General (Page 1,359)

ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച്ച വത്തിക്കാനിൽ വെച്ചായിരിക്കും കൂടിക്കാഴ്ച്ച നടക്കുക. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്രമോദി ഒക്ടോബർ 28 ന് വത്തിക്കാനിലെത്തും. അഫ്ഗാൻ വിഷയത്തെ കുറിച്ചായിരിക്കും ജി 20 ഉച്ചകോടിയിൽ ചർച്ച ചെയ്യുക. ഇന്തോ പസഫിക് മേഖലയിലെ ചൈനീസ് നീക്കങ്ങളും ഉച്ചകോടിയിൽ ചർച്ചാ വിഷയമാകും. തായ്ലാൻ, ജപ്പാൻ, ദക്ഷിണകൊറിയ രാജ്യങ്ങൾക്കെതിരായ ചൈനീസ് നീക്കങ്ങളും ഉച്ചകോടിയൽ ചർച്ച ചെയ്യും.

ഒക്ടോബർ 29 നും 30 നുമാണ് ജി 20 രാജ്യങ്ങളുടെ ഉച്ചകോടി നടക്കുക. റോമിൽ നിന്നും പ്രധാനമന്ത്രി സ്‌കോട്ട്ലാന്റിലെ ഗ്ലാസ്‌കോയിലേക്ക് പോകും. നവംബർ 1 ന് ഗ്ലാസ്‌കോയിൽ വെച്ചു നടക്കുന്ന കോപ് 26 ഉച്ചകോടിയിൽ പ്രധനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. കാലാവസ്ഥ മാറ്റം സംബന്ധിച്ച ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസണിനൊപ്പമാണ് പ്രധാനമന്ത്രി പങ്കെടുക്കുക.

covid

ന്യൂഡൽഹി: കോവിഡ് വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവഷകർ. കോവിഡ് മഹാമാരി മനുഷ്യന്റെ ജീവിതദൈർഘ്യത്തെയും ബാധിച്ചുവെന്നാണ് പഠന റിപ്പോർട്ട്. ഇന്ത്യക്കാരിൽ ആയുർദൈർഘ്യം രണ്ടു വർഷമാണ് കോവിഡ് രോഗബാധ കുറച്ചതെന്നാണ് പഠനഫലത്തിൽ വ്യക്തമാക്കുന്നത്. മുംബൈയിലെ ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സ്റ്റഡീസാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവിട്ടത്.

കോവിഡ് വൈറസ് ബാധയെ തുടർന്ന് സ്ത്രീ-പുരുഷൻമാരിലെ ആയുർദൈർഘ്യം കുറഞ്ഞതായി ഐ.ഐ.പി.എസ്. അസിസ്റ്റന്റ് പ്രൊഫസർ സൂര്യകാന്ത് യാദവ് അറിയിച്ചു. സ്ത്രീകളിൽ 2019 ൽ 72 വയസ്സും പുരുഷൻമാരിൽ 69.5 വയസ്സുമായിരുന്നു ആയുർദൈർഘ്യം. എന്നാൽ 2020 ൽ ഇത് സ്ത്രീകളിൽ 69.8 വയസ്സും പുരുഷൻമാരിൽ 67.5 വയസ്സുമായെന്നാണ് പഠനത്തിൽ പറയുന്നത്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ ആ കുഞ്ഞിന്റെ മോർട്ടാലിറ്റി പാറ്റേൺ ഭാവിയിലും മാറ്റമില്ലാതെ തുടരുകയാണെങ്കിൽ എത്ര വർഷം ജീവിച്ചിരിക്കുമെന്നതിന്റെ ഏകദേശ കണക്കിനെയാണ് ലൈഫ് എക്സ്പെക്റ്റൻസ് അറ്റ് ബെർത്ത് എന്നു പറയുന്നത്.

പുരുഷൻമാരിൽ കോവിഡ് കൂടുതൽ ബാധിച്ചത് 35-69 പ്രായത്തിൽപ്പെട്ടവരെയാണ്. ഇവരിലെ മരണനിരക്ക് കൂടിയതാണ് ആയുർദൈർഘ്യത്തിൽ കുറവുവരാൻ ഇടയാക്കിയതെന്നാണ് ഗവേഷകരുടെ നിഗമനം.

