കൂട്ടിക്കലിലെ ജനങ്ങൾക്ക് സഹായ ഹസ്തവുമായി മമ്മൂട്ടി; മെഡിക്കൽ സേവനങ്ങളും അടിയന്തിര സഹായവും എത്തിച്ചു

കോട്ടയം: കൂട്ടിക്കലിലെ ജനങ്ങൾക്ക് സഹായ ഹസ്തവുമായി നടൻ മമ്മൂട്ടി. തന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് മമ്മൂട്ടി കൂട്ടിക്കലിലെ ജനങ്ങൾക്ക് സഹായം നൽകുന്നത്.

ജനങ്ങൾക്ക് വൈദ്യസഹായം ഉൾപ്പെടെയാണ് മമ്മൂട്ടി നൽകുന്നത്. മമ്മൂട്ടി നേരിട്ട് ഏർപ്പാട് ചെയ്ത വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം കൂട്ടിക്കലിൽ എത്തുകയും സേവനം ആരംഭിക്കുകയും ചെയ്തു. ആലുവ രാജഗിരി ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ടും പ്രശസ്ത ശ്വാസകോശ രോഗ വിദഗ്ധനുമായ ഡോ സണ്ണി പി ഓരത്തിലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് കുട്ടിക്കലിൽ എത്തിയത്. വിദഗ്ധ ഡോക്ടർമാരും നിരവധി ആധുനിക മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളുമായാണ് സംഘം ദുരിതാശ്വാസ ക്യാമ്പിൽ എത്തിയത്.

പത്തു കുടുംബങ്ങൾക്ക് ഒന്ന് വീതം ജലസംഭരണി വച്ച് നൂറു ജലസംഭരണികളും മമ്മൂട്ടി കൂട്ടിക്കലിൽ എത്തിച്ചു. പുരുഷൻമാർക്കും സ്ത്രീകൾക്കും ഉൾപ്പെടെ എല്ലാവർക്കും ലഭിക്കത്തക്ക വിധം പുതിയ വസ്ത്രങ്ങൾ, പുതിയ പാത്രങ്ങൾ, കിടക്കകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ഉൾപ്പെടുന്ന രണ്ടായിരത്തിൽ അധികം കിറ്റുകളും അദ്ദേഹം കുട്ടിക്കൽ ജനതയ്ക്കായി എത്തിച്ചു നൽകി. ദുരന്ത സ്ഥലത്തെ കെയർ ആൻഡ് ഷെയർ സംഘടനയുടെ പ്രവർത്തങ്ങൾ മമ്മൂട്ടി നേരിട്ടാണ് നിയന്ത്രിക്കുന്നത്.

കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയെയും സംഘത്തിനെയും മമ്മൂട്ടി ദുരന്തസ്ഥലത്തേക്ക് അയച്ചിരുന്നു. അവർ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സഹായ പ്രവർത്തനങ്ങൾ. നിലവിൽ നടത്തുന്നത് അടിയന്തിര സേവനം ആണെന്നും കൂടുതൽ സഹായങ്ങൾ വരും ദിവസങ്ങളിൽ ദുരന്തബാധിതരിൽ എത്തിക്കുമെന്നും കെയർ ആൻഡ് ഷെയർ ഡയറക്ടർ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

കെയർ ആൻഡ് ഷെയർ വഴി മമ്മൂട്ടിയുടെ കാനഡയിലെയും അമേരിക്കയിലെയും ആരാധക കൂട്ടായ്മയായ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രവർത്തകരും സഹായം നൽകുന്നുണ്ട്.