General (Page 1,361)

k rail

ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയുടെ വായ്പാ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര റെയിൽവേ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. സിൽവർ ലെയിൻ പദ്ധതിക്കായി 33,700 കോടി രൂപ വായ്പ എടുക്കാനാണ് പദ്ധതിയിടുന്നത്. ഇതിന്റെ ബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര സർക്കാർ വിശദമാക്കിയത്.

സംസ്ഥാനത്തിന് മാത്രമായി സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ തുടർ ചർച്ചകൾ നടത്താനും യോഗത്തിൽ ധാരണയായി. പദ്ധതി നടത്തിപ്പിന്റെ പ്രായോഗികത സംബന്ധിച്ചും ഇരുവരും തമ്മിൽ ചർച്ച നടത്തി. പദ്ധതിക്ക് അന്തിമ അനുമതി തേടിയാണ് മുഖ്യമന്ത്രി റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തെ പദ്ധതിയ്ക്ക് കേന്ദ്രം തത്വത്തിൽ അനുമതി നൽകിയിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഹാളിൽ നാടകീയ രംഗങ്ങൾ. നഗരസഭയിലെ നികുതിവെട്ടിപ്പിനെതിരെ ബി.ജെ.പി കൗൺസിലർമാർ നടത്തുന്ന പ്രതിഷേധ സമരത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തിരുവനന്തപുരം കോർപ്പറേഷനിലെ നികുതിവെട്ടിപ്പിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി കൗൺസിലർമാർ സമരം നടത്തുന്നത്. മേയർ ആര്യ രാജേന്ദ്രൻ കൗൺസിലിൽ പ്രവേശിക്കുന്നത് തടയാൻ ഹാളിൽ കിടന്നാണ് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്. തുടർന്ന് മേയർക്ക് സംരക്ഷണമൊരുക്കി ഇടത് കൗൺസിലർമാരും രംഗത്തെത്തി.

സംഘർഷ സമാനമായ സാഹചര്യം ഉണ്ടായതോടെ പോലീസ് എത്തി മേയറെ ഡയസിലേക്ക് എത്തിച്ചു. ബി ജെ പി കൗൺസിലർമാരുടെ പ്രതിഷേധത്തെത്തുടർന്ന് ഇടത് അംഗങ്ങൾ മേശകൾ ചാടിക്കടന്നാണ് സ്വന്തം ഇരിപ്പിടത്തിൽ എത്തിയത്. പോലീസ് സംരക്ഷണയിലാണ് കൗൺസിൽ യോഗവും ആരംഭിച്ചത്. ബി ജെ പി സമരത്തിനെതിരെ യോഗം പ്രമേയം പാസാക്കി. നികുതിവെട്ടിപ്പ് നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇരുപതു ദിവസത്തിലധികമായി ബി ജെ പി പ്രതിഷേധം നടത്തുകയാണ്. രണ്ട് ദിവസമായി നിരാഹാരസമരവും ആരംഭിച്ചിട്ടുണ്ട്. കേസിൽ കുറ്റക്കാരായ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

പത്തനംതിട്ട: അനുപമയുടെ കുഞ്ഞിന്റെ വിഷയത്തിൽ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. ആരോഗ്യ – വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. അമ്മയ്ക്ക് കുഞ്ഞിനെ നൽകുകയാണ് അഭികാമ്യമെന്നും അത് സാധ്യമാക്കുന്നതിനാണ് പ്രാധാന്യം നൽകുകയെന്നും മന്ത്രി അറിയിച്ചു.

കോടതിയിലൂടെ മാത്രമേ കുട്ടിയെ തിരിച്ചു നൽകൂവെന്നാണ് മനസിലാകുന്നത്. അവിടെ അമ്മയ്ക്ക് നീതി കിട്ടാൻ വേണ്ട നിലപാട് സ്വീകരിക്കുമെന്നും വീണാ ജോർജ്ജ് പറഞ്ഞു. അനുപമ പറയുന്ന കാലയളവിൽ രണ്ട് കുട്ടികളെ ലഭിച്ചുവെന്ന വിവരവും മന്ത്രി സ്ഥിരീകരിച്ചു. ഇതിൽ ഒരാളുടെ ഡിഎൻഎ പരിശോധിച്ചപ്പോൾ അത് പരാതിക്കാരിയുടെ കുട്ടിയല്ലെന്ന് തെളിഞ്ഞുവെന്നും മന്ത്രി വിശദമാക്കി.

ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സന്റെ നിലപാടിനെയും മന്ത്രി തള്ളി. പരാതി എഴുതി നൽകണമെന്നില്ലെന്ന് വ്യക്തമാക്കിയ മന്ത്രി സ്ത്രീകളുടെ വിഷയത്തിൽ വാട്‌സ് ആപ് സന്ദേശം ആണെങ്കിൽ പോലും പരാതി സ്വീകരിക്കാമെന്നും അറിയിച്ചു. അനുപമ നേരിട്ട് ഹാജരായി പരാതി നൽകാതിരുന്നത് കൊണ്ടാണ് കുഞ്ഞിനെ തിരിച്ചു നൽകുന്ന കാര്യത്തിൽ നടപടി എടുക്കാതിരുന്നതെന്നായിരുന്നു ചെൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. എൻ സുനന്ദ പറഞ്#ിരുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബർ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയിൽ വെച്ച് തന്റെ അമ്മയും അച്ഛനും ചേർന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്എഫ്‌ഐ നേതാവ് അനുപമ നൽകിയ പരാതി.

m sivasanker

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിച്ച് കസ്റ്റംസ്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിലാണ് കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ ഉൾപ്പടെ 29 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസിൽ ആരെയും മാപ്പു സാക്ഷികളാക്കിയിട്ടില്ല. കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്താണ്. 3000 പേജുള്ള കുറ്റപത്രത്തിൽ എം. ശിവശങ്കർ കേസിലെ 29-ാം പ്രതിയാണ്.

2020 ജൂൺ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലേറ്റിന്റെ പേരിൽ എത്തിയ നയതന്ത്ര ബാഗേജിൽ 30 കിലോ സ്വർണം കണ്ടെത്തിയതിനെ തുടർന്നു നടത്തിയ അന്വേഷണങ്ങളിലാണ് സ്വർണ്ണക്കടത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്.

രഹസ്യ വിവരത്തെ തുടർന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ കാർഗോ കോംപ്ലക്സിൽ എത്തി ബാഗേജ് തടഞ്ഞു വച്ചു. ജൂലൈ അഞ്ചിന് ബാഗേജ് തുറന്നു പരിശോധിച്ചപ്പോഴാണ് സ്വർണ്ണം പിടിച്ചെടുത്തത്. കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പടെ 50ൽ എറെ പേരെ അറസ്റ്റു ചെയ്തു. കസ്റ്റംസിന് പുറമെ എൻഐഎ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര ഏജൻസികളും കേസിൽ അന്വേഷണം നടത്തുന്നുണ്ട്.

തിരുവന്തപുരം: പൊതുമുതലുകൾക്ക് നാശനഷ്ടമുണ്ടാകുന്ന കേസിൽ വിചിത്ര ഉത്തരവ് പുറപ്പെടുവിച്ച് ആഭ്യന്തര വകുപ്പ്. നാശനഷ്ടം വിലയിരുത്തുന്ന സർട്ടിഫിക്കറ്റിന് വേണ്ടി പൊതുമരാമത്ത് വകുപ്പിൽ പോലീസ് പണമടച്ച് അപേക്ഷ നൽകണമെന്നാണ് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. ഉത്തരവിനെതിരെ പോലീസ് രംഗത്തെത്തി.