കോവിഡ് ഇന്ത്യ ആപ്ലിക്കേഷൻ പ്രോഗ്രാം ഇന്റർ ഫേസ്(എ.പി.ഐ.) പോർട്ടൽ ഡാറ്റ, ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് സ്റ്റഡിയിൽ നിന്നുള്ള ഡാറ്റ, എന്നിവ വിശകലനം ചെയ്താണ് ഗവേഷകർ പഠനം നടത്തിയത്. നിലവിൽ രാജ്യത്തെ ജനനസമയത്തെ ആയുർദൈർഘ്യം 2010 ലേതിന് തുല്യമായ അവസ്ഥയാണ്. ഇത് തിരിച്ചുപിടിക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നും ഗവേഷകർ അറിയിച്ചു.

ന്യൂഡൽഹി: എറ്റവും കൂടുതൽ കാലാവസ്ഥ പ്രതിസന്ധി നേരിടുന്ന രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും പാകിസ്താനും ഉൾപ്പെടെ പതിനൊന്ന് രാജ്യങ്ങൾ. അമേരിക്കൻ രഹസ്യ അന്വേഷണ എജൻസിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം ദേശീയ സുരക്ഷയ്ക്ക് എന്ത് പ്രത്യാഘാതമാണ് സൃഷ്ടിക്കുകയെന്ന കാര്യത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഇന്റലിജൻസ് ഏജൻസികളുടെ സമഗ്ര റിപ്പോർട്ട് പുറത്തുവരുന്നത്.

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ആഗോള തലത്തിൽ വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് അമേരിക്ക നൽകുന്ന മുന്നറിയിപ്പ്. ആഗോളതലത്തിൽ അന്തരീക്ഷ താപനില വർദ്ധിക്കാൻ പോലും ഈ രാഷ്ട്രങ്ങൾ കാരണമാകാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കാലാവസ്ഥാ മാറ്റങ്ങൾ നിയന്ത്രിക്കാൻ പുനരുല്പാദിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ളതും,അന്തരീക്ഷ സന്തുലിതാവസ്ഥയെ ബാധിക്കാത്ത തരത്തിലുള്ളതുമായ ഊർജ്ജ ഉറവിടങ്ങളുടെ ഉപയോഗം ഈ രാജ്യങ്ങൾ വർദ്ധിപ്പിക്കണമെന്നാണ് റിപ്പോർട്ടിൽ മുന്നോട്ട് വെയ്ക്കുന്ന നിർദ്ദേശം.

കാലാവസ്ഥ വ്യതിയാനം തുടന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള പതിനൊന്ന് രാഷ്ട്രങ്ങളുടെ ആഭ്യന്തര സുരക്ഷ, ഭക്ഷണം, ജലം, ഊർജ്ജം, ആരോഗ്യം, തുടങ്ങിയ മുഴുവൻ മേഖലകളും പ്രതിസന്ധിലാകും. ജലദൗർലഭ്യം വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായികൊണ്ടിരിക്കുന്ന അതിർത്തി തർക്കങ്ങൾ ഇനിയും വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് വ്യക്തമാക്കുന്നു. ജലസേചനത്തിനായി പാകിസ്താൻ ഉപയോഗിക്കുന്നത് ഇന്ത്യയിൽ നിന്ന് ആരംഭിക്കുന്ന നദികളെയാണ്. എന്നാൽ ഈ നദി തീരങ്ങളിൽ പ്രളയ സാദ്ധ്യത എറെയാണ്. അതുകൊണ്ട് തന്നെ നദിതീര നിവാസികൾക്ക് വേണ്ട മുന്നറിയിപ്പുകൾ നൽകണമെന്നും റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം; കെഎസ്ആർടിസിയുടെ വരുമാന വർദ്ധനവിന് നൂതന ആശയങ്ങൾ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയുടെ കൊല്ലം മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുവാനും ചേർന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിലാണ് അവലോകന യോഗം ചേർന്നത്.

