അജിത്തിന് വിവാഹമോചനം ലഭിക്കില്ല എന്ന് അറിഞ്ഞതോടെയാണ് അനുപമ കുഞ്ഞിനെ കൈവിട്ടത്; അനുപമക്കെതിരെ അജിത്തിന്റെ മുൻ ഭാര്യ

തിരുവനന്തപുരം: കുഞ്ഞിനെ നഷ്ടപ്പെട്ട സംഭവത്തിൽ അമ്മ അനുപമയ്ക്കും അജിത്തിനുമെതിരെ അജിത്തിന്റെ മുൻ ഭാര്യ നസിയ രംഗത്ത്. അജിത്തിന് വിവാഹമോചനം ലഭിക്കില്ല എന്ന് അറിഞ്ഞതോടെയാണ് അനുപമ കുഞ്ഞിനെ കൈവിട്ടതെന്നാണ് നസിയ പറയുന്നത്. ഒരമ്മയും സ്വന്തം കുഞ്ഞിനെ വിട്ടുകളയാൻ തയ്യാറാകില്ലെന്ന് നസിയ പറഞ്ഞു.

തുടക്കം മുതൽ തന്നെ വിവാഹ മോചനത്തിന് താൻ എതിരായിരുന്നു. വിവാഹ മോചനം ലഭിക്കാതെ അനുപമയെ സ്വന്തമാക്കാൻ സാധിക്കില്ലെന്ന് വ്യക്തമായതോടെ അജിത്ത് നിരന്തരമായി ഭീഷണിപ്പെടുത്തുകയും വീട്ടുകാരെ വരെ വിളിച്ച് അവഹേളിക്കുകയും ചെയ്തുവെന്നും നസിയ ആരോപിച്ചു. കുഞ്ഞിനെയും അജിത്തിനെയുമാണ് വേണ്ടിയിരുന്നതെങ്കിൽ അനുപമ നേരത്തെ തന്നെ വീടുവിട്ട് ഇറങ്ങി പോകേണ്ടതായിരുന്നു. വിവാഹമോചനം ലഭിക്കില്ലെന്ന് തോന്നിയപ്പോൾ അനുപമ വീട്ടിൽ തന്നെ ഇരുന്നു. കുഞ്ഞിനെ വേണമെന്നുണ്ടായിരുന്നുവെങ്കിൽ അതിനെ കൊടുക്കേണ്ട ആവശ്യം വരില്ലായിരുന്നുവെന്നും ഒരമ്മയ്ക്ക് സ്വന്തം ചോരക്കുഞ്ഞിന് ഒരു മണിക്കൂർ പോലും പിരിഞ്ഞിരിക്കാനാകില്ലെന്നും നസിയ വ്യക്തമാക്കി.

2011 ലാണ് അജിത്തിനെ വിവാഹം കഴിച്ചതെന്നും ഒമ്പത് വർഷം ഒന്നിച്ച് ജിവിച്ചുവെന്നും നസിയ പറയുന്നു. സ്‌നേഹത്തോടെയുള്ള ജീവിതമായിരുന്നു ആദ്യമൊക്കെ. അജിത്തിന് അനുപമയുമായുള്ള ബന്ധമാണ് തങ്ങളുടെ ദാമ്പത്യത്തെ ഉലച്ചത്. അജിത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞെങ്കിലും അത് അനുപമ ആയിരുന്നുവെന്ന് വ്യക്തമായിരുന്നില്ല. ആദ്യത്തെ ലോക്ക് ഡൗൺ സമയത്ത് ഗർഭമുണ്ടെന്ന പരിശോധന റിസൾട്ട് കണ്ടു. അതിന് ശേഷം പുലർച്ചെ നാലുമണിക്ക് അനുപമയുടെ മെസേജ് അജിത്തിന് വന്നു. അത് കണ്ടപ്പോഴാണ് അനുപമയെ തിരിച്ചറിഞ്ഞത്. അപ്പോഴും നെടുമങ്ങാടുള്ള ആളാണ് പെൺകുട്ടിയെന്നാണ് തന്നോട് അജിത്ത് പറഞ്ഞത്. അജിത്ത് ജോലി ചെയ്യുന്ന ആശുപത്രിയിൽ ഒപ്പം ജോലി ചെയ്യുന്ന ആളാണെന്നാണ് പറഞ്ഞതെന്നും നസിയ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

അനുപമയുടെ അച്ഛൻ വിളിച്ച് വിവരം തിരക്കിയപ്പോൾ താൻ ഡിവോഴ്‌സിന് സമ്മതിക്കില്ല എന്നാണ് പറഞ്ഞത്. വിവാഹമോചനം നീട്ടിക്കൊണ്ടു പോകാൻ പരമാവധി ശ്രമിച്ചു. പക്ഷെ നിരന്തരമായ പീഡനവും ഭീഷണിയുമായിരുന്നു നേരിടേണ്ടി വന്നതെന്നും അതചിനാലാണ് വിവാഹമോചനം നേടിയതെന്നും നസിയ പറഞ്ഞു. അനുപമയുടെ കുട്ടിയെചൊല്ലി നടക്കുന്നത് മുഴുവൻ കള്ള പ്രചരണമാണ്. അതുകൊണ്ടാണ് ഇപ്പോഴിതെല്ലാം പുറത്തു പറയുന്നത്.

ഇത്രയും നാൾ നിശബ്ദയായിരുന്നത് അജിത്ത് വിളിച്ച് മാപ്പ് ചോദിച്ചിരുന്നതുകൊണ്ടാണ്. എന്നാൽ തന്റെ മൗനം മുതലെടുക്കുകയാണ് അജിത്ത് ചെയ്തത്. അതിനെല്ലാം തെളിവുണ്ടെന്നും നസിയ കൂട്ടിച്ചേർത്തു.