പൊതുമുതൽ നശിപ്പിച്ച കേസിലെ പ്രതികൾ നാശനഷ്ടമുണ്ടാക്കിയ തുക കെട്ടിവച്ചാൽ മാത്രമെ ജാമ്യം അനുവദിക്കൂ. പൊതുമരാമത്ത് വകുപ്പാണ് പ്രതികളുണ്ടാക്കിയ നാശനഷ്ടം വിലയിരുത്തി പൊലീസിന് റിപ്പോർട്ട് നൽകുന്നത്. തീപിടിത്തമുണ്ടായാലും നാശനഷ്ടം വലിയിരുത്തേണ്ടത് പൊതുമരാമത്ത് വകുപ്പാണ്. ക്രമിനൽ ചട്ടം 91 പ്രകാരം പൊലീസ് നൽകുന്ന നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് വസ്തുവകൾക്കുണ്ടാകുന്ന നഷ്ടം വേഗത്തിൽ തിട്ടപ്പെടുത്തി പൊതുമാരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകുന്നത്. ഇതിന് ഫീസോ പ്രത്യേക അപേക്ഷയോ പൊലീസ് നൽകാറില്ല. എന്നാൽ പൊതുമരമാത്ത് വകുപ്പിൽ ഫീസടച്ച് അപേക്ഷ സമർപ്പിച്ച് റിപ്പോർട്ട് വാങ്ങണമെന്നാണ് ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്ന പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ സ്റ്റേഷനുകളിലും സമാന ആവശ്യം ഉന്നയിച്ച് അപേക്ഷ വരുന്നുണ്ടെന്നും വകുപ്പിന് ഈ ജോലിയിൽ ഒരു വരുമാനവും കിട്ടുന്നില്ലെന്നുമാണ് ചീഫ് എഞ്ചിനീയർ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ക്രിമിനൽ ചട്ടപ്രകാരം പൊലീസിന് ഏതു ഉദ്യോഗസ്ഥനിൽ നിന്നും വിവരം ശേഖരിക്കാൻ അധികാരമുണ്ട്. പണടച്ച് അപേക്ഷ സമർപ്പിച്ച് റിപ്പോർട്ട് വാങ്ങുമ്പോൾ കാലതാമസം വരുമെന്നും ഇത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പോലീസ് പറയുന്നത്. അതേസമയം നാശനഷ്ടം കണക്കാനായുള്ള പണം പൊലീസ് എവിടെ നിന്നും കണ്ടെത്തുമെന്നതും വ്യക്തമല്ല.

തിരുവനന്തപുരം: അനധികൃതമായി വാഹനങ്ങള്‍ രൂപമാറ്റം വരുത്തി ആംബുലന്‍സായി കേരളത്തില്‍ സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.

കോവിഡ് വ്യാപനത്തിനിടെ വാഹനങ്ങള്‍ ആംബുലന്‍സ് എന്ന രീതിയില്‍ മാറ്റം വരുത്തിയ വാഹനങ്ങള്‍ മോട്ടര്‍ വാഹന നിയമം ലംഘിച്ച് അപകടകരമാം വിധത്തില്‍ സര്‍വീസ് നടത്തുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം.

ആംബുലന്‍സുകള്‍ക്ക് പ്രത്യേക നിറവും സൈറനും നല്‍കുന്നത് പരിഗണിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ഇതിന് പുറമെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനും പ്രത്യേക പരിശീലനം നല്‍കാനും യോഗത്തില്‍ തീരുമാനമായി.

ന്യൂഡൽഹി: നൂറ് കോടി വാക്സിൻ എന്ന ലക്ഷ്യം കൈവരിക്കാനായത് രാജ്യത്തിന്റെ കരുത്തിന്റെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഓരോ പൗരന്മാരുടെയും വിജയമാണിതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ്‌വ്യക്തമാക്കിയത്.