കോവിഡിന് ശേഷം യാത്രക്കാരെ കൂടുതൽ ആകർഷിക്കാൻ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സർവ്വീസുകൾ വിപുലീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മലക്കപ്പാറയിലേക്കുള്ള സർവ്വീസ് വിജയമായത് പോലെ ഗവി, പൊന്മുടി എന്നിവടങ്ങിളിലേക്കും സർവ്വീസുകൾ ആരംഭിക്കും. മോശം പെർഫോമൻസ് നടത്തുന്ന ഡിപ്പോകളിലെ യൂണിറ്റ് അധികാരിക്കെതിരെ കർശന നടപടി സ്വീകരിക്കും. മെച്ചപ്പെടുന്ന ഡിപ്പോയിലുള്ളവർക്ക് റാങ്കിങ് നിശ്ചയിച്ച് അവർക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൗത്ത് സോണിലെ യൂണിറ്റുകളുടെ പ്രവർത്തനങ്ങളും യോഗത്തിൽ വിലയിരുത്തി. ഡൈനാമിക് ഷെഡ്യൂളിങ്, വിദ്യാർത്ഥികളുടെ യാത്രാ സൗകര്യവും, അതിന് വേണ്ടി സ്റ്റുഡൻസ് ബോണ്ട് സർവ്വീസ് നടത്താനുദ്ദേശിക്കുന്ന വിവരങ്ങൾ, ഗ്രാമ വണ്ടി നടത്തിപ്പിനെക്കുറിച്ചുള്ള വിഷയങ്ങൾ, കളക്ഷൻ കുറഞ്ഞ സർവ്വീസുകളുടെ പുനക്രമീകരണം, ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ വാട്ടർ ട്രാൻസ്പോർട്ടുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട വിഷയങ്ങൾ തുടങ്ങിയവയെ കുറിച്ചും യോഗത്തിൽ സംസാരിച്ചു.

ഏറ്റവും നല്ല പെർഫോമൻസിന് ഉള്ള സമ്മാനവും മന്ത്രി യോഗത്തിൽ വിതരണം ചെയ്തു. പാറശ്ശാല ഡിപ്പോയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പൂവാർ ഡിപ്പോ രണ്ടാം സ്ഥാനവും വെള്ളറട ഡിപ്പോ മൂന്നാം സ്ഥാനവും നേടി.

ട്രാൻസ്‌പോർട്ട് സെക്രട്ടറി കൂടിയായ കെ എസ് ആർ ടി സി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐഎഎസ്, കെ എസ് ആർ ടി സിയിലെ ഉന്നത ഉദ്യോഗസ്ഥർ, കൊല്ലം മേഖലയിലെ പ്രധാന ജീവനക്കാർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.

ശ്രീനഗർ: ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മണ്ഡല പുനർനിർണയത്തിനും തെരഞ്ഞെടുപ്പിനും ശേഷമായിരിക്കും സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയെന്ന് അമിത് ഷാ അറിയിച്ചു. അടുത്ത വർഷം പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജമ്മുകശ്മീരിലെ സമാധാനം തകർക്കാൻ ആഗ്രഹിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധതയാണ്. ഇപ്പോൾ ജമ്മു കശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങൾ കുറഞ്ഞു. കല്ലെറിയുന്നത് ഇപ്പോൾ കാണാനില്ല. കർഫ്യൂവും ഇന്റർനെറ്റ് റദ്ദാക്കലും കാരണം കാശ്മീരി യുവാക്കൾ രക്ഷപ്പെട്ടുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കർഫ്യൂ, ഇന്റർനെറ്റ് റദ്ദാക്കൽ എന്നിവയെ ആളുകൾ ചോദ്യം ചെയ്തു. കർഫ്യൂ ഇല്ലായിരുന്നെങ്കിൽ എത്ര ജീവനുകൾ നഷ്ടപ്പെടുമായിരുന്നുവെന്ന് അമിത് ഷാ ചോദിച്ചു.

ജമ്മുകാശ്മീരിൽ 70 വർഷം മൂന്ന് കുടുംബങ്ങൾ ഭരിച്ചു. 40,000 പേർ കശ്മീരിൽ കൊല്ലപ്പെട്ടത് എന്തുകൊണ്ടാണെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

ബംഗളൂരു: നിർബന്ധിത മതപരിവർത്തന നിരോധന നിയമം രൂപീകരിക്കാനൊരുങ്ങി കർണാടക സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം അറിയിച്ചത്. ബിൽ ഉടൻ സഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിർബന്ധിത മതപരിവർത്തനത്തിന് എതിരെ വിഎച്ച്പി, ബജറംഗ് ദൾ പ്രതിഷേധം തുടരുന്നതിനിടെയാണ് കർണാടക സർക്കാരിന്റെ നീക്കം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഹിന്ദു വിഭാഗത്തിലുള്ളവരെ നിർബന്ധിച്ച് ക്രൈസ്തവരായി മതപരിവർത്തനം നടത്തുന്നുവെന്നാണ് ബജറംഗ് ദൾ അടക്കമുള്ള സംഘടനകൾ പറയുന്നത്. ഇതിനെതിരെയാണ് സംഘടനകൾ പ്രതിഷേധം നടത്തുന്നത്.

