മുംബൈ: ആഢംബര കപ്പലിലെ ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യൻ ഖാന്റെ കസ്റ്റഡി കാലാവധി നീട്ടി. ഒക്ടോബർ 30 വരെയാണ് ആര്യൻ ഖാന്റെ കസ്റ്റഡി കാലാവധി നീട്ടിയത്. മുംബൈയിലെ പ്രത്യേക കോടതിയുടേതാണ് നടപടി. ആര്യനൊപ്പം അറസ്റ്റിലായ അർബാസ് മെർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർ ഉൾപ്പെടെ ഏഴ് പ്രതികളുടെ കസ്റ്റഡി കാലാവധിയും ഒക്ടോബർ 30 വരെ നീട്ടി.
14 ദിവസത്തേക്കാണ് സാധാരണയായി കോടതി കസ്റ്റഡി കാലാവധി നീട്ടാറുള്ളത്. എന്നാൽ നവംബർ നാലിന് ദിപാവലി അവധിക്കായി കോടതി അടയ്ക്കുന്ന സാഹചര്യത്തിലാണ് ആര്യന്റെ കസ്റ്റഡി കാലാവധി ഒമ്പത് ദിവസത്തേക്ക് മാത്രം നീട്ടിയത്.
ആര്യന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മുംബൈയിലെ എൻഡിപിഎസ് കോടതി തള്ളിയിരുന്നു. തുടർന്ന് ആര്യന്റെ അഭിഭാഷകൻ ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഒക്ടോബർ 26 നാണ് ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കും. അതേസമയം ആര്യൻ ഖാനെ ജയിലിൽ സന്ദർശിക്കാനെത്തിയതിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഷാരൂഖിന്റെ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തിയിരുന്നു. ആഢംബര കപ്പലിൽ നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വരേണ്ടതുണ്ടെന്നാണ് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്.