നൂറ് കോടി വാക്സിനേഷൻ പൂർത്തിയാക്കാനായത് നവഭാരതത്തിന്റെ പ്രതീകമാണ്. കോവിഡ് വൈറസ് വ്യാപനം സൃഷ്ടിച്ചത് വലിയ വെല്ലുവിളിയാണ്. കോവിഡ് മഹാമാരിയെ രാജ്യം പരാജയപ്പെടുത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ലോകം ഇന്ന് ഫാർമ ഹബ്ബായാണ് ഇന്ത്യയെ കാണുന്നത്. കോവിഡിൽ നിന്ന് ഇന്ത്യ സുരക്ഷിതമാണെന്നാണ് ലോകത്തിന്റെ വിലയിരുത്തൽ. ഇന്ത്യക്ക് വാക്സിൻ എല്ലാവരിലേക്കും എത്തിക്കാനാകുമോ എന്നതിൽ പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ ആ സംശയം അസ്ഥാനത്തായെന്നും വികസിത രാജ്യങ്ങളെക്കാൾ മികച്ച രീതിയിൽ രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡിനെ അതിജീവിക്കാൻ ഇന്ത്യക്ക് കഴിയുമോയെന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് വാക്സിനേഷനിലെ മുന്നേറ്റം. കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി വിളക്ക് കൊളുത്തി അതിൽ ഭാഗമാകാൻ പറഞ്ഞപ്പോൾ പലരും ഇതുകൊണ്ട് മഹാമാരി മാറുമോയെന്ന് പലരും പരിഹസിച്ചുവെന്നും വിളക്ക് കൊളുത്തി തെളിയിക്കപ്പെട്ടതിലൂടെ രാജ്യത്തിന്റെ ഐക്യമാണ് വെളിപ്പെട്ടതെന്നും അദ്ദേഹം വിശദമാക്കി.

നൂറ് കോടി വാക്സിൻ പൂർത്തിയാക്കിയതിൽ ഭാരതം ശക്തമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. ഇതിലൂടെ വിമർശകർക്കെല്ലാം തെറ്റ് പറ്റിയിരിക്കുകയാണ്. നിലവിൽ അസാധാരണ ലക്ഷ്യമാണ് രാജ്യം കൈവരിച്ചിരിക്കുന്നത്. വാക്സിനേഷൻ നൽകുന്നതിൽ വിവേചനം ഇല്ലെന്ന് രാജ്യം ഉറപ്പാക്കി. വാക്‌സിൻ വിതരണത്തിൽ തുല്യത പാലിക്കാൻ ഇന്ത്യ്ക്ക് കഴിഞ്ഞു. ഗ്രാമ- നഗര വ്യത്യാസമില്ലാതെ വാക്‌സിൻ ലഭ്യമാക്കാനായെന്നും വിഐപി സംസ്‌കാരം ഒഴിവാക്കി എല്ലാവർക്കും ഒരുപോലെയാണ് വാക്സിൻ വിതരണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെ ഉത്തർപ്രദേശിൽ വൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഉത്തർപ്രദേശിൽ പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് മൊബൈൽ ഫോണും ബിരുദം പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറും നൽകുമെന്നാണ് പ്രിയങ്കാ ഗാന്ധി വാഗ്ദാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ സ്ത്രീ വോട്ടർമാരുടെ സ്വാധീനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസിന്റെ നീക്കം.

40 ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് നൽകുമെന്ന പ്രഖ്യാപനം ജനങ്ങൾ ഏറ്റെടുത്തെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ഇതാണ് ഇത്തരത്തിലുള്ള കൂടുതൽ പ്രഖ്യാപനങ്ങൾ നടത്തുന്നതിന് പിന്നിലെ കാരണം. പുതിയ പ്രഖ്യാപനങ്ങളിലൂടെ സംസ്ഥാനത്തെ സ്ത്രീ വോട്ടർമാരുടെ പിന്തുണ നേടിയടുക്കാൻ കഴിയുമെന്നാണ് കോൺഗ്രസിന്റെയും പ്രിയങ്കാ ഗാന്ധിയുടെയും പ്രതീക്ഷ. കഴിഞ്ഞ ദിവസം കുറച്ച് പെൺകുട്ടികളെ കണ്ടുവെന്നും പഠനത്തിനും സുരക്ഷയ്ക്കുമായി മൊബൈൽ ഫോൺ വേണമെന്ന് അവർ തന്നോട് പറഞ്ഞുവെന്ന് പ്രയങ്കാ ഗാന്ധി വ്യക്തമാക്കി. തെരഞ്ഞടുപ്പിലൂടെ അധികാരത്തിൽ വന്നാൽ പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് മൊബൈൽ ഫോണും ബിരുദം പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറും നൽകാൻ തീരുമാനിച്ച വിവരം സന്തോഷത്തോടെ അറിയക്കട്ടെയെന്നും പ്രിയങ്ക പറഞ്ഞു.