അതേസമയം കർണാടകയിലെ മുഴുവൻ ക്രിസ്ത്യൻ പള്ളികളുടെയും കണക്കെടുപ്പ് ആരംഭിച്ചു. സഭകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹാളുകളിലും പരിശോധന നടത്താൻ ജില്ലാ പൊലീസ് മേധാവിമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ക്രിസ്ത്യൻ പള്ളികളുടെ കണക്കെടുപ്പ് നടത്താനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നാണ് കാത്തലിക് ബിഷപ്പ് കൗൺസിൽ മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. പള്ളികളുടെ മാത്രം കണക്ക് എടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് കാത്തലിക് ബിഷപ്പ് കൗൺസിൽ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി കൗൺസിൽ സർക്കാരിന് കത്തയക്കുകയും ചെയ്തു.

തിരുവനന്തപുരം: കുഞ്ഞിനെ നഷ്ടപ്പെട്ട സംഭവത്തിൽ അമ്മ അനുപമയ്ക്കും അജിത്തിനുമെതിരെ അജിത്തിന്റെ മുൻ ഭാര്യ നസിയ രംഗത്ത്. അജിത്തിന് വിവാഹമോചനം ലഭിക്കില്ല എന്ന് അറിഞ്ഞതോടെയാണ് അനുപമ കുഞ്ഞിനെ കൈവിട്ടതെന്നാണ് നസിയ പറയുന്നത്. ഒരമ്മയും സ്വന്തം കുഞ്ഞിനെ വിട്ടുകളയാൻ തയ്യാറാകില്ലെന്ന് നസിയ പറഞ്ഞു.

തുടക്കം മുതൽ തന്നെ വിവാഹ മോചനത്തിന് താൻ എതിരായിരുന്നു. വിവാഹ മോചനം ലഭിക്കാതെ അനുപമയെ സ്വന്തമാക്കാൻ സാധിക്കില്ലെന്ന് വ്യക്തമായതോടെ അജിത്ത് നിരന്തരമായി ഭീഷണിപ്പെടുത്തുകയും വീട്ടുകാരെ വരെ വിളിച്ച് അവഹേളിക്കുകയും ചെയ്തുവെന്നും നസിയ ആരോപിച്ചു. കുഞ്ഞിനെയും അജിത്തിനെയുമാണ് വേണ്ടിയിരുന്നതെങ്കിൽ അനുപമ നേരത്തെ തന്നെ വീടുവിട്ട് ഇറങ്ങി പോകേണ്ടതായിരുന്നു. വിവാഹമോചനം ലഭിക്കില്ലെന്ന് തോന്നിയപ്പോൾ അനുപമ വീട്ടിൽ തന്നെ ഇരുന്നു. കുഞ്ഞിനെ വേണമെന്നുണ്ടായിരുന്നുവെങ്കിൽ അതിനെ കൊടുക്കേണ്ട ആവശ്യം വരില്ലായിരുന്നുവെന്നും ഒരമ്മയ്ക്ക് സ്വന്തം ചോരക്കുഞ്ഞിന് ഒരു മണിക്കൂർ പോലും പിരിഞ്ഞിരിക്കാനാകില്ലെന്നും നസിയ വ്യക്തമാക്കി.

