കലുണ്ടോയെന്ന് വിജയരാഘവൻ ചോദിച്ചു. ഹൈക്കമാന്റിന്റെ മാത്രം പിന്തുണയുള്ള, സ്വന്തം പാർട്ടി എം.എൽ.എമാരുടെ പോലും പിന്തുണയില്ലാത്ത ഒരാളാണ് ഇത്തരത്തിൽ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മഴക്കെടുതിയെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലും ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനത്തിലും വീഴ്ചയുണ്ടെന്നായിരുന്നു വി ഡി സതീശൻ ആരോപിച്ചിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വി സി സതീശൻ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ മറുപടി നൽകിയിരുന്നു. എന്നാൽ ഇതിന് ശേഷവും സതീശൻ ആരോപണങ്ങൾ ആവർത്തിച്ചതോടെയാണ് സിപിഎം വിമർശനവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിസതീശന്റെ വിമർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മറുപടി പറഞ്ഞു. എന്നാൽ വീണ്ടും ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് ദുഷ്ടലാക്കോടുകൂടിയാണെന്നാണ് സി.പി.എമ്മിന്റെ ആരോപണം.