തെരഞ്ഞെടുപ്പിൽ സ്ത്രീകളുടെയും യുവാക്കളുടെയും വോട്ടുകൾ നിർണായകമാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്.

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി ദേശീയ അന്വേഷണ ഏജൻസി. ഗുജറാത്തിലെ മുന്ദ്ര തുറമുഖം, വിഴിഞ്ഞം എന്നിവിടങ്ങൾ വഴിയുള്ള ലഹരിക്കടത്തിന് പിന്നിൽ പ്രവർത്തിച്ചത് ഒരേ സംഘമെന്നാണ് റിപ്പോർട്ട്. മുന്ദ്ര കേസ് അന്വേഷിക്കുന്ന എൻഐഎ ടീം കൊച്ചി യൂണിറ്റിൽ നിന്ന് വിവരങ്ങൾ തേടിയതായും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യൻ മഹാസമുദ്രം വഴി അഫ്ഗാൻ ശ്രീലങ്ക ലഹരിപാത പ്രവർത്തിക്കുന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ലഹരി മരുന്നാണ് പല തവണകളായി ഈ പാതയിലൂടെ കടത്തിയത്. ലഹരിക്കടത്ത് കേസിൽ പാക് പൗരൻ ഹാജി സലിം സംഘവും എൽടിടിഇ സ്ലീപ്പർ സെല്ലുകളുമാണ് സംശയത്തിന്റെ നിഴലിലുള്ളത്. മുന്ദ്ര കേസിൽ അറസ്റ്റിലായ തമിഴ് ദമ്പതികളുടെ എൽടിടിഇ ബന്ധം പരിശോധിക്കുമെന്ന് എൻഐഎ അറിയിച്ചിട്ടുണ്ട്.

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ഏർപ്പെടുത്തിയതിനെതിരെയാണ് സംസ്ഥാന സർക്കാരിനെ ഹൈക്കോടതി വിമർശിച്ചത്. ശബരമലയിൽ ദർശനം നടത്താൻ വെർച്വൽ ക്യു ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിനും പോലീസിനും എന്ത് അധികാരമാണ് ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചു.

ക്ഷേത്രം ട്രസ്റ്റി എന്ന നിലയിൽ ദേവസ്വം ബോർഡിനാണ് ഇത്തരം നിയന്ത്രണം കൊണ്ടുവരുന്നതിൽ ഉത്തരവാദിത്തമുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്ര കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാറിന്റെ റോൾ എന്താണെന്നും വെർച്വൽ ക്യു ഏർപ്പെടുത്താൻ ദേവസ്വം ബഞ്ചിന്റെ അനുമതി ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു. എന്നാൽ വെർച്വൽ ക്യു ഏർപ്പെടുത്തിയതിൽ സദുദ്ദേശം മാത്രമാണുള്ളതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചു.

സുഗമമായ ദർശനത്തിനാണ് വെർച്വൽ ക്യു കൊണ്ടു വന്നത്. 2011 മുതൽ വെർച്വൽ ക്യു നിലവിലുണ്ട്. ഇതുവരെ കാര്യമായ പരാതികളില്ല. 2019 ലെ കോവിഡ് സാഹചര്യത്തിൽ മാത്രമാണ് ദർശനം വെർച്വൽ ക്യു വഴി ആക്കിയത്. 80 ലക്ഷം പേർക്ക് വെർച്വൽ ക്യു വഴി ദർശനം നടത്താൻ അനുമതി നൽകിയെന്നും സർക്കാർ കോടതിയിൽ വിശദമാക്കി. ക്ഷേത്രം ട്രസ്റ്റി എന്ന നിലയിൽ ബോർഡിനാണ് വെർച്വൽ ക്യു ഏർപ്പെടുത്താൻ അധികാരമെന്ന സ്‌പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട് തള്ളണമെന്ന് പൊലീസ് ഹൈക്കോടതിയോട് പറഞ്ഞു.