2011 ലാണ് അജിത്തിനെ വിവാഹം കഴിച്ചതെന്നും ഒമ്പത് വർഷം ഒന്നിച്ച് ജിവിച്ചുവെന്നും നസിയ പറയുന്നു. സ്‌നേഹത്തോടെയുള്ള ജീവിതമായിരുന്നു ആദ്യമൊക്കെ. അജിത്തിന് അനുപമയുമായുള്ള ബന്ധമാണ് തങ്ങളുടെ ദാമ്പത്യത്തെ ഉലച്ചത്. അജിത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞെങ്കിലും അത് അനുപമ ആയിരുന്നുവെന്ന് വ്യക്തമായിരുന്നില്ല. ആദ്യത്തെ ലോക്ക് ഡൗൺ സമയത്ത് ഗർഭമുണ്ടെന്ന പരിശോധന റിസൾട്ട് കണ്ടു. അതിന് ശേഷം പുലർച്ചെ നാലുമണിക്ക് അനുപമയുടെ മെസേജ് അജിത്തിന് വന്നു. അത് കണ്ടപ്പോഴാണ് അനുപമയെ തിരിച്ചറിഞ്ഞത്. അപ്പോഴും നെടുമങ്ങാടുള്ള ആളാണ് പെൺകുട്ടിയെന്നാണ് തന്നോട് അജിത്ത് പറഞ്ഞത്. അജിത്ത് ജോലി ചെയ്യുന്ന ആശുപത്രിയിൽ ഒപ്പം ജോലി ചെയ്യുന്ന ആളാണെന്നാണ് പറഞ്ഞതെന്നും നസിയ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

അനുപമയുടെ അച്ഛൻ വിളിച്ച് വിവരം തിരക്കിയപ്പോൾ താൻ ഡിവോഴ്‌സിന് സമ്മതിക്കില്ല എന്നാണ് പറഞ്ഞത്. വിവാഹമോചനം നീട്ടിക്കൊണ്ടു പോകാൻ പരമാവധി ശ്രമിച്ചു. പക്ഷെ നിരന്തരമായ പീഡനവും ഭീഷണിയുമായിരുന്നു നേരിടേണ്ടി വന്നതെന്നും അതചിനാലാണ് വിവാഹമോചനം നേടിയതെന്നും നസിയ പറഞ്ഞു. അനുപമയുടെ കുട്ടിയെചൊല്ലി നടക്കുന്നത് മുഴുവൻ കള്ള പ്രചരണമാണ്. അതുകൊണ്ടാണ് ഇപ്പോഴിതെല്ലാം പുറത്തു പറയുന്നത്.

ഇത്രയും നാൾ നിശബ്ദയായിരുന്നത് അജിത്ത് വിളിച്ച് മാപ്പ് ചോദിച്ചിരുന്നതുകൊണ്ടാണ്. എന്നാൽ തന്റെ മൗനം മുതലെടുക്കുകയാണ് അജിത്ത് ചെയ്തത്. അതിനെല്ലാം തെളിവുണ്ടെന്നും നസിയ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴി ലക്ഷദ്വീപിന് സമീപം സ്ഥിതിചെയ്യുന്നതിനാൽ ഒക്ടോബർ 23 നും ഒക്ടോബർ 24 നും സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

തുലാവർഷത്തിന് മുന്നോടിയായി, ബംഗാൾ ഉൾക്കടലിലും ദക്ഷിണേന്ത്യയിലും വടക്ക് കിഴക്കൻ കാറ്റിന്റെ വരവിന്റെ ഫലമായി ഒക്ടോബർ 25 മുതൽ 27 വരെ ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിച്ചു. ഒക്ടോബർ 26 ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, വയനാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി. മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ

  • കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ട്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്.

വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.

  • ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലെക്ട്രിക്ക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത്.
  • ചുമരിലോ മറ്റോ ചാരി വെച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്.
  • കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.
  • ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നംബറിൽ) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അവർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്.
  • തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ച് കൊണ്ട് റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കേണ്ടതാണ്.
  • കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. തകരാർ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെ എസ് ഇ ബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക.
  • പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്നപക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.
  • കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്നേ ഉറപ്പ് വരുത്തുക.
  • നിർമ്മാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി വെച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണം.
  • അടുത്ത 3 മണിക്കൂറിൽ മഴയും ഇടിമിന്നലും ഉണ്ടാകാനിടയുള്ള ജില്ലകളുടെ പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ mausam.imd.gov.in/thiruvananthapuram/ എന്ന വെബ്സൈറ്റിൽ കൃത്യമായ ഇടവേളകളിൽ അപ്ഡേറ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ്ഗ നിർദേശങ്ങൾ കർശനമായി പിന്തുടരുക.

ന്യൂഡൽഹി: കുഞ്ഞിനെ അമ്മയിൽ നിന്നും തട്ടിയെടുത്ത വിഷയത്തിൽ പ്രതികരണവുമായി സിപിഎം വനിതാ നേതാവ് ബൃന്ദാ കാരാട്ട്. ഏത് സാഹചര്യത്തിലാണെങ്കിലും നടന്നത് മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും അനുമപയ്ക്കും കുട്ടിയെ ദത്തെടുത്ത അമ്മയ്ക്കും ഇത് ദുഖകരമാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. അനുപമയ്ക്ക് കുട്ടിയെ തിരിച്ചു കിട്ടണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനെ അറിയിച്ചിട്ടും ബന്ധപ്പെട്ടവരാരും ഇടപെടാത്തതിലുള്ള പ്രതിഷേധവും ബൃന്ദാകാരാട്ട് അറിയിച്ചു. മനുഷ്യത്വരഹിതമായ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചതാരെന്ന ചോദ്യമാണ് ബൃന്ദ കാരാട്ട് മുന്നോട്ട് വെയ്ക്കുന്നത്. താൻ തോറ്റു പോയെന്ന പി കെ ശ്രീമതിയുടെ തുറന്ന് പറച്ചിലിന് പിന്നാലെയാണ് ബൃന്ദാ കാരാട്ടിന്റെ പ്രതികരണം. വിഷയത്തിൽ സിപിഎം സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയുമാണ് ബൃന്ദ കാരാട്ട് പ്രതിസ്ഥാനത്ത് നിർത്തുന്നത്.

അനുപമയുടെ പരാതി കിട്ടിയയുടൻ ബൃന്ദാകാരാട്ട് വിഷയത്തിലിടപെടാൻ പികെ ശ്രീമതിയെ ചുമതലപ്പെടുത്തിയിരുന്നു. പൊലീസ് കേസെടുത്തിട്ടില്ലെന്നറിഞ്ഞതോടെ ഇത് ഗൗരവമായ വിഷയമാണെന്നും അനുപമയ്ക്ക് നീതി കൊടുക്കണമെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനോട് പി കെ ശ്രീമതി നേരിട്ടാവശ്യപ്പെടുകയും ചെയ്തിരുന്നു.

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കനത്ത മഞ്ഞുവീഴ്ച്ച. ഉത്തരാഖണ്ഡിലെ ലാംഖാഗ പാസ് മേഖലയിൽ ഉണ്ടായ മഞ്ഞുവീഴ്ച്ചയിൽ പതിനേഴ് പർവതാരോഹകരെ കാണാതായി. വ്യോമസേനയുടെ നേതൃത്വത്തിൽ കാണാതായ പർവതാരോഹകർക്ക് വേണ്ടി തെരച്ചിൽ നടത്തുന്നുണ്ട്. 11 മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഉത്തരാഖണ്ഡിലെ ഹർസിലിനേയും ഹിമാചൽ പ്രദേശിലെ കിനാനൂർ ജില്ലയേയും തമ്മിൽ ബന്ധിപ്പിക്കുന്ന അപകടകരമായ പാതയാണ് ലാംഖാഗ പാസ്. സമുദ്രനിരപ്പിൽ നിന്ന് 17000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന മേഖലയാണിത്. ഇവിടെ ട്രെക്കിങ് നടത്താനെത്തിയതായിരുന്നു പർവതാരോഹകരുടെ സംഘം. ഒക്ടോബർ 18 നാണ് ഇവർക്ക് വഴിതെറ്റിയത്. കാണാതായവരിൽ യാത്രികരും ഗൈഡുകളും പോർട്ടർമാരും ഉൾപ്പെടുന്നുവെന്നാണ് വിവരം.

ഒക്ടോബർ 20 നാണ് യാത്രികരെ കാണാതായെന്ന വിവരം അധികൃതർക്ക് ലഭിച്ചത്. തുടർന്ന് വ്യോമസേന അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറുകൾ ഉപയോഗിച്ച് ഹർസിലിലെത്തി തെരച്ചിൽ ആരംഭിച്ചു. എൻഡിആർഎഫ്, ഐടിബിപി, അസ്സം റൈഫിൾസ് തുടങ്ങിയ സേനകളും തെരച്ചിൽ നടത്തുന്നുണ്ട്.